തണു­പ്പ് തു­ടങ്ങി­...അപകടങ്ങളെ­ കരു­തി­യി­രി­ക്കു­ക...


പ്രദീപ് പുറവങ്കര

പ്രവാസ ലോകത്ത് തണുപ്പ് വർദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ചൂടിനെക്കാൾ നല്ല കാലാവസ്ഥയാണ് മിക്കവർക്കും ഈ തണുപ്പ്. രോമകുപ്പായങ്ങളും ധരിച്ച്, മൂടി പുതച്ച്, ഒരു കട്ടൻ ചായയൊക്കെ കുടിച്ച് നടക്കാൻ സാധിക്കുന്ന മനോഹരമായ ദിനങ്ങൾ. ഇതോടൊപ്പം ക്രിസ്തുമസും, മറ്റ് ആഘോഷങ്ങളും അന്തരീക്ഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കുന്നു. ഇത്രയും സന്തോഷം നിറഞ്ഞ ഒരു കാലാവസ്ഥയാണെങ്കിൽ പോലും മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ എന്നെ ഏറ്റവുമധികം ഭയപ്പെടുത്താറുള്ള ഒരു കാലം കൂടിയാണിത്. അതിന് കാരണം തണുപ്പ് കാലത്ത് പ്രവാസലോകത്തുണ്ടാകാറുള്ള അപകടങ്ങൾ തന്നെയാണ്. പ്രത്യേകിച്ച് വളരെ സാധാരണക്കാർ തിങ്ങിപാർക്കുന്ന ലേബർ ക്യാന്പുകളിൽ തണുപ്പിനെ അകറ്റാനായി സുരക്ഷിതമല്ലാത്ത മാർഗങ്ങളുപയോഗിക്കാൻ നിർബദ്ധിക്കപ്പെടുന്ന സാഹചര്യമുണ്ടാകാറുണ്ട്. മുറിക്കകത്ത് പോലും ചാർക്കോൾ പോലെയുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ച് തീകായുന്ന ധാരാളം പേർ ഇന്നും നമ്മുടെ ഇടയിൽ സജീവമാണ്. യാതൊരു മുൻകരുതലുമില്ലാതെ തണുപ്പിൽ നിന്ന് രക്ഷപ്പെടാനായിട്ടാണ്  ഈ പാവങ്ങൾ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത്. വല്ലവിധേനയും ഈ ചൂട് നൽകുന്ന ആശ്വാസത്തിൽ തളർന്നുറങ്ങുന്ന ഇത്തരം ആളുകൾ നിർഭാഗ്യവശാൽ ഈ വിഷപുക ശ്വസിച്ച് മരണപ്പെടുന്ന അനിഷ്ട സംഭവങ്ങൾ മുന്പ് അരങ്ങേറിയത് നിങ്ങളും ഓർക്കുന്നുണ്ടാകും. ഇലക്ട്രോണിക്ക് ഹീറ്ററുകൾ വാങ്ങാനുള്ള സാന്പത്തികം ഇല്ലാത്തതും ഇവരെ ഇത്തരം പ്രവൃത്തികൾക്ക് പ്രേരിപ്പിക്കുന്നുണ്ടാകാം.  ഇതോടൊപ്പം പല അക്കമഡേഷനുകളിലും ശരിയായ തരത്തിൽ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാത്തത് കാരണമുണ്ടാകുന്ന ഷോർട്ട് സർക്ക്യൂട്ട് കാരണവും വലിയ തീപ്പിടുത്തങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ ഗുണമേന്മയില്ലാത്ത ഉപകരണങ്ങളും ഇതിന് കാരണമാകുന്നുണ്ട്.   

ഇത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കനുള്ള പ്രവർത്തനങ്ങൾ ഇവിടെയുള്ള പ്രവാസി അസോസിയേഷനുകളും, ഇന്ത്യൻ എംബസി പോലെയുള്ള സ്ഥാപനങ്ങളും മുൻകെയെടുത്ത് ചെയ്യേണ്ടത് അത്യാവശ്യമാണ്.  ഏറ്റവും കുറഞ്ഞത് തണുപ്പ് കാലത്ത് എടുക്കേണ്ട മുൻകരുതലുകളെ പറ്റിയുള്ള നോട്ടീസുകളെങ്കിലും സാധാരണക്കാരുടെ ഇടയിൽ വിതരണം ചെയ്യണം. ചൂടുകാലത്ത് മധ്യാഹ്ന വിശ്രമസമയം എന്നൊരു ഇടവേള ഗവൺമെന്റ് തന്നെ ഇവിടെയുള്ള തൊഴിലാളികൾക്ക് വേണ്ടി അനുവദിക്കാറുണ്ട്. തണുപ്പ് കാലത്ത് അങ്ങിനെയൊരു സംവിധാനമില്ല. കൊടും തണുപ്പിലും രാവിലെ അഞ്ച് മണി മുതൽ തന്നെ ജോലിക്ക് പോകേണ്ട നിരവധി സാധാരണ തൊഴിലാളികൾ ഇവിടെയുണ്ട്. അവർക്ക് ലഭിക്കുന്ന അൽപ്പസമയെങ്കിലും മര്യാദയ്ക്ക് ഉറങ്ങാനുള്ള കന്പിളിപുതപ്പുകൾ നൽകാനുള്ള പ്രവർത്തിയും അസോസിയേഷനുകൾക്ക് ചെയ്യാവുന്നതാണ്. ജീവകാരുണ്യപ്രവർത്തനമായി മാത്രം അതിനെ കാണേണ്ടതില്ല. മറിച്ച് ഇതൊക്കെ ഉത്തരവാദിത്വമായി തന്നെ തിരിച്ചറിഞ്ഞ് പ്രവാസസമൂഹത്തിന് മാതൃകകളാകാനുള്ള തയ്യാറെടുപ്പുകൾ എല്ലാവരും നടത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന ഓർമ്മപ്പെടുത്തലോടെ...

You might also like

Most Viewed