ജനാധിപത്യത്തിലെ ഉത്സവ സീസൺ...
പ്രദീപ് പുറവങ്കര
രാജ്യം കാത്തിരുന്ന മറ്റൊരു തിരഞ്ഞെടുപ്പ് ഫലം കൂടി പുറത്ത് വന്നിരിക്കുന്നു. ബിജെപി തങ്ങളുടെ ശക്തിദുർഗ്ഗങ്ങളിലൊന്നായ ഗുജറാത്ത് നിലനിർത്തുകയും, അതു പോലെ കോൺഗ്രസ്സ് ഭരിച്ച് വന്നിരുന്ന ഹിമാചൽ പ്രദേശ് പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തട്ടകമായ ഗുജറാത്ത് കൈവിട്ടുപോകുമോ എന്ന ഭീതിയെ അതിജീവിക്കാൻ സാധിച്ചതിന്റെ സന്തോഷവും ആഹ്ലാദവും ബിജെപി അനുകൂലികളിലുണ്ടാകുന്നത് വളരെ സ്വാഭാവികവും അവർ അർഹിക്കുന്നതുമാണ്. അതോടൊപ്പം നരേന്ദ്ര മോദിയുടെ മാജിക് ഇനിയും അപ്രത്യക്ഷമായിട്ടില്ല എന്ന കാര്യവും ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം വിളിച്ചുപറയുന്നുണ്ട്. ഭരണവിരുദ്ധ വികാരവും ശക്തമായ പ്രതിപക്ഷ ഐക്യവും മറികടന്നാണ് ബിജെപി ഗുജറാത്തിൽ ഭരണം നിലനിർത്തിയതെന്നത് ചെറിയ കാര്യമല്ല. ഗുജറാത്തിൽ ഭരണം നഷ്ടപ്പെട്ടിരുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മോദിക്ക് ഒഴിഞ്ഞുമാറാനാവുമായിരുന്നില്ല. ഇങ്ങിനെ വലിയ വെല്ലുവിളികളെ ഉത്തരവാദിത്വത്തോടെ നേരിടുകയും, അതോടൊപ്പം അതിനെ അതിജീവിക്കുകയും ചെയ്യുന്നത് കൊണ്ടാണ് നരേന്ദ്ര മോഡി എന്ന നേതാവ് ശ്രദ്ധേയനാകുന്നത്. അതേസമയം മുന്പ് കോൺഗ്രസിൽ ഇന്ദിരാ ഗാന്ധി എങ്ങിനെയായിരുന്നോ അതേ രീതിയാണ് മോദിയും സ്വീകരിക്കുന്നത്. മറ്റ് നേതാക്കളെയൊക്കെ പിന്നില്ലാക്കി ബഹുദൂരം മുന്പിലോട്ട് തനിയെ യാത്ര ചെയ്യുന്ന മോഡിയുടെ ഈ രീതി തന്നെയാകും ഒരു ജനാധിപത്യ പാർട്ടിയെന്ന നിലയിൽ ബിജെപിക്ക് ഭാവിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുക എന്നതാണ് നിരീക്ഷകരുടെ അഭിപ്രായം.
ബിജെപി നേടിയ വിജയങ്ങളെ അഭിനന്ദിക്കുന്പോൾ തന്നെ രാഹുൽ ഗാന്ധി എന്ന നേതാവ് പതിയെ പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നുവെന്നും തിരിച്ചറിയേണ്ടതുണ്ട്. മുന്പ് മിക്കവരും പരിഹാസത്തോടെ നോക്കി കണ്ട രാഹുൽ ഗാന്ധി അല്ല ഇന്നുള്ളത് എന്ന കാര്യം യാത്ഥാർത്ഥ്യമാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെയും, രാഹുൽ ഗാന്ധിയുടെയും ‘ഭാവി’യും നിർണ്ണയിക്കുന്ന പരീക്ഷണം തന്നെയായിരുന്നു ഗുജറാത്ത് തിരഞ്ഞെടുപ്പ്. സമീപകാല രാഷ്ട്രീയത്തിൽ രാഹുലിന് ലഭിച്ച ഏറ്റവും മികച്ച കളരിയായിരുന്നു ഗുജറാത്ത് തിരഞ്ഞെടുപ്പ്. ജനവിധിയിൽ ബിജെപിയും മോദിയും ചിരിക്കുന്പോഴും പരാജയത്തിൽ സാന്നിദ്ധ്യമാകാൻ രാഹുലിന് ഇവിടെ കഴിഞ്ഞിട്ടുണ്ട്. ജനഹൃദയങ്ങളിലേയ്ക്ക് കയറി ചെല്ലാൻ മോഡി ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും രാഹലും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. രാഹുലിനെ എതിരാളിയായി കണക്കാക്കാൻ പോലും ഇഷ്ടപ്പെടാതിരുന്ന ബിജെപിക്ക് ആ സമീപനത്തിൽ നിന്നും മാറേണ്ടി വന്നു എന്നതും ഈ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രമാണ്.
ജനാധിപത്യം എന്നത് ജനങ്ങളുടെ അവകാശങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാനുള്ള മഹത്തായ ഒരു സംവിധാനമാണ്. പതിറ്റാണ്ടുകളായി ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന തരത്തിൽ ജനാധിപത്യം പൂക്കുകയും, തളിർക്കുകയും ചെയ്യുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. അവിടെ ഓരോ തെരഞ്ഞെടുപ്പ് വേളകളും ജനാധിപത്യത്തിന്റെ ഉത്സവനേരമാണ്. അവിടെ പരാജയങ്ങളും വിജയങ്ങളും ഉണ്ടാകും. പുതിയ മുഖങ്ങൾ കടന്നുവരികയും, പഴയ മുഖങ്ങൾ വിസ്മൃതിയിലേയ്ക്ക് ആണ്ടുപോവുകയും ചെയ്യും. ഓരോ തവണയും ഈ മഹോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് ഇത് തീരുന്പോൾ തിരിച്ചറിവുകളാണ് ഉണ്ടാവേണ്ടത്. അതുണ്ടാകട്ടെ എന്ന പ്രതീക്ഷയോടെ...