ജനങ്ങൾ­ക്കൊ­പ്പം തന്നെ­യാ­കണം നേ­താ­വ്...


പ്രദീപ് പുറവങ്കര

“സാർ ഒരു ഫോട്ടോ എടുത്തോട്ടെ”... ചോദ്യത്തിന് മുന്പിൽ ചിരിച്ചു കൊണ്ട് യാതൊരു വൈഷമ്യവും പ്രകടിപ്പിക്കാതെ തന്റെ മുന്പിലുണ്ടായിരുന്ന ഓരോ ആളുടെയും ഒപ്പം ഫോട്ടോ എടുക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയെന്ന ജനകീയനായ മുൻ മുഖ്യമന്ത്രിയെ ഇന്ന് രാവിലെ ബഹ്റൈനിൽ വെച്ച് കണ്ടപ്പോൾ തോന്നിയ ഒരു കാര്യം, ഈ ഒരു തുറന്ന സമീപനം തന്നെയാകണം അദ്ദേഹത്തെ പല പ്രശ്നങ്ങളിലും, വയ്യാവേലികളിലും കൊണ്ടെത്തിച്ചിരിക്കുക എന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുജനങ്ങൾക്ക് കാണാനായി തുറന്ന് നൽകിയത് മുതൽ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയ ജനകീയ സന്പർക്ക പരിപാടി വരെയുള്ള കാര്യങ്ങളിൽ ഇത്തരം ഒരു നിലപാട് എടുത്താണ് കേരളത്തിലെ വിരലിൽ എണ്ണാവുന്ന ജനകീയ നേതാക്കളിൽ പ്രധാനിയായ ഉമ്മൻ ചാണ്ടിയെ ഇന്നും വേർതിരിച്ച് നിർത്തുന്ന പ്രധാന ഘടകം. അദ്ദേഹത്തിനെതിരെ വന്ന ഏറ്റവും ശക്തമായ ആരോപണം സോളാറുമായി ബന്ധപ്പെട്ടാണ്. മാറ്റാരാണെങ്കിലും ഇതിൽ തളർന്ന് വീഴുമായിരുന്നു. എന്നാൽ ഇപ്പോഴും ഈ വിവാദങ്ങളെയൊന്നും വകവെയ്ക്കാതെ അനുയായികളുടെ ഒപ്പം ഉമ്മൻ ചാണ്ടി എന്നൊരു നേതാവ് സഞ്ചരിക്കുന്നുവെങ്കിൽ അതിൽ ഒരു പ്രത്യേകതയുണ്ട് എന്ന് പറയാതെ വയ്യ. കൗശലക്കാരനായ ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ബ്രാൻഡ് ചെയ്തിരുന്ന സാഹചര്യത്തിൽ നിന്ന് മാറി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ കേരളത്തിലെ പരിപാടികളിൽ ഏറ്റവുമധികം ആളുകളെ ആകർഷിക്കാൻ സാധിക്കുന്ന ക്രൗഡ് പുള്ളർ ഇന്നും എ.കെ ആന്റണി കഴിഞ്ഞാൽ ഉമ്മൻ ചാണ്ടി തന്നെയാണ്. പ്രവാസലോകത്തും സ്ഥിതി മറിച്ചല്ല. ഇവിടെ  വരുന്ന പല നേതാക്കളും കേവലം ഒന്നോ രണ്ടോചടങ്ങുകളിൽ അവരുെട സന്ദർശനം ഒതുക്കി ബാക്കിയുള്ള നേരം അവരുടെ സ്വകാര്യ  വിനോദപരിപാടികൾക്കായി മാറ്റി വെയ്ക്കുന്പോൾ   എഴുപ്പത്തിനാലുകാരനായ ഉമ്മൻചാണ്ടി സ്വീകരണ ചടങ്ങുകളിൽ ഓടിനടന്ന് ഇപ്പോഴും പങ്കെടുക്കുന്നു. തന്റെ കൂടെയുള്ളവരാണ് തനിക്ക് ഊർജ്ജം പകരുന്നതെന്ന് അദ്ദേഹം പറയുന്നതും ഇതേ കാരണം കൊണ്ടാവണം. രണ്ട് ദിവസത്തെ ബഹ്റൈൻ സന്ദർശനത്തിൽ മുപ്പതോളം പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. 

രാഷ്ട്രീയത്തിൽ നേതാവ് എന്ന് പറഞ്ഞാൽ അനാവശ്യ ധാർഷ്ട്യവും മുഷ്ക്കും കാണിക്കാത്തവനാകണം. തന്റെ നിലപാടുകൾ സ്ഥാപിക്കാൻ ഉറച്ച തീരുമാനങ്ങളെടുക്കുന്പോൾ തന്നെ പരാതികൾ പറയാൻ വരുന്നവന്റെ കണ്ണീരൊപ്പാനുള്ള ഹൃ−ദയനൈർമ്മല്യവും പൊതുപ്രവർത്തകർക്ക് ആവശ്യമാണ്. ഒരു കാര്യം പറയാനോ എന്തെങ്കിലും പരാതിപ്പെടാനോ ആഗ്രഹിക്കുന്നവർക്ക് അങ്ങിനെ ചെയ്യാതിരിക്കാനുള്ള ആശങ്കകൾ നേതാക്കൾ  ഉണ്ടാകരുത്. ഭയമോ, ഭക്തിയോ അല്ല ഒരു നേതാവിനോട് അനുയായിക്ക് വേണ്ടത് മറിച്ച് ഒരു സുഹൃത്തിനോട് എന്ന രീതിയിലുള്ള വികാരമാണ്. ശ്രീ ഉമ്മൻ ചാണ്ടിക്ക് ഈ ഗുണങ്ങൾ ധാരാളമായി ഉണ്ട് എന്ന് അദ്ദേഹത്തെ എതിർക്കുന്നവർ പോലും സമ്മതിക്കുമെന്ന് തോന്നുന്നു. പാർട്ടി ഭേദമന്യേ ജനകീയരായ നമ്മുടെ എല്ലാ നേതാക്കൾക്കും ഇത്തരം നല്ല ഗുണങ്ങൾ ഉണ്ട്. അങ്ങിനെയുള്ള ധാരാളം പേർ ഇനിയും പൊതുപ്രവർത്തനങ്ങൾക്കായി കേരളത്തിന്റെ രാഷ്ട്രീയഭൂമികയിലേയ്ക്ക് കടന്ന് വരട്ടെ എന്നാഗ്രഹിച്ചുകൊണ്ട്...

You might also like

Most Viewed