ചി­ല സോ­ഷ്യൽ ഓർ­മ്മപ്പെ­ടു­ത്തലു­കൾ...


പ്രദീപ് പുറവങ്കര

ആധുനിക കാലത്ത് സോഷ്യൽ മീഡിയകളെ ഒഴിവാക്കി മുന്പോട്ട് പോകാൻ സാധിക്കില്ലെന്ന വസ്തുത നിലനിൽക്കുന്പോൾ തന്നെ വ്യക്തിപരമായ തേജോവധങ്ങൾക്കും, വ്യക്തിഹത്യകൾക്കും ഈ ഇടം ധാരാളമായി ഉപയോഗിക്കപ്പെടുന്നു എന്നത് വർത്തമാന കാല യാത്ഥാർത്ഥ്യമാണ്. സൈബർ പീഢനം എന്നറിയപ്പെടുന്ന ഇത്തരം സംസ്കാരം ദിനം പ്രതി വർദ്ധിച്ചുവരികയാണ്. അറിയാനുള്ള അവകാശത്തെ സംരക്ഷിക്കാനുള്ള പ്രക്രിയയാണ് ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങൾ നിർവ്വഹിക്കുന്നത്. അത്തരം വാർത്തകൾ അല്ലെങ്കിൽ അറിവുകൾ ഇത്തരം മാധ്യമങ്ങളിലൂടെ പരസ്പരം എത്തുന്പോൾ അതിനെ നിയന്ത്രിക്കാൻ ഒരു മാർഗ്ഗവും ഉണ്ടാകും. എന്നാൽ സോഷ്യൽ ഇടങ്ങളിൽ ഈ നിയന്ത്രിതാവിന്റെ സാന്നിദ്ധ്യം അദൃശ്യമാണ്. 

ഇന്റർനെറ്റിൽ ഓൺലൈൻ സമൂഹങ്ങൾ സൃഷ്ടിച്ച് ആളുകൾ ആശയങ്ങളും വിവരങ്ങളും വ്യക്തിഗത സന്ദേശങ്ങളും ചിത്രങ്ങളും കൈമാറുന്ന ഇലക്‌ട്രോണിക് വിനിമയരൂപമാണ് സാമൂഹികമാധ്യമങ്ങൾ അഥവാ സോഷ്യൽ മീഡിയ. കംപ്യൂട്ടറുകളും സ്മാർട്ട് ഫോണുകളുമൊക്കെ ഇതിന്റെ പ്രചാരണത്തിനായി ഉപയോഗിക്കപ്പെടുന്ന അസംസ്കൃത വസ്തുക്കളാണ്. ശാസ്ത്രത്തിന്റെ അപാരമായ സാധ്യതകൾ ഉപയോഗിച്ചാണ് ഇവയൊക്കെ നിർമ്മിച്ചെടുക്കുന്നത്. അത് മനുഷ്യനിൽ യുക്തിബോധവും പുതിയ നല്ല ചിന്തകളും നിറയ്ക്കുന്നതിന് പകരം പ്രാകൃതമായ ഭാവനകളും, വിശ്വാസത്തിന്റെ പേരിലുള്ള ചില തെറ്റായ ധാരണകളും, അസത്യങ്ങളും, അർദ്ധസത്യങ്ങളും, ഒപ്പം പരസ്പരം മനുഷ്യരെ അകറ്റാനുള്ള വെറുപ്പും മാത്രം പ്രചരിപ്പിക്കുന്നതിനായുള്ള ഇടമായി മാറുന്നതാണ് വർത്തമാന കാഴ്ച്ച. വിവരങ്ങളുടെ അവിശ്വാസ്യത, ആധികാരികതയില്ലായ്മ, അസത്യപ്രചാരണം, ലൈംഗിക ചൂഷണം, സ്വകാര്യത ലംഘനം, തട്ടിപ്പ്, ഭീഷണി, അവഹേളനം തുടങ്ങിയവ ആണ് ഇന്ന് സോഷ്യൽ മീഡിയുടെ പ്രധാന ഉപയോഗമായി ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും നീചമായതാണ് സൈബർ ബുള്ളീയിങ്ങ് അഥവാ വ്യക്തിഹത്യയും അതിനെ തുടർന്നുള്ള പീഢനങ്ങളും. ഇതിനെതിരെ വിവിധ രാജ്യങ്ങൾ കർശനമായ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വളരെ കുറഞ്ഞ തോതിലാണ് ഇതിന്റെ ശിക്ഷാനടപടികൾ ഉണ്ടായിരിക്കുന്നത്.

ആദ്യ കാലങ്ങളിൽ നിരുപദ്രവകാരി എന്ന തരത്തിൽ മാധ്യമങ്ങളിലെ കാർട്ടൂണുകൾ പോലെ വന്നിരുന്ന ട്രോളിങ്ങ് പോലും വ്യക്തികളുടെ തേജോവധത്തിനും, വ്യക്തിഹത്യക്കുമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥയും നിലനിൽക്കുന്നു. ചോദ്യചെയ്യലുകളും, പുതിയ ആശയങ്ങളെ ആവിഷ്കരിക്കലും ഏതൊരു കാലത്തും ഈ ലോകത്തെ നയിച്ച കാര്യങ്ങളാണ്്. പക്ഷെ അതിൽ ആഭാസങ്ങൾ കലരുന്പോൾ അത് പൊതുസമൂഹത്തിനെ തന്നെ ആശങ്കപ്പെടുത്തേണ്ട കാര്യമാണ്.  സോഷ്യൽ മീഡിയകളിൽ ഫേസ് ബുക്ക്, വാട്സാപ്പ് എന്നിവയാണ് മലയാളികൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഈ ഇടങ്ങളിൽ തന്നെയാണ് വ്യക്തിഹത്യകളും ഏറെ നടക്കുന്നത്. പ്രവാസലോകത്തും ഇത്തരം കാര്യങ്ങൾ സജീവമായിരിക്കുന്നു. വാട്സാപ്പുകളിൽ പരസ്പരം അശ്ലീലകരമായ പോസ്റ്റുകളും, കമന്റുകളും, സന്ദേശങ്ങളും നൽകുന്നവർക്ക് സത്യത്തിൽ ഇവിടെ നിലനിൽക്കുന്ന സൈബർ നിയമങ്ങളെ പറ്റി വലിയ ധാരണയില്ലെന്ന് വേണം മനസിലാക്കാൻ. അറിയാത്തവൻ ചൊറിയുന്പോൾ അറിയും എന്ന പഴഞ്ചൊല്ല് മാത്രം ഓർമ്മിപ്പിച്ചു കൊണ്ട്, ഈ ഇടങ്ങളെ നല്ലതിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു...

You might also like

Most Viewed