വലയിൽ വീണ കിളികളാണ് നാം...
പ്രദീപ് പുറവങ്കര
കഴിഞ്ഞ ദിവസം ബഹ്റൈനിലെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ആ കടയുടെ മുന്പിൽ സ്ഥിതി ചെയ്തിരുന്ന ഒരു ചുകന്ന നിറത്തിലുള്ള പോസ്്റ്റ് ബോക്സ് കാണാനിടയായി. ഉദ്ഘാടനമായത് കൊണ്ട് സംഘാടകർ അതിനെ പെയിന്റൊക്കെ അടിച്ച് നന്നാക്കി വെച്ചിട്ടുണ്ടായിരുന്നു. ആർക്കോ വേണ്ടി തിളയ്ക്കുന്ന സാന്പാർ എന്ന് ഒറ്റനോട്ടത്തിൽ തോന്നിയെങ്കിലും ആ പോസ്്റ്റ് ബോക്സ് ചടങ്ങിലുടനീളം എന്നിൽ എന്തോ പഴയ ധാരാളം ഓർമ്മകൾ നിറച്ചു കൊണ്ടിരുന്നു. പേന ഉപയോഗിച്ച് ഒരു കത്തെഴുതിയിട്ട് കാലം എത്രയോ ആയിരിക്കുന്നു എന്നത് തന്നെയാണ് ആ ചിന്തകളിൽ നിറഞ്ഞത്. എത്ര വലിയ ശത്രുവിനോട്് പോലും “സുഖമാണെന്ന് കരുതുന്നു” എന്ന് എഴുതികൊണ്ട് ആരംഭിച്ച ആ കത്തുകളെ എങ്ങിനെയാണ് നാം ഇത്രയും പെട്ടന്ന് മറന്നുപോയത് അല്ലെ. മുന്പൊരു കാലത്ത് പെൻഫ്രണ്ട്സ് എന്നൊരു വിഭാഗമുണ്ടായിരുന്നു. ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്ന് പരസ്പരമറിയാതെ എഴുത്തിലൂടെ മാത്രം പരിചയപ്പെട്ടവർ. അന്ന് പെൻഫ്രണ്ട്സിനെ തേടി പരസ്യങ്ങൾ വരെ പത്രങ്ങളിൽ വരുമായിരുന്നു. മനസിലെ ചിന്തകളും സ്വപ്നങ്ങളും, വേദനകളും, സന്തോഷങ്ങളും ഒക്കെ പങ്ക് വെക്കാൻ ഇത്തരം എഴുത്ത് സൗഹർദങ്ങൾ സഹായിച്ചിരുന്നു.
പോസ്റ്റ് ബോക്സ് സമ്മാനിച്ച ഗൃഹാതുരമായ സ്മരണകളോടെ ഉദ്ഘാടനം കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് മടങ്ങുന്പോൾ ട്രാഫിക്ക് സിഗ്നലിൽ കാത്തിരിക്കേണ്ടി വന്നു. ചുറ്റിലും വെറുതെ നോക്കിയപ്പോഴാണ് പതിവ് പോലെ എല്ലാവരുടെയും തല കുനിഞ്ഞ് തന്നെയിരിക്കുന്നു. ചിലരുടെ ചെവിയിൽ ഇയർ ഫോണിന്റെ വയർ ചുരുണ്ടുകൂടിയിരിക്കുന്നു. പാട്ട് കേൾക്കുകയായിരിക്കാമെങ്കിലും തല കുനിഞ്ഞ് ശ്രദ്ധ മൊബൈലിന്റെ സ്ക്രീനിൽ തന്നെ. രണ്ട് പേരുള്ള കാറിൽ പോലും ആരും പരസ്പരം സംസാരിക്കുന്നില്ല. ഒരു വീട്ടിൽ കഴിയുന്നവർ പോലും പരസ്പരം സംസാരിക്കാറില്ല പകരം ചാറ്റ് ചെയ്യാറെയുള്ളൂ എന്നതും അതിശയോക്തി നിറഞ്ഞ കാര്യമല്ല. ഈ ലോകത്ത് ഇന്ന് ഏറ്റവും അധികം നമ്മൾ കേൾക്കുന്ന ഒരു വാക്ക് പ്രൈവസി എന്നാണ്. ബന്ധങ്ങളുടെ ബന്ധനത്തിൽ ആർക്കും താത്പര്യമില്ല. അതു കൊണ്ട് തന്നെ നാലാം ക്ലാസിലെ കുട്ടി പോലും മുറിയടക്കുന്പോൾ വാതിലിന് പുറത്ത് ഡോണ്ട് ഡിേസ്റ്റർബ് എന്നെഴുതി വെക്കുന്നു. മുട്ടിവിളിക്കാതെ തുറക്കാൻ മാതാപിതാക്കൾക്കും പേടിയാണ്. വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപ്പെട്ടുവെന്ന് പറഞ്ഞ് ന്യൂസ് അവറിൽ വരെ അത് ചർച്ചയുമായേക്കാം.
നെറ്റിന്റെ മായികലോകത്ത് വലിയ സ്നേഹസംഭാഷണങ്ങൾ നടത്തുന്നവർ തമ്മിൽ കണ്ടാൽ പുറംതിരിഞ്ഞു നടക്കുന്നതും ചിലപ്പോഴൊക്കെ അതിശയം സമ്മാനിക്കുന്ന കാര്യമാണ്. സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ പരസ്പരം അടി കൂടുന്നവർ നേരിട്ട് കണ്ടാൽ പരസ്പരം കെട്ടിപിടിച്ചു നടക്കുന്ന പൂച്ചകളായും മാറും. നേരിട്ട് കണ്ടിട്ട് മിണ്ടാനോ ഒന്ന് പുഞ്ചിരിക്കാനോ സമയമില്ലാത്തവർ മണിക്കൂറുകളോളം ചാറ്റിങ്ങിന് വരുന്നതും എന്നെ അതിശയപ്പെടുത്തുന്നു. എല്ലാം ചാറ്റിലൂടെ അവസാനിക്കുന്പോൾ പിന്നെ നേരിട്ട് കാണുന്പോൾ എന്ത് സംസാരിക്കാൻ, എന്ത് പങ്ക് വെക്കാൻ എന്നതാണ് മിക്കവരുടെയും ചിന്ത. ജീവിതയാത്ഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടാനും ഈ ഒരു സ്വഭാവം തന്നെയാണ് നല്ലത്. ഡു ഓർ ഡൈ.. ഡോണ്ട് ആസ്ക്ക് വൈ എന്നതാണല്ലോ പുതിയ മുദ്രവാക്യം. കാലം മാറുകയാണ്. ഒന്നുകിൽ കോലം മാറ്റാം. അല്ലെങ്കിൽ ഈ കാലത്തിൽ നിന്ന് തന്നെ ഒളിച്ചോടാം..