ദുരന്തങ്ങളെ ഓർക്കുന്പോൾ...
പ്രദീപ് പുറവങ്കര
ഇന്ന് മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഇരുണ്ട ദിനങ്ങളൊന്നിന്റെ ഓർമ്മദിനമാണ്. മുൻ രാഷ്ട്രപതിയും കേരളീയനുമായ അന്തരിച്ച കെ.ആർ നാരായണൻ മഹാത്മാഗാന്ധി വധത്തിനുശേഷം രാജ്യം കണ്ട ദുരന്തമെന്നാണ് ആ സംഭവത്തെ വിലയിരുത്തിയത്. ഇരുപത്തിയഞ്ച് വർഷം പിന്നിടുന്പോഴും ആ തീരാകളങ്കം തിരുത്തുന്നതിന് ഇനിയും ജനാധിപത്യ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഒരു ജനവിഭാഗത്തിന്റെ വിശ്വാസ കേന്ദ്രം സ്വതന്ത്രമായ ഇന്ത്യയിൽ തകർക്കപ്പെട്ടു എന്ന രീതിയിൽ വളരെ ലളിതമായി കാണാൻ നിഷ്പക്ഷനായ ഇന്ത്യക്കാരന് സാധിക്കില്ല. കാരണം ഭരണഘടനയെന്ന ചട്ടകൂടിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് നമ്മുടേത്. അവിടെ പരസ്പരം വാഗ്വാദങ്ങൾ ഉണ്ടായാൽ, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ അതിന് തീർപ്പ് കൽപ്പിക്കാനാണ് മഹത്തായ ഒരു നിയമവ്യവസ്ഥ ഉണ്ടാക്കി വെച്ചിരിക്കുന്നത്. എന്നാൽ അതിനെയൊക്കെ മറികടന്നുകൊണ്ടാണ് അയോദ്ധ്യയിലെ ആ കെട്ടിടം ഇന്ത്യൻ ജനതയെ വെല്ലുവിളിച്ചു കൊണ്ട് ഡിസംബർ ആറിന് തകർക്കപ്പെട്ടത്. അതിന് കാരണക്കാരായവർ ഇപ്പോഴും അധികാര സ്ഥാനങ്ങളിൽ തന്നെ സ്വതന്ത്രരായി പരിലസിക്കുന്നു എന്നത് ഇന്ത്യൻ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനവുമായ കാര്യമാണ്. അന്ന് രണ്ടായിരത്തോളം പേർക്കാണ് അവരുടെ ജീവൻ നഷ്ടമായത്. ഇത്രയും ജീവനുകൾ ഇല്ലാതാക്കിയിട്ട് എന്ത് നേടി എന്ന് നഷ്ടപ്പെടുത്തിയവർ എപ്പോഴെങ്കിലും നെഞ്ചിൽ കൈ വെച്ച് ചോദിക്കേണ്ട കാര്യമാണ്.
രാജ്യത്തെ ഭൂരിപക്ഷത്തിന്റെ മനസിനുള്ളിൽ വർഗീയതയുടെ വിത്തുകൾ മുളയ്ക്കുന്ന കാലമാണിത്. അതിനെ കണ്ടില്ലെന്ന് നടിക്കുന്നവർ ഉറക്കം അഭിനയിക്കുന്നവരാണ്. എന്ത് കൊണ്ടാണ് നിഷ്പക്ഷരായവർ പോലും ഇത്തരം പ്രവണതയിലേയ്ക്ക് എത്തുന്നുവെന്ന കാര്യം ന്യൂനപക്ഷ സമുദായങ്ങളും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. അമിത വൈകാരികത നിറഞ്ഞ വിഷയങ്ങളെ പൊതുസമൂഹത്തിന്റെ പ്രധാന പ്രശ്നങ്ങളാക്കി മാറ്റി മറിക്കുന്പോൾ നമ്മുടെ നാടിന്റെ അടിത്തട്ടിലൂടെ അമൂല്യമായ എന്തൊക്കെയോ ഒഴുകി പോകുന്നുണ്ട് എന്നത് ഓരോ ഇന്ത്യക്കാരനും തിരിച്ചറിയേണ്ട കാലമാണ് നമ്മുടെ മുന്പിലുള്ളതെന്നും ഓർമ്മിപ്പിക്കട്ടെ. തീവ്രവാദ നിലപാടുകൾക്ക് മറുപടി പറയേണ്ടത് അതേ നാണയത്തിൽ അല്ല. വർഗീയതയെ നേരിടേണ്ടതും വർഗീയത കൊണ്ടല്ല. അങ്ങിനെയൊക്കെ ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ടാകാം. പക്ഷെ ഇന്ത്യ അത്തരമൊരു രാജ്യമല്ല. പരസ്പര സഹിഷ്ണുത തന്നെയായിരിക്കണം നമ്മുടെ നാടിന്റെ മുഖമുദ്ര. സ്വന്തം വിശ്വാസത്തെ ധൈര്യപൂർവ്വം കൊണ്ട് നടക്കാൻ സാധിക്കുന്നതിനോടൊപ്പം തന്റെയൊപ്പം ഇരിക്കുന്നവന്റെ വിശ്വാസങ്ങളെ വേദനിപ്പിക്കാതിരിക്കുവാനുള്ള പക്വതയാണ് നമുക്ക് ഉണ്ടാകേണ്ടത്. ഒപ്പം ഭിന്നിപ്പിന്റെ ശക്തികൾ തങ്ങളുടെ കൈകൾ ചോരയിൽ മുക്കി പുതിയ ഇന്ത്യാ ചരിത്രം എഴുതാൻ ശ്രമിക്കുന്ന ഈ കാലത്ത് നമുക്ക് വേണ്ടത് രാഷ്ട്രത്തിന്റെ പുനർനിർമ്മാണമാണെന്നും, ഏറ്റവും കുറഞ്ഞത് അതിനെക്കുറിച്ചുള്ള ചർച്ചകളെങ്കിലുമാണെന്നും ഓർമ്മിപ്പിച്ചു കൊണ്ട്...