വ്യാ­ജന്മാ­രെ­ സൂ­ക്ഷി­ക്കു­ക


പ്രദീപ് പുറവങ്കര

പ്രവാസ ലോകത്തേയ്ക്ക് കാലെടുത്തുവെക്കുന്നവരിൽ വലിയൊരു വിഭാഗം പലപ്പോഴും ചെയ്തു പോകുന്ന ഒരു അബദ്ധമാണ് വ്യാജ സർട്ടിഫിക്കേറ്റ് വല്ലവിധേനെയും ഉണ്ടാക്കി വെക്കുക എന്നത്. ഇവിടെ വന്നാൽ ഈ സർട്ടിഫിക്കേറ്റുകൾ ഉപയോഗിച്ച് ലഭിക്കുന്ന ജോലി സാദ്ധ്യത തന്നെയാണ് മിക്കവരെയും ഈ തെറ്റായ നടപടിക്ക് പ്രേരിപ്പിക്കുന്നത്. സാങ്കേതിക വിദ്യകൾ ഇത്രമാത്രം സജീവമാകാത്ത അക്കാലത്ത് ഇത്തരം സർട്ടിഫിക്കറ്റുകളുടെ പരിശോധനയും ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ ഏറെ മാറിയിരിക്കുന്നു. വിരൽതുന്പിൽ തന്നെ ആർക്കും ആരുടെയും വിദ്യാഭ്യാസ യോഗ്യതകളുടെ ഗുണമേന്മ പരിശോധിക്കാൻ സാധിക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ മാറി മറഞ്ഞിരിക്കുന്നു.

ഗൾഫ് നാടുകളിൽ വലിയ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇന്ന് വ്യാജ സർട്ടിഫിക്കേറ്റ് നിർമിതി. യുഎഇയിൽ ഈ വർഷം ആദ്യം മുതൽ ഇത്തരം പ്രവർത്തികൾക്ക് നേരെ കർശനമായ നിയമമാണ് നടപ്പിലാക്കി വരുന്നത്. പത്ത് വർഷത്തെ കഠിനതടവാണ് ഇവിടെ ശിക്ഷ.  അതുപോലെ തന്നെ ഔദ്യോഗിക രേഖകളുടെ ഫോട്ടോ കോപ്പിയെടുത്ത് മാറ്റം വരുത്തുന്നവർ‍ക്ക് അഞ്ച് വർഷം വരെയും തടവുശിക്ഷ ലഭിക്കും. യുഎഇയിൽ വ്യാജ സർട്ടിഫിക്കേറ്റ് നൽകി ജോലി നേടാൻ ശ്രമിക്കുന്നതിന് ഏറ്റവുമധികം പിടിക്കപ്പെടുന്നത് ഏഷ്യൻ വംശജരാണ്. ഇവിടെ കഴിഞ്ഞ ആറ് മാസത്തിനിടെ വ്യാജ രേഖാ കേസുകളിൽ 40 ശതമാനവും തട്ടിപ്പ് വിദ്യാഭ്യാസ സർ‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ടാണെന്ന് അധികൃതർ‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട സർ‍ട്ടിഫിക്കറ്റുകൾ വ്യാജമായി സമർപ്പിക്കുന്ന കേസുകളാണ് ഇതിൽ ഭൂരിപക്ഷം. എന്തിന്റെ ഡ്യൂപ്ലിക്കേറ്റ് വേണമെങ്കിലും ഉണ്ടാക്കി കിട്ടുന്ന ഈ കാലത്ത് വ്യാജ സർ‍ട്ടിഫിക്കറ്റുകൾ ഒപ്പിച്ചു ജോലിനേടാം എന്ന് കരുതി ഗൾഫിലേയ്ക്ക് യാത്രതിരിക്കുന്നവർ ഇത്തരം നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രത്യേകിച്ച് ഉപരിപഠന മേഖലയിൽ പ്രവർത്തിക്കുന്ന പലരും നൽകി വരുന്ന സർട്ടിഫിക്കേറ്റുകൾക്ക് എത്ര മാത്രം വാല്യൂ ഉണ്ടെന്ന കാര്യവും മിക്കവരും ശ്രദ്ധിക്കാറില്ല. പണം തന്നാൽ സർട്ടിഫിക്കേറ്റുകൾ നൽകാമെന്ന ഓഫറിൽ വളരെ പെട്ടന്ന് വീണുപോകുന്നവരാണ് മിക്കവരും. സർട്ടിഫിക്കേറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവ്വകലാശാലകൾക്ക് അംഗീകാരമുണ്ടോയെന്ന് പോലും മിക്കവരും നോക്കാറില്ല. സമീപകാലത്ത് ബഹ്റൈനിൽ ഒരു സ്ഥാപനം ഇത്തരത്തിൽ വ്യാജമായി ബിഎഡ് കോഴ്സിന്റെ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തത് ഓർക്കുന്നു. ചില സ്കൂളുകളുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് പലരും ഇവിടെ ചെന്ന് വ്യാജ സർട്ടിഫിക്കേറ്റിനായി പണം നൽകി കുടങ്ങിയത്. ഫോട്ടോ കോപ്പി മെഷീനുപയോഗിച്ച് കൺമുന്പിൽ തന്നെ സർട്ടിഫിക്കേറ്റുകൾ അടിച്ചു നൽകുന്ന രീതിയായിരുന്നുവത്രെ ഇവിടെ ഉണ്ടായിരുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്താൻ അംഗീകാരമുള്ള അപൂർവ്വം സ്ഥാപനങ്ങൾ മാത്രമേ ഗൾഫ് രാജ്യങ്ങളിൽ ഉള്ളൂ. ബാക്കിയുള്ള മിക്കതും ട്യൂഷൻ സെന്ററുകൾ നടത്താൻ മാത്രം അംഗീകാരമുള്ള ഇടങ്ങളാണ്. ഇത് മനസ്സിലാക്കാതെയാണ് ഈയാംപാറ്റകളെ പോലും പലരും വ്യാജൻമാരുടെ കൈയിൽ പെട്ടുപോകുന്നുതെന്ന് മാത്രം ഇവിടെ ഓർമ്മിപ്പിക്കട്ടെ..!!

You might also like

Most Viewed