മൂ­ടൽ മഞ്‍‍ഞ് പടരു­ന്പോൾ...


പ്രദീപ് പുറവങ്കര

രാവിലെ ഓഫീസിലേയ്ക്ക് വരുന്പോഴായിരുന്നു ദുബൈയിലുള്ള സുഹൃത്തിന്റെ കാൾ വന്നത്. കനത്ത മൂടൽ മഞ്‍ഞ് കാരണം ട്രാഫിക്കിൽ പെട്ടു കിടക്കുയായിരുന്നു കക്ഷി. തണുപ്പ് തുടങ്ങിയാൽ പിന്നെ റോഡിൽ വാഹനമോടിക്കുന്നവർക്ക്് ഗൾഫിലെ പുലർകാലങ്ങൾ ഇങ്ങിനെയാണ്. മുന്പിലെ വാഹനം പോലും തിരിച്ചറിയാൻ പറ്റാത്ത ബുദ്ധിമുട്ടാണ് അപ്പോൾ ഉണ്ടാകുന്നത്. ഇത് മുന്നിൽ കണ്ട് ട്രാഫിക് അധികൃതർ ചില നിർദേശങ്ങൾ തരും. അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും, ഹസാർ‍ഡ് ലൈറ്റ് ഇടണമെന്നും, ഓവർ ടേക്കിംഗ് പാടില്ലെന്നുമൊക്കെയാകും അത്തരം നിർദേശങ്ങൾ. സത്യത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ഗൾഫിൽ ജീവിക്കുന്നവർക്ക് അവരുടെ ജീവിത യാത്രയിലും ഈ നിർദേശങ്ങൾ ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. കാരണം മുന്പത്തെ പോലെ തെളിഞ്ഞ ഒരു അന്തരീക്ഷത്തിൽ അല്ല ഇന്ന് ഈ മേഖല മുന്പോട്ട് പോകുന്നത്. തൊട്ട് മുന്പിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന കാര്യം പ്രവചിക്കാൻ പറ്റാതെ ഒരു അനിശ്ചിതാവസ്ഥ മിക്ക മേഖലകളിലും നിലനിൽക്കുന്നു. 

ഈ ഒരു നിൽപ്പ് അങ്ങിനെ തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം രണ്ട് മൂന്ന് വർഷങ്ങളാകുന്നു. ഈ വർഷം അവസാനിക്കുന്പോൾ മിക്ക ഗൾഫ് രാജ്യങ്ങളും പ്രധാനപ്പെട്ട ഒരു തീരുമാനത്തിന്റെ വക്കിലാണ് നിൽക്കുന്നത്. അത് നികുതി എന്ന തീരുമാനമാണ്. ഇത്രയും കാലം അങ്ങിനെയൊരു ഏർപ്പാട് ഇവിടെയുള്ള സ്വദേശികളോ വിദേശികളോ ശീലിച്ചിട്ടില്ല. വരുന്ന ജനുവരി ഒന്ന് മുതൽ വാറ്റ് എന്ന പേരിൽ സാധനങ്ങൾക്ക് അധികമായി ഒരു നികുതി ദുബൈയും, സൗദിയും അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഈടാക്കുന്പോൾ മുകൾ തട്ടിലെ ബിസിനസ്, കോർപ്പറേറ്റ് ധനാഢ്യമാർ മുതൽ താഴെ തട്ടിലെ ലേബർ ക്യാന്പിൽ കഴിയുന്ന അത്താഴ പട്ടിണിക്കാരന്റെ വരെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ആ മാറ്റങ്ങൾ വരുത്തുന്ന അലയൊലികളെ ഏറെ ആശങ്കയോടെയും അതു പോലെ തന്നെ പ്രതീക്ഷകളോടെയും കാത്തിരിക്കുന്നത് കേവലം ഇവിടെ ജീവിക്കുന്നവർ മാത്രമല്ല. മറിച്ച് ജീവിതത്തിന്റെ മരുപ്പച്ചയും തേടി യാത്ര ചെയ്യാൻ ഇറങ്ങി പുറപ്പെട്ടവരുടെ നാട്ടിലുള്ള പ്രിയപ്പെട്ടവർ കൂടിയാണ്. സൗദി അറേബ്യയിൽ തുടർന്നു വരുന്ന പരിഷ്കാരങ്ങൾ ബഹ്റൈനിലെ ജനജീവിതത്തെ എങ്ങിനെയാണ് ബാധിക്കുക എന്ന ആശങ്കയും പടരുന്നുണ്ട്. സൗദി അറേബ്യയിൽ അനുവദനീയമല്ലാതിരുന്ന പലതും ബഹ്റൈനിൽ അനുവദിക്കപ്പെട്ടത് കാരണം ഇവിടെ ധാരാളം സൗദി സ്വദേശികൾ വന്നു കൊണ്ടിരുന്നത് ഇല്ലാതാകുമോ എന്നതാണ് പ്രധാന ഭയം. ഇങ്ങിനെ ധാരാളം ആശങ്കകളും അനിശ്ചിതാവസ്ഥയും നിലനിൽക്കുന്നെന്നത് യാത്ഥാർത്ഥ്യമാണ്. 

എന്തായാലും പ്രവാസത്തിന്റെ കാലവും മുഖവും മാറുക തന്നെയാണ്. മാറ്റത്തെ അതുപോലെ തിരിച്ചറിയാനും, സ്വീകരിക്കാനും സാധിച്ചില്ലെങ്കിൽ കാലം നമ്മെ തന്നെ മാറ്റിമറിക്കുമെന്നതാണ് ചരിത്രം. മഞ്ഞുകാലത്ത് ചെയ്യുന്നത് പോലെ ജീവിതമെന്ന വാഹനം പതിയെ ശ്രദ്ധയോടെ ഓടിക്കുക, ആരെയും ഓവർടേക്ക് ചെയ്യാതിരിക്കുക, പറ്റുമെങ്കിൽ ഹസാർഡ് ലൈറ്റും ഇടുക. ഈ കാലവും കഴിഞ്ഞു പോകും എന്ന് മാത്രം തിരിച്ചറിയുക..!!!

You might also like

Most Viewed