താളുകൾ മറിയുന്പോൾ...
പ്രദീപ് പുറവങ്കര
കലണ്ടർ താളുകളിലെ ഒടുവിലാനാണ് ഡിസംബർ. ജീവിതനിമിഷങ്ങളെ മണിക്കൂറുകളുടെയും ദിവസങ്ങളുടെയും കണക്ക് പുസ്തകത്തിൽ അളന്ന് അവയെ കലണ്ടർ താളുകളിൽ ഇങ്ങിനെ ഒതുക്കിനിർത്തുന്പോൾ ഈ നിമിഷങ്ങൾ വിരസമാകാതിരിക്കാൻ ചില ദിവസങ്ങളുടെ മുകളിൽ ആഘോഷങ്ങളും, ചടങ്ങുകളും ചാർത്തികൊടുക്കുന്നു. ഓരോ പുതുവർഷവും കടന്നുവരുന്പോൾ ചിലതൊക്കെ പുതുതായി ആരംഭിക്കാനും, ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള റെസല്യൂഷൻസ് അഥവാ തീരുമാനങ്ങളെ പറ്റി ചിന്തിച്ച് തുടങ്ങും. സ്ഥിരമായി പോകുന്ന വഴിയിൽ നിന്ന് മാറി സഞ്ചരിക്കാനും പലപ്പോഴും പുതുവർഷം നമ്മെ പ്രേരിപ്പിക്കുന്നു. ജീവിതത്തിൽ പല തരം യാത്രകൾ നടത്തുന്നവരാണ് നാം. അത് സ്ഥലങ്ങളിൽ നിന്ന് സ്ഥലങ്ങളിലേയ്ക്ക് മാത്രമല്ല. മറിച്ച് ഇന്ന് കൈവശമുള്ള ജീവിതത്തെ കൈപിടിച്ച് നടത്തികൊണ്ടു പോകാൻ, കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്ന ജീവിതത്തെ കൂടുതൽ പഠിക്കാൻ, ആ ജീവിതത്തിൽ നിന്ന് ആരുമറിയാതെ ഒന്ന് ഒളിച്ചോടാൻ, ചിലപ്പോൾ ജീവിതം തന്നെ ഇല്ലാതാക്കാൻ ഒക്കെ ഇത്തരം യാത്രകളെ നമ്മൾ ആശ്രയിക്കുന്നു. അപ്പോഴാണ് നമ്മൾ നമ്മുടെ വലിപ്പചെറുപ്പത്തെ പറ്റിയൊക്കെ തിരിച്ചറിയുന്നത്. “അനന്തമജ്ഞാതം അവർണ്ണനീയം, ഈ ലോകഗോളം തിരിയുന്ന മാർഗ്ഗേ, അതിങ്കിലെങ്ങാണ്ടൊരിരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്ത് കണ്ടേൻ” എന്ന കവിവാക്യത്തിന്റെ പൊരുൾ മനസ്സിലാക്കുന്നതും ഈ യാത്രയിലെവിടെയോ ആയിരിക്കാം.
ഇത്തരം യാത്രകൾ ചിലപ്പോൾ നമ്മെ അക്ഷമരാക്കാറുണ്ട്. അതു കാരണം തീരുമാനങ്ങൾ എടുക്കാൻ കാണിക്കുന്ന ധൃതിപ്പെടലുകളാണ് നമ്മുടെ യാത്രയുടെ വഴികൾ പലപ്പോഴും തെറ്റിക്കുന്നത്, ഇതോടെ ഒടുവിൽ ലക്ഷ്യവും മാറുന്നു. അപാരമായ സാദ്ധ്യതകളുടെ ലോകത്താണ് നമ്മളൊക്കെ ജീവിക്കുന്നതെന്ന് ഓർക്കാതെയാണ് ഈ ധൃതിപ്പെടൽ. ചിലർ എന്നും പുതിയ സാദ്ധ്യതകളെ അന്വേഷിച്ചു പോകുന്നവർ മാത്രമാകുന്പോൾ ചിലർ സാദ്ധ്യതകളെ പുനർനിർണയിച്ച് അത് അവരുടേതാക്കി മാറ്റുന്നു എന്നു മാത്രം. സത്യത്തിൽ ആയുസിന്റെ ഓരോ ഘട്ടത്തിലും നമ്മളെല്ലാവരും മരിക്കുന്നുണ്ട്. പക്ഷെ അത് അറിയാറില്ലെന്ന് മാത്രം. പല്ലില്ലാത്ത മോണകാട്ടി ചുറ്റുമുള്ളവരെ ചിരിച്ചിരുന്ന അവസ്ഥയിൽ നിന്ന് നമ്മൾ പോലുമറിയാതെ പുസ്തക സഞ്ചിയുെമടുത്ത് വിദ്യാലയത്തിേലയ്ക്ക് പോയ പുതിയൊരാളായി കാലം നമ്മളെ മാറ്റിയിട്ടുണ്ട്. അവിടെ നിന്ന് കൗമാരത്തിലേയ്ക്കും, യൗവനത്തിലേയ്ക്കും, മധ്യവയസിലേയ്ക്കും, വാർദ്ധക്യത്തിലേയ്ക്കും കടന്നു കയറുന്പോൾ ഒരു കുപ്പായം മാറ്റി ഇടാറുള്ളത് പോലെ മാത്രമേ അതിനെ നോക്കി കാണേണ്ടതുള്ളൂ. ഒരിക്കലും വിട്ടുപോകില്ലെന്ന് കരുതിയ പലരും ഇപ്പോൾ എവിടെയൊക്കെയോ ആവുകയും, ഒരിക്കലും കണ്ടുമുട്ടാൻ യാതൊരു സാദ്ധ്യതയുമില്ലാത്തവർ ഈ ചെറിയ കാലയളവിനുള്ളിൽ ഏറ്റവും പ്രിയപ്പെട്ടവരായി മാറുകയും ചെയ്തിരിക്കുന്നു. പരിചിത മുഖങ്ങളിൽ പലരും യാത്ര പോലും ചോദിക്കാതെ ഭൂമിയിൽ നിന്ന് തന്നെ വിടവാങ്ങി പിരിഞ്ഞു പോയിരിക്കുന്നു. അവർ ഇല്ലാത്ത ഇവിടം എത്ര മാത്രം ശൂന്യമായിരിക്കുമെന്ന് നമ്മളൊക്കെ ഭയപ്പെട്ടിരിക്കാം. എന്നാൽ അങ്ങിനെ ഒന്നും സംഭവിക്കുന്നില്ല. അവരില്ലെങ്കിലും രാവിലെയാകുന്പോൾ സൂര്യൻ ഉദിക്കുകയും, വൈകുന്നേരം അസ്തമിക്കുകയും ചെയ്യുന്നു. മഴ പെയ്യുന്നു, കാറ്റ് വീശുന്നു, വെയിൽ പരക്കുന്നു. ഓണം വരുന്നു, വിഷു വരുന്നു, ക്രിസ്തുമസ്സും പെരുന്നാളും വരുന്നു. ഒന്നും മാറുന്നില്ല. നഷ്ടമായത്, ആകുന്നത് ആയുസിന്റെ കണക്ക് പുസ്തകത്തിലെ താളുകൾ മാത്രം..!