ഉരുൾ പൊട്ടുന്പോൾ...
പ്രദീപ് പുറവങ്കര
കഴിഞ്ഞ കുറേ ദിവസങ്ങളായി ബഹ്റൈനിൽ ഏറ്റവുമധികം കാണപ്പെടുന്നത് ഇവിടുത്തെ കറൻസിയായ ദിനാറല്ല. മറിച്ച് സൗദി റിയാലാണ്. ചെറുകിട മേഖലയിലൂടെയാണ് സൗദി റിയാലുകൾ ഏറ്റവുമധികം വിതരണം ചെയ്യപ്പെടുന്നത്. ബഹ്റൈനിൽ സൗദി റിയാലുകൾ നിരോധിച്ചിട്ടൊന്നുമില്ലെങ്കിലും എന്തു കൊണ്ടായിരിക്കണം ഈ വർദ്ധനവ് എന്നതിനെ പറ്റി പ്രാഥമികമായ ഒരന്വേഷണം നടത്തിയപ്പോൾ സമീപകാലത്ത് സൗദി അറേബ്യയിൽ നടന്നു വരുന്ന പരിഷ്കരണ നടപടികൾ തന്നെയാണ് ഇതിന്റെയും കാരണമെന്ന് മനസിലാക്കാൻ സാധിച്ചു.
സൗദി അറേബ്യയിൽ മലയാളികളടക്കമുള്ള നിരവധി പേർ ബിനാമി രീതിയിലാണ് ഇത്രയും കാലം അവരുടെ കച്ചവടം ചെയ്ത് വന്നിരുന്നത്. അതിൽ ശതകോടീശ്വരൻമാർ മുതൽ സാധാരണ ബക്കാല നടത്തിവരുന്നവർ വരെ ഉൾപ്പെടും. അവിടെയുള്ള സ്വദേശികളെ പേരിന് മാത്രം സ്പോൺസറായി വെച്ച് കൊണ്ട് പല തരത്തിലുള്ള അനധികൃതമായ ബിസിനസുകളിൽ ഏർപ്പെട്ടിരുന്നവർ ഏറെയായിരുന്നു. സൗദി അറേബ്യയിൽ പുതിയ കിരീടവകാശി ചുമതലയേറ്റത് മുതൽക്കാണ് ഇവരുടെ കഷ്ടകാലം തുടങ്ങിയത്. ഇവർ ചെയ്ത പല തെറ്റായ കാര്യങ്ങൾ കാരണം പല സ്പോൺസർമാരും ഇന്ന് അഴികൾക്കുള്ളിലാണ്. വിദേശികളായ ചിലരും ഇതോടൊപ്പം ശിക്ഷിക്കപ്പെടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹവും ശക്തമാണ്.
ബിനാമി ബിസിനസ്സുകൾ നടത്തുന്ന വിദേശികൾക്കും ഇതിന് കൂട്ടു നിൽക്കുന്ന സൗദി സ്വദേശികൾക്കും രണ്ട് വർഷം വരെ തടവും, പത്ത് ലക്ഷം റിയാൽ വരെ പിഴ ശിക്ഷയുമാണ് ലഭിക്കുക. സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും, കമേർഷ്യൽ ലൈസൻസ് റദ്ദാക്കുകയും, അതേ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സ്വദേശികൾക്ക് അഞ്ച് വർഷത്തെ വിലക്കും ഏർപ്പെടുത്തും. ഇതോടൊപ്പം നിയമലംഘകരുടെ പേരുവിവരങ്ങളും അവർ നടത്തിയ നിയമലംഘനങ്ങളും, ശിക്ഷകളും പ്രദേശിക പത്രങ്ങളിൽ പരസ്യപ്പെടുത്താനും ഇവിടെ നടപ്പിലാക്കിയ അഴിമതി നിരോധന നിയമങ്ങൾ അനുശാസിക്കുന്നു. ബിനാമി ബിസിനസ്സുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഈടാകുന്ന പിഴയുടെ മുപ്പത് ശതമാനം പാരിതോഷികമായും നൽകുന്നുണ്ട്. ഇത്രയും കർശനമായ നിയമങ്ങൾ നടപ്പിലാക്കുന്ന സാഹചര്യത്തിൽ അവിടെ നിന്നു പലരും ഇന്ന് ബഹ്റൈനിലേയ്ക്കാണ് ഓടിവരുന്നത്. ഏത് രീതിയിലായാലും അവിടെ ഉണ്ടാക്കിയ സന്പാദ്യം നഷ്ടപ്പെടരുതെന്ന ആഗ്രഹത്തോടെ കൈയിലുള്ള റിയാലുകളുമായി ഇവിടെ പലതരം കച്ചവടങ്ങളിൽ അവർ തങ്ങളുടെ പണം നിക്ഷേപിക്കുന്നു. സമീപകാലത്ത് ബഹ്റൈനിൽ നിരവധി സൂപ്പർ മാർക്കറ്റുകളും, മൊബൈൽ കടകളും, ബാർ ഹോട്ടലുകളും ഒക്കെ ആരംഭിച്ചത് സൗദി അറേബ്യയിൽ നിന്നും വന്ന അനധികൃത പണമുപയോഗിച്ചാണെന്നത് പരസ്യമായ രഹസ്യമാണ്. അതേസമയം ബഹ്റൈനിൽ ഇപ്പോൾ അഴിമതിക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളാനുള്ള നടപടികൾ സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്. ബഹ്റൈൻ സെൻട്രൽ ബാങ്കും നിരവധി പേരെ പണമിടപാടുകളുമായി ബന്ധപ്പെട്ട് നിരീക്ഷിച്ചു വരികയാണ്. എന്തായാലും പുതുവർഷത്തിൽ സൗദി അറേബ്യയിൽ വാറ്റ് വരുന്നതോടെ സാന്പത്തിക മേഖലയിലെ ഈ ഉരുൾപൊട്ടലിൽ എത്ര പേർക്ക് പരിക്കേൽക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു !!