ശൈത്യവും ആഘോഷങ്ങളും...
പ്രദീപ് പുറവങ്കര
തണുപ്പ് കാലം തുടങ്ങിയാൽ പകൽ സമയത്തിന്റെ ദൈർഘ്യം കുറയും. കാലാവസ്ഥയിലെ ഈ മാറ്റം മനുഷ്യമനസിനെയും ശരീരത്തെയും ഒരു പോലെ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഹൈപ്പൊത്തലാമസ് എന്ന മനുഷ്യശരീരരത്തിലെ ഗ്രന്ഥിയിൽ കാലാവസ്ഥാ മാറ്റങ്ങൾക്ക് അനുസരിച്ച് സംഭവിക്കുന്ന മാറ്റങ്ങളാണത്രെ ഇത്തരം വ്യതിയാനങ്ങൾക്ക് കാരണമാകുന്നത്. സൂര്യപ്രകാശത്തിന്റെ തീഷ്ണത കുറയുന്നതും, ഭക്ഷണത്തിന്റെ അളവ് കൂടുന്നതും കാരണം ഒരു തരം ഡിപ്രഷൻ ശൈത്യകാലത്ത് അനുഭവപ്പെടും. തണുപ്പ് സ്ഥിരമായി നിലനിൽക്കുന്ന ഇടങ്ങളിൽ ഇത്തരം അവസ്ഥ സാധാരണയാണെന്ന് പലരും പറയാറുണ്ട്. നമ്മുടെ നാട്ടിലും മകരമാസത്തിന്റെ കുളിരിൽ പുതച്ചുമൂടി കിടന്നു ചിന്തകളെ അലസമായി മേയാൻ വിട്ട് ഒടുവിൽ വല്ലാത്തൊരു ശോകഭാവം കൊണ്ട് മനസ് വിഷമിക്കാറുള്ള രീതി പലരിലും കണ്ടുവരാറുള്ളത് ചിലപ്പോൾ ഇതേ കാരണം കൊണ്ടാകാം. ശൈത്യകാലം ഇങ്ങിനെ മനസിനെ വല്ലാതെ നൊന്പരപ്പെടുത്തുന്പോഴാണ് ക്രിസ്തുമസ് അടക്കമുള്ള ആഘോഷങ്ങൾ നമ്മുടെ മുന്പിലെത്തുന്നത്. ഈ കാലത്ത് വീടിന് മുന്പിൽ കത്തിച്ച് വെച്ച നക്ഷത്ര വിളക്കുകളും, തോരണങ്ങളും, വീടിനകത്ത് പ്രകാശം ചൊരിയുന്ന ക്രിസ്തുമസ് ട്രീയും ഒക്കെ സത്യത്തിൽ ശൈത്യം സമ്മാനിക്കുന്ന ഡിപ്രഷൻ കുറയ്്ക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. രാത്രിയിൽ പുതച്ച് മൂടി കിടക്കാൻ ഒരുങ്ങുന്പോൾ കരോൾ ഗാനവും പാടി, വാദ്യോപകരണങ്ങൾ കൊണ്ട് സംഗീതം പൊഴിച്ച് കടന്നുവരുന്നവരും നമ്മുടെ മനസിനെ ഉൻമേഷവാൻമാരാക്കുന്നു. എന്തിനും ഏതിനുമെന്നത് പോലെ നമ്മുടെ ജീവിതവും ചാക്രികമായിട്ടാണ് സഞ്ചരിക്കുന്നത്. ഒരു വർഷം കടന്നു വരുന്പോൾ പ്രതീക്ഷകളാണ് കടന്നുവരുന്നത്. വർഷാവസാനം നമ്മുടെ മനസിൽ ആ വർഷം നൽകിയ ദുരിതങ്ങളുടെ കണക്കെടുപ്പാണ് കൂടുതലും നടക്കാറുള്ളത്. പുതിയ വർഷം അതു കൊണ്ട് തന്നെ പ്രതീക്ഷകളുടേതാകുന്നു.
പുതുവർഷമെത്തുന്പോൾ റെസലൂഷനുകളെ പറ്റി ചിന്തിക്കുന്നവരാണ് നമ്മളിൽ മിക്കവരും. സത്യത്തിൽ ഈ നേരത്ത് ഇത്തരം ചിന്തകൾ മനസിൽ വെച്ചാൽ മാത്രം പോര. മറിച്ച് ഒരു വെള്ള കടലാസിൽ പ്രിയപ്പെട്ട ഒരു സുഹൃത്തിന് എഴുതുന്നത് പോലെ എഴുതി വെക്കുക. കുറഞ്ഞത് ഒരു അഞ്ച് വർഷത്തേക്കെങ്കിലുമുള്ള പദ്ധതികൾ വേണം എഴുതാൻ. അഞ്ച് വർഷം കഴിഞ്ഞ് ആ കത്ത് പൊട്ടിച്ചു വായിക്കുന്പോൾ ലഭിക്കുന്ന സന്തോഷം വളരെ വലുതായിരിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. നമ്മുടെ സ്വപ്നങ്ങൾ വാക്കുകളായി എഴുതിവെച്ചാൽ അത് മറക്കില്ലെന്നും നമ്മൾ പോലുമറിയാതെ നമ്മുടെ മനസും ബുദ്ധിയും ആ ലക്ഷ്യപ്രാപ്‍തിക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടേയിരിക്കുമെന്നാണ് ഇവരുടെ സാക്ഷ്യം. കൂടി പോയാൽ ഒരു നൂറ് വർഷം ജീവിച്ച് മരിക്കേണ്ടവരാണ് നമ്മൾ മനുഷ്യരെന്നു കൂടി ചിന്തിച്ചു തുടങ്ങിയാൽ പിന്നെ കാര്യങ്ങൾ വളരെ എളുപ്പമാകും. ഓരോ ദിവസും ഓരോ പുതിയ സൗഹൃദങ്ങളാകട്ടെ ലക്ഷ്യം. അവരുടെ കൂടെയുള്ള നിമിഷങ്ങൾക്ക് മരണമുണ്ടാകില്ല. അവ നിത്യവും നിലനിൽക്കുകയും ചെയ്യും. രണ്ടായിരത്തിൽ പരം വർഷങ്ങൾക്ക് മുന്പ് ബെത്ലഹേമിലെ കാലിതൊഴുത്തിൽ പിറന്ന യേശുദേവനെ ഓർക്കുന്നതും ആ മഹാമനസ്കത കൊണ്ട് തന്നെ.. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.. നന്മ വളരട്ടെ...