സൗദിയിലെ പരിഷ്കരണങ്ങൾ...
പ്രദീപ് പുറവങ്കര
ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സാന്പത്തിക ശക്തിയായ സൗദി അറേബ്യയിൽ മാറ്റങ്ങളുടെ ഘോഷയാത്രയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം തൊഴിൽ മേഖലയിലും കർശനമായ പരിശോധനകൾ നടന്നു വരുന്നു. നവംബർ 14ന് പൊതുമാപ്പ് അവസാനിച്ചത് മുതൽ വിവിധ വകുപ്പുകൾ നടത്തി വരുന്ന പരിശോധനകളുടെ ഭാഗമായി ഇതുവരെയായി 1,81,060 നിയമ ലംഘകരെ പിടികൂടിയതായി അഭ്യന്തരമന്ത്രാലയം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇതിൽ 1,01,586 ഇഖാമ നിയമ ലംഘകരും, 52,835 തൊഴിൽ നിയമലംഘകരും, 26,639 നുഴഞ്ഞുകയറ്റക്കാരുമാണ് മൂന്നാഴ്ച്ചകിടെ പിടിയിലായത്. ഒരു ഭാഗത്ത് തൊഴിൽ മേഖലയെ നവീകരിച്ച് സ്വദേശികൾക്ക് കൂടുതൽ ജോലി സാധ്യതകൾ വർദ്ധിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്പോൾ രാജ്യത്തെ ആധുനിക സമൂഹമാക്കി മാറ്റുവാനുള്ള തീവ്ര ശ്രമവും പുതിയ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ നടക്കുന്നു.
ഇത്തരം നടപടികളുടെ ഭാഗമായിട്ടാണ് വനിതകൾക്ക് വാഹനമോടിക്കാനുള്ള അനുമതി നൽകുമെന്നും, സിനിമാ ശാലകൾ തുറക്കുമെന്നുമുള്ള തരത്തിൽ വിപ്ലാവത്മകരമായ തീരുമാനങ്ങൾ എടുക്കുവാൻ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത്. 1979ലാണ് യാഥാസ്ഥിതിക ഇസ്ലാമിസ്റ്റ് രീതികൾ സൗദി അറേബ്യയിൽ പിടിമുറുക്കിയത്. അതിൽ നിന്നും പഴയ സൗദിയിലേയ്ക്ക് തിരിച്ചു പോവുക എന്നതാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുന്പോട്ട് വെക്കുന്ന നിർദേശം. ഇത്തരം ലിബറലായിട്ടുള്ള പരിഷ്കാരങ്ങൾക്കൊപ്പം കൂടുതൽ തുറന്ന കന്പോളവും, കൂടുതൽ മൂലധന നിക്ഷേപവും അദ്ദേഹം ലക്ഷ്യം വെക്കുന്നു. പ്രവാചകന്റെ കാലത്ത് സൗദിയിൽ സംഗീത തീയറ്ററുകളുണ്ടായിരുന്നുവെന്നും, സ്ത്രീകളും പുരുഷന്മാരും അടുത്തിടപഴകിയിരുന്നുവെന്നും, ക്രിസ്ത്യാനികളേയും ജൂതന്മാരേയും മുസ്ലീം സമൂഹം ബഹുമാനിച്ചിരുന്നുവെന്നും, മദീനയിലെ ആദ്യ കമേഴ്‌സ്യൽ ജഡ്ജി ഒരു വനിതയായിരുന്നുവെന്നും, ഇതൊക്കെ അംഗീകരിച്ച വ്യക്തിയായിരുന്നു പ്രവാചകനെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ തോമസ് എൽ ഫ്രീഡ്മാൻ നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെടുന്നതും അദ്ദേഹത്തിന്റെ പുരോഗോമന ചിന്തകൾ വെളിപ്പെടുത്തുന്ന കാര്യമാണ്.
എണ്ണ വിപണിയിലുണ്ടായ ഇടിവും സൗദി അറേബ്യയെ മറ്റ് ധന മാർഗ്ഗങ്ങൾ കണ്ടെത്താൻ നിർബന്ധിക്കുന്നുണ്ട്. അതിൽ ഒന്നാണ് അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന എണ്ണ വിലവർദ്ധനവ്. വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഇത്രയം നാൾ വിറ്റിരുന്ന പെട്രോൾ, ഡീസൽ നിരക്കുകളാണ് ഇന്ധന സബ്സിഡി എടുത്ത് മാറ്റി, അടുത്ത വർഷത്തിന്റെ ആദ്യ പാതിയിൽ വർദ്ധിപ്പിക്കാനിരിക്കുന്നത്. അതോടൊപ്പം വൈദ്യതിയുടെ സബ്സിഡികൾ എടുത്തുമാറ്റുന്നു. ഇതിലൂടെ മാത്രം 209 ബില്യൺ റിയാൽ ലാഭിക്കാൻ സാധിക്കുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ അഭിപ്രായം. ജനവരി ഒന്ന് മുതൽ മൂല്യവർദ്ധിത നികുതി അഥവാ വാറ്റ് കൂടി ഇതോടൊപ്പം ബാധകമാവുകയാണ്. അഞ്ച് ശതമാനമാണ് വാറ്റ് ഈടാക്കുക. സ്വദേശികളുടെ ജീവിതനിലവാരം ഉയർത്താനുള്ള ലക്ഷ്യത്തെ മുൻനിർത്തി ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കുന്പോൾ പ്രവാസികളുടെ നിത്യോപയോഗ ചിലവ് ജനവരി മുതൽ കുതിച്ചുയരും എന്നതിൽ യാതൊരു സംശയവുമില്ല. അതു കൊണ്ട് തന്നെ മുണ്ട് മുറക്കി ഉടുക്കാനുള്ള തയ്യാറെടുപ്പുകൾ സൗദിയിലെ പ്രവാസികൾ ഇപ്പോഴെങ്കിലും തുടങ്ങിയില്ലെങ്കിൽ അവിടെ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുമെന്നത് തീർച്ച !!