ഒരു­ സഭ കൂ­ടി­ കൂ­ടു­ന്പോൾ...


പ്രദീപ് പുറവങ്കര

മനുഷ്യന്റെ നിരന്തരമായ അന്വേഷണത്തിന്റെ നേർചിത്രമാണ് അവൻ നടത്തികൊണ്ടിരിക്കുന്ന യാത്രകൾ. ഒരു ദേശത്തിന്റെ അതിർത്തിവരന്പുകളിൽ ഒതുങ്ങി നിൽക്കാതെ പുതിയ നാടുകളെ തേടിയുള്ള യാത്രകളാണ് ഒരു മനുഷ്യനെ സംസ്കരിച്ചെടുക്കുന്നതും. ആ അർത്ഥത്തിൽ പ്രവാസം എന്ന വാക്കിന് വലിയ മാനങ്ങളുമുണ്ട്. കാരണങ്ങൾ പലതായാലും ഒരു സമൂഹത്തിന്റെ പലയിടങ്ങളിലേയ്ക്കുമുള്ള ചേക്കേറലാണ് പ്രവാസം. പ്രവാസത്തെ മാറ്റി നിർത്തി ഒരു ചരിത്രമുണ്ടാക്കാനും സാധ്യമല്ല. അതുകൊണ്ട് തന്നെ ഒരുതരത്തിൽ പറഞ്ഞാൽ പ്രവാസികൾ ഒരു നാടിന്റെ ചരിത്രകാരന്മാർ കൂടി ആണ്. കേരളം ഇത്തരം ചരിത്രകാരൻമാരുടെ നാടാണ്. നാടിന്റെ കഴിഞ്ഞ അറുപതു കൊല്ലത്തെ ചരിത്രം പരിശോധിച്ചാൽ നമ്മുടെ സാമൂഹിക സാന്പത്തിക സാംസ്കാരിക രംഗങ്ങളിൽ പ്രവാസികളുടെ പ്രഭാവം ഇല്ലാത്ത ഒരു മേഖലയുമില്ല എന്ന് ബോധ്യപ്പെടും. മുൻകാലങ്ങളിലെപ്രവാസികളെക്കാൾ ഏറെ സ്വതന്ത്രരും യാഥാർത്ഥ്യങ്ങളെ കൂടുതൽ ഉൾക്കൊള്ളുന്നവരുമാണ് ഇന്നത്തെ പ്രവാസികൾ. നിരവധി സാംസ്കാരിക, സാമൂഹിക സംഘടനകൾ പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമ സേവനങ്ങൾക്കുമായി ഇന്ന് പ്രവർ‍ത്തിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ എല്ലാ സംസ്ഥാനങ്ങളിലും, ലോകത്തിലെ മിക്ക രാജ്യങ്ങളിലും കേരളീയരുടെ സംഘടനകൾ സജീവമാണ്. മുന്പ് പ്രവാസകേരളത്തെ അകറ്റി നിർത്താനുള്ള പ്രധാന ഘടകം ദൂരവും സമയവും ആയിരുന്നു. ഇന്ന് ഈ രണ്ട് പ്രശ്നങ്ങളും അതിവേഗം അപ്രത്യക്ഷമായികൊണ്ടിരിക്കയാണ്. സാങ്കേതിക വിദ്യകളുടെ വളർച്ച അതിന് സഹായകരമാകുന്നു.

ഇങ്ങിനെ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും സഞ്ചരിക്കുകയും, അവന്റേതായ അസ്ഥിത്വം കാത്തുസൂക്ഷിച്ചു കൊണ്ട് പോകുന്ന സ്ഥലത്തൊക്കെ അവന്റെ കാൽപ്പാടുകൾ ആഴത്തിൽ പതിപ്പിക്കുകയും ചെയ്ത മലയാളികളുടെ ഒരു പൊതു ഇടം എന്ന നിലയ്ക്കാണ് കേരള ലോകസഭ എന്ന പേരിൽ ഒരു സമ്മേളനം ജനവരി 12, 13 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നത്. മാറി വരുന്ന ലോക സാഹചര്യങ്ങളിൽ കേരളത്തിന്റെ അടിസ്ഥാന വികസനം മുതൽ അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ വരെ ഏറെ ഇടപെടാൻ സാധിക്കുന്നവരാണ് പ്രവാസികളെന്നും അവർക്ക് ഒരു ജനാധിപത്യ ഇടം നൽകേണ്ടത് അനിവാര്യമാണെന്നും സർക്കാർ തിരിച്ചറിഞ്ഞത് തന്നെ വലിയ കാര്യമായി കാണാം. പ്രവാസികൾക്ക് കേരളത്തിന്‍റെ പ്രവർത്തനങ്ങളിൽ അർഹിക്കുന്ന പങ്കാളിത്തം ഇതുവരെ ലഭിച്ചിട്ടില്ല എന്നതൊരു വസ്തുതയാണ്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കുള്ള സുപ്രധാന ഇടപെടൽ ആയി ലോക കേരള സഭ മാറും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം പ്രവാസി പ്രതിനിധ്യത്തിനു ഒരു സഭ രൂപീകരിക്കുന്നത്. പ്രവാസികളുടെ ആശയങ്ങൾ, പ്രശ്നങ്ങൾ, പദ്ധതികൾ ഇവയെല്ലാം ചർച്ച ചെയ്യാനൊരിടം ഒപ്പം പ്രവാസത്തിന്റെ സാധ്യതകൾ ഉപയോഗിക്കാനും ബോധപൂർവായ പരിശ്രമം ആവശ്യമാണ്. സുപ്രധാനമായ ഈ രണ്ട് ദൗത്യവും ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലാണ് ലോക കേരള സഭയുടെ നടപടിക്രമം വിഭാവനം ചെയ്യുന്നത്. പതിവ് പൊതുയോഗവും, പരസ്പരം പ്രശംസിക്കലും അല്ലാതെ പിരിഞ്ഞുപോകുകയല്ല, മറിച്ച് പ്രധാന വിഷയങ്ങളിലുള്ള ആഴത്തിലുള്ള ചർ‍ച്ചയും, സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാൻ ഉതകുന്ന ഒരു വേദിയും കൂടി ആയി ലോക കേരളസഭ മാറട്ടെ എന്നാഗ്രഹത്തോടെ... 

You might also like

  • Lulu Exchange
  • Straight Forward

Most Viewed