ബഹ്റൈൻ ദേശീയദിനാശംസകൾ...
പ്രദീപ് പുറവങ്കര
ബഹ്റൈൻ എന്ന മനോഹരമായ രാജ്യം ഒരിക്കൽ കൂടി ദേശീയദിനാഘോഷത്തിന്റെ നിറവിൽ. ലോക സാന്പത്തിക ക്രമത്തിന്റെ അച്ചുതണ്ടായ ഗൾഫ് നാടുകളിൽ തന്നെ ഏറ്റവും ആദ്യം വികസനക്കുതിപ്പ് ആരംഭിച്ച രാജ്യമാണിത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുകളിൽ ഒന്നായ എണ്ണ ആദ്യമായി ഖനനം ചെയ്തെടുത്ത നാട്. ആ എണ്ണ നൽകിയ സന്പാദ്യം ലോകമെങ്ങുമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജോലിയായും ജീവിതമായും മാറി. അതിൽ തന്നെ ഏറ്റവുമധികം പേർ ഇന്ത്യക്കാരും. ഇന്നും ആ ബന്ധം അഭുംഗരം തുടരുന്നു. മൂവായിരം വർഷത്തിലധികം പഴക്കമുള്ള ദിലുമുൺ സംസ്കൃതിയുടെ പാരന്പര്യമുണ്ട് ഈ പവിഴ ദ്വീപിന്. വരുന്നവരെ കൈ നീട്ടി സ്വീകരിക്കാനും, കൈ അയച്ച് സഹായിക്കാനും തുറന്ന മനസുള്ള നാട്ടുക്കാരും, ഭരണാധികാരികളും ബഹ്റൈൻ എന്ന രാജ്യത്തെ ഏറെ വ്യത്യസ്തമാക്കുന്നു. ഒരിക്കൽ ഇവിടെ വന്ന് പോയാൽ പിന്നെ മടക്കം ഏറെ വർഷങ്ങൾക്ക് ശേഷമാകുന്നതും ഇതേ കാരണം കൊണ്ട് തന്നെ.
ഈ മനോഹരമായ രാജ്യത്തിന്റെ വികസനവും വളർച്ചയും കണ്ട് അതിശയപ്പെടുകയും അസൂയപ്പെടുകയും ചെയ്തവരുടെ കുത്സിത ശ്രമങ്ങളുടെ ഭാഗമായി 2010 മധ്യത്തോടെ പ്രതിസന്ധികൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട് ഈ രാജ്യത്തിന്. എങ്കിലും ശാശ്വതമായ നടപടികളിലൂടെ, വികസനോത്മകമായ കാര്യപരിപാടികളിലൂടെ, മനുഷ്യനന്മ ലക്ഷ്യമാക്കിയുള്ള ക്ഷേമപ്രവർത്തനങ്ങളിലൂടെ രാജ്യം ശക്തമായി മുന്പോട്ട് തന്നെ പോവുകയാണ്. മേഖലയിൽ ദിനംപ്രതി മാറി വരുന്ന രാഷ്ട്രീയ, സാന്പത്തിക, സാമൂഹിക സാഹചര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച് കൊണ്ടാണ് ബഹ്റൈൻ അതിന്റെ യാത്ര തുടരുന്നത്. സാന്പത്തികമേഖലയെ ശക്തിപ്പെടുത്താനായി പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്താനും ഭരണാധികാരികളുടെ നേതൃപാടവം സഹായിക്കുന്നു. പ്രവാസികളെ സംബന്ധിച്ച് മുന്പത്തേക്കാളും ഭാരം വർദ്ധിക്കുന്നുണ്ടെങ്കിലും, വരും കാലങ്ങളിൽ അതിനെ നേരിടാനുള്ള പ്രാപ്തി നമുക്കും കൈവരും എന്ന് തന്നെ പ്രത്യാശിക്കാം. ഒരിക്കൽ കൂടി ഈ നാടിന്, നാട്ടുക്കാർക്ക്, ഭരണാധികാരികൾക്ക്, ഐശ്വര്യത്തിന്റെ ദിനങ്ങൾ ഉണ്ടാകട്ടെ എന്ന് ഹൃദയപൂർവം ആശംസിച്ചു കൊണ്ട്... ഏവർക്കും ദേശീയ ദിനാശംസകൾ...