ഗൃ­ഹാ­തു­ര സ്മരണകളു­മാ­യി­ ഒരു­ തി­രഞ്ഞെ­ടു­പ്പ് മമാ­ങ്കം...


പ്രദീപ് പുറവങ്കര

ബഹ്റൈൻ എന്ന രാജ്യത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നായ ഇന്ത്യൻ സ്കൂളിന്റെ പുതിയ ഭരണ സമിതിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കുകയാണ്. ഏകദേശം പതിമൂന്നായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനം പ്രവാസലോകത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. ഇവിടെ ഭരണ നിർവ്വഹണം നടത്തി വരുന്നത് രക്ഷിതാക്കൾക്കിടയിൽ നിന്ന് തികച്ചും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന നിർവ്വാഹക സമിതിയാണ്. മൂന്ന് വർഷത്തെ കാലാവധിയാണ് ഓരോ സമിതിക്കും തെര‍ഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നത്. 

ബഹ്റൈനിൽ ഇന്ത്യക്കാരായി പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള ധാരാളം പേരുണ്ടെങ്കിൽ പോലും മലയാളികളുടെ സാന്നിദ്ധ്യം മറ്റുള്ളവരെയൊക്കെ കവച്ച് വെക്കുന്നതാണ്. അതേ പ്രവണത തന്നെയാണ് ഇന്ത്യൻ സ്കൂളിന്റെ ഭരണസമിതി തിരഞ്ഞെടുപ്പിലും തെളിയാറുള്ളത്. കഴിഞ്ഞ ഒന്ന് രണ്ട് ദശകങ്ങളായി മലയാളികൾ തന്നെയാണ് മിക്കവാറും ഭരണ സമിതി അംഗങ്ങളായി വരാറുള്ളതും. കഴിവും നേതൃപാടവവും, പ്രവർത്തന മികവുമൊക്കെ കാഴ്ച്ച വെച്ചിട്ടുള്ളവർ തന്നെയാണ് മിക്കവരും.

പ്രവാസലോകത്തേയ്ക്ക് 99 ശതമാനം പേരും വരുന്നത് ഉപജീവന മാർഗ്ഗം തേടുക എന്ന ലക്ഷ്യത്തോടെയാണ്. ഇവിടെ വന്ന് നല്ലൊരു ജോലി സന്പാദിക്കുകയോ, സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്ത് പണം ഉണ്ടാക്കുകയോ എന്നത് തന്നെയാണ്  പരമമായ ലക്ഷ്യവും. ഇതോടൊപ്പം ഇവിടുത്തെ ഭരണാധികാരികൾ നൽകുന്ന സ്വാതന്ത്ര്യം കാരണം സ്വദേശികൾ അല്ലെങ്കിൽ പോലും എല്ലാവർക്കും അവരുടെ താത്പര്യങ്ങളും, ഹോബികളും, കഴിവുകളും ഉപയോഗിക്കാൻ സാധിക്കുന്നുമുണ്ട്. അതിൽ സാഹിത്യപ്രവർത്തനം മുതൽ ജീവകാരുണ്യം വരെ ഉൾപ്പെടും. തങ്ങളുടെ മനസിന് സന്തോഷം ലഭിക്കുന്ന തരത്തിൽ ഓരോ മനുഷ്യനിലും ആ അഭിരുചികൾ വിഭിന്നവുമായിരിക്കും. ഇത് പ്രകാരം തങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂൾ നന്നായി നടക്കണമെന്ന് ആഗ്രഹിക്കുന്ന, അവിടെ വ്യത്യസ്തമായ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അതിന്റെ ഭരണസമിതിയിൽ വരണമെന്ന്  വിചാരിക്കുന്ന എല്ലാ രക്ഷിതാക്കളും. തങ്ങളുടെ ജീവിതസന്പാദന മാർഗങ്ങളായ ജോലി, അല്ലെങ്കിൽ ബിസിനസ് എന്നിവയിൽ പ്രവർത്തിക്കുന്ന സമയമൊഴിച്ച് ബാക്കി ലഭിക്കുന്ന സമയത്ത് ഇത്തരം നല്ല പ്രവർത്തികൾ നടത്തി മനസിന് സന്തോഷം കണ്ടെത്തുക എന്നത് തന്നെയായിരിക്കണം സത്യമായും ഇവരുടെ ലക്ഷ്യം. കൂടെ താമസിക്കുന്ന കുടുംബത്തിന് പോലും വേണ്ട സമയം നൽകാതെ സ്കൂളിന്് വേണ്ടി അഹോരാത്രം കഷ്ടപ്പെടാൻ മുന്പോട്ട് വരുന്നവരാണിവർ എന്നും നമ്മൾ മനസ്സിലാക്കണം. പക്ഷെ പലപ്പോഴും ഇതിനെ അങ്ങിനെ അല്ല പൊതുസമൂഹം നോക്കിക്കാണുന്നത്. സ്കൂളിന്റെ വലിയ വരുമാനമാണ് ഇങ്ങിനെ സ്വയം ത്യജിച്ച് മുന്പോട്ട് വരുന്നവരുടെയൊക്കെ ലക്ഷ്യമെന്ന് നമ്മൾ സാധാരണക്കാർ വെറുതെ തെറ്റിദ്ധരിച്ച് പോകുന്നു. ആ തെറ്റിദ്ധാരണയ്ക്ക് ഒരു മാറ്റമുണ്ടാക്കാൻ ഇത്തവണത്തെ തെര‍ഞ്ഞെടുപ്പിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം ഈ ഒരു നാൾ കഴിഞ്ഞാൽ പരസ്പരം ആരോപണ പ്രത്യാരോപണാസ്ത്രങ്ങൾ എയ്യുന്ന എല്ലാവരും പരസ്പരം കാണേണ്ടവരാണെന്നും ഓർമ്മിപ്പിക്കട്ടെ. ഏവർക്കും വിജയാശംസകൾ...

You might also like

Most Viewed