രാ­ഹു­കാ­ലം തു­ടങ്ങു­ന്പോൾ...


പ്രദീപ് പുറവങ്കര

ഒടുവിൽ എതിർപ്പുകൾ എത്ര തന്നെയുണ്ടെങ്കിലും കോൺഗ്രസിന്റെ തലപ്പത്തേക്ക് രാഹുൽ ഗാന്ധി എത്താറായിരിക്കുന്നു. ഇന്ത്യ കണ്ട പല മഹാരഥൻമാരും ഇരുന്ന കസേരയിലേയ്ക്കാണ് അദ്ദേഹം നടന്നടുക്കുന്നത്. അതോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിനെ തന്നെ നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകവും, വിഷമകരവുമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നേരത്താണ് രാഹുൽ ഗാന്ധി അവരുടെ അമരക്കാരാൻ പോകുന്നത്. ഇതൊരിക്കലും ചെറിയ ഉത്തരവാദിത്വമല്ല. അതിനോട് നീതി പുലർത്താൻ അദ്ദേഹത്തിന് സാധിക്കുമോ എന്നതാണ് വർത്തമാന ഇന്ത്യ ഉയർത്തുന്ന വലിയ ചോദ്യം. 

ബിജെപി എന്ന രാഷ്ട്രീയകക്ഷിയും അതിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഏറ്റവും ശക്തരായി നിലകൊള്ളുന്ന കാലം കൂടിയാണിത്. മുന്പ് കോൺഗ്രസ്സ് സർക്കാരുകൾക്ക് ഉണ്ടായതിനെക്കാൾ ഒരു വശത്ത് കോർപ്പറേറ്റുകളുടെ ഉറ്റചങ്ങാതിയായി ബിജെപി ഗവൺമെന്റ് നിലനിൽക്കുന്നു. അതോടൊപ്പം മതേതരത്വം എന്ന ഇന്ത്യയുടെ അടിസ്ഥാനത്തെ തന്നെ ഇളക്കി മറിക്കുന്ന തരത്തിലുള്ള വൈകാരികമായ വിഷയങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള നയങ്ങളും വാർത്തകളും നിർമ്മിച്ചു കൊണ്ടേയിരിക്കുന്നു. ജുഡീഷ്യറി, വിവരാവകാശ കമ്മീഷൻ, ഇലക്ഷൻ കമ്മീഷൻ, മാധ്യമങ്ങൾ തുടങ്ങിയവ ഈ അജണ്ടകൾക്ക് മുന്പിൽ പൂർണമായും കീഴടങ്ങിയിട്ടില്ലെങ്കിൽ അത്തരം സാധ്യതകളെ തള്ളികളായാനാവില്ല. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മൃഗീയ ഭൂരിപക്ഷം ലഭിച്ച് അധികാരത്തിലേറിയതിന്റെ ലഹരിയിൽ തന്നെയാണ് ഇപ്പോഴും ബിജെപി ഉള്ളത്. അതിന്റെ ഉദാഹാരണങ്ങളാണ് പലപ്പോഴും അവരുടെ നേതാക്കൾ നടത്തുന്ന പ്രസംഗങ്ങൾ. 

ഗുജറാത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും രാഹുൽ ഗാന്ധി അധികാരമേറ്റെടുക്കുന്നത് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇത്തവണ തന്ത്രപരമായ ഇടപെടലുകളിലൂടെ കോൺഗ്രസിന് നിലവിലെ സർക്കാറിന് ഭീഷണിയാകാൻ സാധിച്ചിട്ടുണ്ടെന്നും മനസിലാക്കുന്നു. ബിജെപിയുടെ നവ ഉദാരവത്കരണ നയങ്ങളും, സാന്പത്തിക മേഖലയിലുണ്ടാക്കിയിരിക്കുന്ന മാറ്റങ്ങളും, കാർഷിക മേഖലകളിൽ അനുഭവപ്പെടുന്ന പ്രയാസങ്ങളെയും, ന്യൂനപക്ഷങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ആശങ്കയുമൊക്കെ രാഹുൽ ഗാന്ധി ഇത്തവണത്തെ തിര‍ഞ്ഞെടുപ്പിൽ ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സ്ഥിരം വിമർശകർ പോലും രഹസ്യമായി സമ്മതിക്കുന്നു. പ്രധാനമന്ത്രി തന്നെ നേരിട്ട് നിരവധി പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നതും ഇതേ ഭീഷണി തിരിച്ചറി‍‍ഞ്ഞുതന്നെയാണ്. 2019ൽ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ റിഹേർസലായി ഗുജറാത്ത് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നവരും ധാരാളം. പൂർണ്ണമായും ജയിക്കാൻ സാധിച്ചില്ലെങ്കിൽ പോലും അൽപ്പമെങ്കിലും ചലനം ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ സാധിച്ചാൽ രാഹുൽ ഗാന്ധിക്ക് ധൈര്യപൂർവ്വം എഐസിസി പ്രസിഡണ്ടിന്റെ കീരിടം അണിയാം. അല്ലെങ്കിൽ അദ്ദേഹത്തിന് മോഡി പ്രഭാവത്തിനു മുന്പിൽ ഇനിയുമേറെ വിയർക്കേണ്ടി വരുമെന്നത് തീർച്ച..!! 

 

You might also like

Most Viewed