പ്രതീ­ക്ഷ നൽ­കു­ന്ന സന്ദേ­ശം...


പ്രദീപ് പുറവങ്കര

ക്രിസ്തുമസ് കഴിഞ്ഞ് രണ്ട് നാളുകളായിരിക്കുന്നു. ഇനി പുതുവർഷത്തിലേയ്ക്കുള്ള കാത്തിരിപ്പാണ്. ഓരോ ക്രിസ്തുമസിനും പണ്ടൊക്കെ നമ്മെ തേടിവരാറുള്ളതും നമ്മൾ അയച്ചു കൊടുക്കാറുമുള്ള കാര്യമായിരുന്നു മനോഹരമായ ഗ്രീറ്റിങ്ങ് കാർഡുകൾ. ഇന്ന് ആ ആശംസകളൊക്കെ നമ്മുടെ ഫോണിന്റെ ഗാലറിയിൽ തിങ്ങി നിറഞ്ഞിരിക്കുന്നു. അത് ഒന്ന് തുറന്ന് നോക്കാൻ പോലും സമയമില്ലാതെ എല്ലാം ഒന്നിച്ച് ഡിലീറ്റ് ചെയ്യുകയാണ് മിക്കവരുടെയും പതിവ്. ഇത്തരം സന്ദേശങ്ങളെ മാറ്റിവെച്ചാൽ ഇത്തവണ ഏറ്റവും നല്ല ക്രിസ്തുമസ് സന്ദേശമായി ഇപ്പോൾ പ്രചിരിക്കുന്നത് ആഗോള കാത്തോലിക്കാ സഭയുടെ അധിപനായ പോപ്പ് ഫ്രാൻസിസിന്റേതാണ്.  ലോകത്തെ അശാന്തിയിലേയ്ക്കും യുദ്ധത്തിലേയ്ക്കും നയിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വികലമായ നയങ്ങൾക്ക് എതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 

ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം പശ്ചിമേഷ്യൻ സംഘർഷത്തിന് വഴിവെച്ചതായി പോപ് ഫ്രാൻ‍‍സിസ് തുറന്ന് പറഞ്ഞു. ഇസ്രയേൽ പലസ്തീൻ സംഘർ‍ഷം രണ്ട് രാജ്യങ്ങളെന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ടേ പരിഹരിക്കാനാവൂ എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കുന്പോൾ അത് ലോക ജനതയുടെ തന്നെ ആവശ്യമായിട്ടാണ് കാണേണ്ടത്. പരസ്പരം അംഗീകരിക്കുന്ന രാഷ്ട്രാന്തര അതിർത്തികളിലൂടെ മാത്രമേ സമാധാനപരമായ സഹവർത്തിത്വം സാധ്യമാവൂ എന്ന യാഥാർത്ഥ്യത്തെയാണ് പോപ്പ് തന്റെ സന്ദേശത്തിൽ തുറന്ന് പറഞ്ഞത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ 120 രാജ്യങ്ങളാണ് ജെറുസലേം സംബന്ധിച്ച നിലപാട് പുനഃപരിശോധിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടത്. ആ ആവശ്യത്തിന് ധാർമ്മികമായ കരുത്തുപകരുന്ന നിലപാടുകളാണ് പോപ് ഫ്രാൻ‍സിസ് ക്രിസ്തുമസ് സന്ദേശത്തിലൂടെ ആവർത്തിച്ചിരിക്കുന്നത്. ഇതോടൊപ്പം മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികളെ യാഥാർഥ്യബോധത്തോടെ അഭിസംബോധന ചെയ്യാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. എല്ലായിടത്തും നിലനിൽക്കുന്ന യുദ്ധാന്തരീക്ഷത്തെപ്പറ്റിയും അത് മനുഷ്യരാശിക്ക് നൽ‍കുന്ന സംഘർഷത്തെയും സമ്മർദ്ദത്തെയും പരാമർശിച്ച പോപ്പ് കാലഹരണപ്പെട്ട വികസന മാതൃക മനുഷ്യനെയും സമൂഹത്തെയും പരിസ്ഥിതിയേയും തകർ‍ച്ചയിലേക്കാണ് നയിക്കുന്നതെന്നും ഓർമിപ്പിക്കുന്നു. സിറിയയിലേയും ഇറാഖിലേയും വിസ്മരിക്കപ്പെട്ട ബാല്യങ്ങളെയും മാനുഷിക ദുരന്തങ്ങളെയും അനുസ്മരിക്കുന്ന പോപ്പ് അന്നാടുകളിലെ കുഞ്ഞുങ്ങളുടെ മുഖത്ത് ശിശുവായ യേശുദേവനെ തന്നെ ദർ‍ശിക്കാനാണ് ക്രിസ്ത്യൻ മതവിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തത്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഇറാഖിലും യമനിലും കുഞ്ഞുങ്ങളടക്കമുളളവർ‍ അഭിമുഖീകരിക്കുന്ന അതീവഗുരുതരമായ മാനുഷികപ്രതിസന്ധിയും പട്ടിണിയും രോഗപീഡകളും പോപ്പ് തന്റെ സന്ദേശത്തിൽ ഹൃദയസ്പൃക്കായി പരാമർശിക്കുന്നു. നടമാടുന്ന ഭരണനയവെകല്യങ്ങളെയും അതിന്റെ ഫലമായി ഉണ്ടാകുന്ന മാനവദുരന്തങ്ങളെയും വിമർശിക്കാനും തുറന്നു കാട്ടാനും ക്രിസ്തുമസ് എന്ന ആഗോള ഉത്സവത്തെ അദ്ദേഹം പ്രയോജനപ്പെടുത്തിയതെന്നത് ഒരിക്കലും യാദൃശ്ചികമല്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...

You might also like

  • Lulu Exchange
  • Straight Forward

Most Viewed