കണക്കി­ലെ­ന്തി­രി­ക്കു­ന്നു­ കാ­ര്യം...


പ്രദീപ് പുറവങ്കര

പ്രവാസികളെ ബാധിക്കുന്ന ഒരു കണക്ക് ഇന്ന് പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് ജീവിക്കുന്ന ഇന്ത്യകാരുടെ കണക്കാണത്. തൊഴിൽപരമായും അല്ലാതെയും വിദേശത്തേയ്ക്ക് കുടിയേറിയ രാജ്യങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനമാണ് നേടിയിരിക്കുന്നത്. ലോകജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യ ഈ സ്ഥാനത്ത് എത്തുന്നതിൽ അത്ഭുതമൊന്നുമില്ല. കണക്ക് പ്രകാരം 1.66 കോടി ഇന്ത്യക്കാരാണത്രെ വിവിധ രാജ്യങ്ങളിൽ പ്രവാസികളായി ജീവിക്കുന്നത്. ഇതിൽ പകുതി പേർ അതായത് എൺപ്പതിമൂന്ന് ലക്ഷത്തോളം പേർ ഗൾഫ് നാടുകളിലാണ് ഉള്ളത്. ഐക്യരാഷ്ട്ര സഭയുടേതാണ് പുതിയ കണക്കുകൾ. 2000ത്തിലാണ് ഇതിന് മുന്പ് ഒരു കണക്കെടുപ്പ് ഉണ്ടായത്. അന്ന് 79.8 ലക്ഷമായിരുന്നു ഇന്ത്യൻ കുടിയേറ്റക്കാർ. അതാണ് ഇരട്ടിയിലധികമായി മാറിയത്. ഇന്ത്യ കഴിഞ്ഞാൽ മെക്സിക്കോ 1.30 കോടി കുടിയേറ്റക്കാരുമായി രണ്ടാം സ്ഥാനത്തുണ്ട്. അവരിൽ മിക്കവരും തൊഴിൽ തേടി കുടിയേറിയവരും ഒപ്പം അഭയാർത്ഥികളുമാണ്്. 

ഗൾഫ് നാടുകളിൽ ഏറ്റവുമധികം ഇന്ത്യക്കാരുള്ളത് യുഎഇയിൽ ആണത്രെ. 33.1 ലക്ഷം ഇന്ത്യൻ പ്രവാസികളാണ് ഇവിടെ ജീവിതം നയിക്കുന്നത്. 2000−ത്തിൽ ഇത് വെറും 9,78,992 പേരായിരുന്നു. അതായത് ഏകദേശം മൂന്നര ഇരട്ടി വർദ്ധനവ് ആണ് 17 വർഷം കൊണ്ട് ഇവിടെയുണ്ടായിരിക്കുന്നത്. 23 ലക്ഷം പേർ അമേരിക്കയിലും, സൗദി അറേബ്യയിൽ 22.7 ലക്ഷവും ഒമാനിൽ 12 ലക്ഷവും കുവൈത്തിൽ‍ 11.6 ലക്ഷം പ്രവാസികളുമാണ് ഉള്ളത്. മറ്റുരാജ്യങ്ങളിലാകെയായി 52 ലക്ഷം ഇന്ത്യക്കാരും ജീവിക്കുന്നു. ഇതിൽ എത്ര മാത്രം ശരിയുണ്ടെന്ന് അറിയില്ലെങ്കിലും ഏകദേശ കണക്ക് ഇതു പോലെ തന്നെയായിരിക്കുമെന്ന് കരുതാം. 

പ്രവാസം എന്നത് മിക്കവരും തിരഞ്ഞെടുക്കുന്നതല്ല. മറിച്ച് സാഹചര്യങ്ങളുടെ സമ്മർദ്ധങ്ങളാണ് പലപ്പോഴും ജന്മനാട് വിട്ട് മറ്റൊരു നാട്ടിലേയ്ക്ക് പറിച്ച് നടാൻ നമ്മെ പ്രേരിപ്പിക്കുന്നത്. വലിയൊരു ശതമാനം പേർ സാന്പത്തിക നേട്ടം ഉദ്ദേശിച്ചു തന്നെയാണ് ഇത്തരമൊരു ജീവിതം തിരഞ്ഞെടുക്കുന്നത്. സ്വന്തം നാട്ടിൽ നല്ല വരുമാനമുണ്ടാക്കാൻ സാധിക്കുമെങ്കിൽ, ആഗ്രഹിക്കുന്ന ജീവിത സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഇതിൽ മിക്കവരും പ്രവാസികൾ ആകില്ല തന്നെ. കേരളത്തിൽ നിന്നുള്ളവരായിരിക്കണം ഇന്ത്യൻ പ്രവാസികളിൽ ഭൂരിഭാഗവും. കടൽ കടക്കാനും പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്താനും മലയാളിക്ക് എന്നും തിടുക്കമാണ്. പോകുന്നിടത്തൊക്കെ മലയാളി അവന്റെ കൈയൊപ്പ് ചാർത്തുകയും ചെയ്യുന്നു. കേരളത്തിന്റെ മിക്കയിടങ്ങളിലും ഗൾഫിന്റെ അത്തർ മണം പരക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അതിൽ തന്നെ ഏറ്റവുമധികം ഉള്ളത് മലബാറിലാണ്. അവിടെ ഓരോ വീട്ടിലും ഉണ്ടാകും ഒരു ഗൾഫുകാരൻ. അവന്റെ അദ്ധ്വാനമാണ് ആ വീടിന്റെയും, നാടിന്റെയും സാന്പത്തികവളർച്ചയ്ക്ക് കാരണമായി തീരുന്നത്. എന്നാൽ കാര്യങ്ങൾ പതിയെ മാറി വരികയാണ്. വിദേശ വാസത്തിന്റെ നല്ല കാലം തീർന്നുകൊണ്ടിരിക്കുന്നു. മുണ്ട് മുറുക്കി ഉടക്കുന്നവർക്ക് മാത്രം പിടിച്ച് നിൽക്കാൻ സാധിക്കുന്നു. അല്ലാത്തവർ പതിയെ നാട്ടിലേയ്ക്ക് തിരികെ യാത്രയും കാത്തിരിക്കുന്നു. പക്ഷെ നാട്ടിലെത്തിയാൽ എന്താകും ഗതിയെന്ന് അവർക്കും അറിയില്ല. വിദേശനാണ്യം ഏറ്റുവാങ്ങാൻ കൈ രണ്ടും നീട്ടിയിരിക്കുന്ന സർക്കാറിനും ആശ്വസിപ്പിക്കാൻ ഒരു ഉത്തരമില്ല.  നാട് കാണാൻ വരുന്ന മന്ത്രി പുംഗവൻമാരെ പൊന്നാട അണിയിച്ച് എതിരേൽക്കുന്പോഴും തന്റെയുള്ളിൽ ഈ സംശയം പുകയാത്ത ഒരു പ്രവാസിയും കാണില്ല, തീർച്ച!!

You might also like

Most Viewed