ഒരു വിധി വരുന്പോൾ...
പ്രദീപ് പുറവങ്കര
നമ്മൾ പ്രത്യേകിച്ച് മലയാളികൾ കാത്തിരുന്ന ഒരു കേസിന്റെ വിധി ഒടുവിൽ വന്നിരിക്കുന്നു. ജിഷാ വധകേസിൽ പത്തൊന്പത് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രതി അസാം സ്വദേശി അമിറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചിരിക്കുന്നത്. അതേസമയം സെഷൻസ് കോടതിയുടെ ഈ വിധിയുടെ മേൽ അപ്പീലുമായി ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ വക്കീൽ അഡ്വ. ബി.എ.ആളൂരിന്റെ പ്രസ്തവാനയും വന്നിട്ടുണ്ട്. പൊതുവെ ഒച്ചിഴയുന്ന വേഗത്തിൽ പോകാറുള്ള നിയമവ്യവസ്ഥയിൽ നിന്ന് അൽപ്പമെങ്കിൽ വേഗത്തിൽ ഈ കേസിന് ഒരു വിധി വന്നു എന്നു സമാധാനിക്കാം. ഇതിന് മുന്പ് സൗമ്യ വധകേസായിരുന്നു സമാനമായ തരത്തിൽ നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥിതി കൊണ്ടുനടക്കുന്ന മെല്ലെപോക്ക് സമീപനത്തെ പറ്റിയും കൂടി ഈ നേരത്ത് ചർച്ച ചെയ്യുന്നത് നല്ലതായിരിക്കും. കുറ്റകൃത്യങ്ങൾ വളരാനും, അതുപോലെ തന്നെ അതിഭീകരമായ കുറ്റങ്ങൾ ചെയ്താൽ തന്നെ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ രക്ഷപ്പെടാമെന്ന ധാരണയും ഈ മെല്ലപ്പോക്ക് നയത്തിന്റെ പരിണിതഫലങ്ങളാണ്.
നമ്മുടെ സംസ്ഥാനത്തെ ജയിലുകളിൽ വർഷങ്ങളായി വിചാരണ തടവുകാരായി താമസിക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2015ലെ കണക്കുകൾ പ്രകാരം കേരളത്തിലെ ജയിലിൽ കഴിയുന്ന തടവുകാരിൽ 62.3 ശതമാനവും വിചാരണത്തടവുകാരാണ്. സംസ്ഥാനത്തെ ജയിലുകളിലെല്ലാം കൂടി 6190 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ ഇപ്പോൾ 7325 പേരുണ്ട്. ഇവരിൽ ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കിടക്കുന്നത് വെറും 2758 പേർ മാത്രമാണ്. ബാക്കി വരുന്ന 4567 പേരും വിചാരണത്തടവുകാരാണെന്നാണ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
വിചാരണ തടവുകാരിൽ തന്നെ ഭൂരിഭാഗവും മുപ്പതിനും അന്‍പതിനും ഇടയിൽ പ്രായം ഉള്ളവരാണ്. ജീവിതത്തിലെ നിർണ്ണായകമായ ഒരു കാലഘട്ടമാണ് നീതിന്യായ വ്യവസ്ഥയുടെ അന്തിമവിധി വരാത്തത് കാരണം ഇവർക്ക് നഷ്ടമാകുന്നത്. ഒരു കുറ്റകൃത്യത്തിന്റ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡിഷ്യൽ കസ്റ്റഡിയിൽ വിചാരണയ്ക്കായി കാത്തുകിടക്കുന്ന ഇവർ കുറ്റവാളികളല്ല മറിച്ച് കുറ്റാരോപിതർ മാത്രമാണ്. അവരുടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നത് അതുകൊണ്ട് തന്നെ കടുത്ത നിയമലംഘനവുമാണ്. ആംനസ്റ്റി ഇന്റർനാഷണൽ നടത്തിയ പഠനം പ്രകാരം ഇന്ത്യയിലെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ പേരിൽ മൂന്ന് ലക്ഷത്തോളം പേർ ജയിലുകളിൽ വിചാരണ കാത്തു കിടക്കുകയാണ്. ജാമ്യം എടുക്കാൻ ആളില്ലാത്തതും, നല്ല വക്കീലിനെ വെക്കാനുള്ള സാന്പത്തികം ഉണ്ടാകാത്തതും, ഉള്ള വക്കീൽ നന്നായിട്ടു വാദിക്കാത്തതും, പുറത്ത് നല്ല രീതിയിലുള്ള ഇടപെടലുകൾ നടത്താൻ ആളില്ലാത്തതുമൊക്കെയാണ് വിചാരണത്തടവുകാരുടെ എണ്ണം വർധിക്കാനുള്ള മറ്റൊരു കാരണം. വ്യവസ്ഥാപിതമായ സ്ഥാപന പരിഷ്‌കാരങ്ങളിലൂടെ മാത്രമേ ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണാനാവൂ. തങ്ങളുടെ മുന്പിൽ പൊടിപിടിച്ചുകിടക്കുന്ന ഫയലുകൾ വെറും കടലാസ് കഷ്ണങ്ങൾ മാത്രമല്ലെന്നും, അതിൽ എത്രയോ പേരുടെ ആശയും, നിരാശയും, മോഹവും, മോഹഭംഗങ്ങളുമുണ്ടെന്നും നീതിന്യായ വ്യവസ്ഥയെ നയിക്കുന്നവർ തിരിച്ചറിയണമെന്ന ആഗ്രഹത്തോടെ.