ഒരു­ അഴി­മതി­ കുംഭകോ­ണം കൂ­ടി­ തേ­ഞ്ഞു­മാ­യു­ന്പോൾ..


പ്രദീപ് പുറവങ്കര

ജനാധിപത്യ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ പേരിൽ ഏറ്റവുമധികം ആരോപണങ്ങൾ ഉണ്ടാക്കാറുള്ളത് അഴിമതിയുടെ പേരിലാണ്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വന്തം വ്യക്തിതാത്പര്യങ്ങൾ സംരക്ഷിക്കുന്പോഴും, സന്പത്ത് കൈയടക്കി വെക്കുന്പോഴും ആണ് അഴിമതിക്കാരൻ എന്ന ദുഷ്പേര് ഒരു നേതാവിന്റെ മുകളിൽ ആരോപിക്കപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി എന്ന് വിശേഷിക്കപ്പെട്ടിരുന്ന ഒരു കേസിലെ കുറ്റാരോപിതർ ഒന്നൊഴിയാതെ എല്ലാവരും ഇന്നലെ കുറ്റവിമുക്തരായ സാഹചര്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. കുറ്റം ആരോപിക്കപ്പെട്ടവർക്കെതിരെ ഏതെങ്കിലും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടതായി സ്‌പെഷൽ ജഡ്ജ് ഒ പി സയ്‌നി തന്റെ വിധിന്യായത്തിൽ വ്യക്തമാക്കുകയും ചെയ്തു. 

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ യുപിഎ സർക്കാർ നടത്തിയെന്ന് ആരോപിക്കുന്ന ടുജി സ്പെക്ട്രം അഴിമതി ഉൾപ്പടെയുള്ള കാര്യങ്ങൾ ആയിരുന്നു ബിജെപി നയിച്ച എൻ‍ഡിഎ മുന്നണിയുടെ മുഖ്യ പ്രചരാണായുധം. ആ ആയുധത്തിന്റെ മുനയാണ് ഇപ്പോൾ ഈ വിധിയിലൂടെ  ഒടിഞ്ഞിരിക്കുന്നത്.  അതുകൊണ്ട് തന്നെ ആരോപണം ഉന്നയിച്ച നരേദ്രമോഡി മുതൽ കേസ് അന്വേഷണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച സിബിഐ, 2 ജി കുംഭകോണം പുറത്തു കൊണ്ടുവന്ന അന്നത്തെ സിഎജി വിനോദ്‌റായി എന്നിവർക്ക് തെളിയിക്കാൻ സാധിക്കാത്ത ഒരാരോപണം നടത്തിയതിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. 1.76 ലക്ഷം കോടി രൂപ രാജ്യത്തിന് നഷ്ടമുണ്ടാക്കിയതായിട്ടാണ് അന്ന് വിനോദ് റായി രാജ്യത്തെ ജനങ്ങളോട് പറഞ്ഞത്. ഇന്ന് ആ പ്രമാദമായ കേസ് കോടതി തള്ളികളയുന്പോൾ പൊതുജനത്തിന് സ്വാഭവികമായും ഉന്നത നീതിപീഠത്തെ വിശ്വസിച്ചേ മതിയാകൂ. നീതിപീഠത്തിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് യഥാർത്ഥത്തിൽ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ, കോർപ്പറേറ്റ്, സിബിഐ ഗൂഢാലോചന കാരണമാണെന്നും മനസിലാക്കണം. സിബിഐയുടെ മുതിർ‍ന്ന പ്രോസിക്യൂട്ടർമാർ കേസിലെ സുപ്രധാന ഘട്ടങ്ങളിൽ കോടതിയിൽ ഹാജരായിട്ടില്ല.  സിബിഐയുടെ ഉന്നത ഉദ്യോഗസ്ഥരുടെയും അവസ്ഥ ഇതു തന്നെ.  അഴിമതി ആരോപണങ്ങളുടെ മറവിൽ വേണ്ടപ്പെട്ടവർക്ക് അധികാരം എന്നത് മാത്രം ലക്ഷ്യമാക്കിയായിരുന്നു ഇവരുടെ പ്രവർത്തനമെന്നും കരുതേണ്ടിയിരിക്കുന്നു. 

എ രാജയും കനിമൊഴിയുമടക്കം ഡിഎംകെയുടെ പ്രമുഖ നേതാക്കളും കോർ‍പ്പറേറ്റ് പ്രതിനിധികളുമാണ് ഇപ്പോൾ സ്വതന്ത്രരായിരിക്കുന്നത്. അഴിമതിയുടെ പേരിൽ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളോ കോർപ്പറേറ്റ് ഭീമന്മാരോ രാജ്യത്ത് ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്ന് ഇത്രയും വലിയ ആരോപണം അട്ടിമറിച്ചതിലൂടെ സർക്കാർ ഉറപ്പുവരുത്തിയിരിക്കുന്നു. അധികാരവും പണവും കയ്യാളുന്നവർക്ക് യഥേഷ്ടം രാജ്യത്തെ നിർഭയം കൊള്ളയടിക്കുന്നത് തുടരാമെന്നാണ് 2ജി സ്‌പെക്ട്രം വിധി തെളിയിക്കുന്നത്. ഭരണകൂടത്തിന്റെ ദാസ്യ വേല ചെയ്യുന്നവരായി മാത്രം അന്വേഷണ ഏജൻ‍സികൾ മാറുന്പോൾ കോടതികൾ പോലും നിസഹായരാവുന്ന അവസ്ഥയാണ്  ഇവിടെ തുറന്നുകാട്ടപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed