വ്യാജൻമാരെ സൂക്ഷിക്കുക...
പ്രദീപ് പുറവങ്കര
സോഷ്യൽ മീഡിയയിൽ അടുത്ത ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് ഗുരുതരമായ രോഗങ്ങൾ ബാധിച്ച പല പ്രമുഖരും വ്യാജവൈദ്യൻമാരുടെ ചൂഷണങ്ങൾക്ക് ഇരയാകുന്നു എന്നതാണ്. അന്തരിച്ച ചലച്ചിത്ര താരം അബി, ജിഷ്ണു എന്നിവർ ഇത്തരം വ്യാജ വൈദ്യത്തിന് ഇരയായെന്ന് സോഷ്യൽ മീഡിയ വാർത്തകളൊക്കെ സൂചിപ്പിക്കുന്നു. ഇവർ പ്രമുഖരായതിനാലാണ് ഇത്തരം കാര്യങ്ങൾ പുറത്ത് ചർച്ചചെയ്യുന്നതെന്നും എന്നാൽ അപ്രശസ്തരായ നിരവധിപേരെ വ്യാജവാഗ്ദാനങ്ങൾ നൽകി മരണത്തിലേയ്ക്കു നയിക്കുകയോ മരണാസന്നരാക്കുകയോ ചെയ്യുന്ന ദുഃഖകരമായ അവസ്ഥ ഇന്ന് നമ്മുടെ നാട്ടിൽ ധാരാളമായി ഉണ്ടെന്നും പറയപ്പെടുന്നു. പാരന്പര്യ വൈദ്യത്തിന്റെ പേരിലാണ് ഇത്തരത്തിലുള്ള ധാരാളം വ്യാജൻമാർ നമ്മുടെ ഇടയിൽ രംഗപ്രവേശം ചെയ്യുന്നത്. മുടി കിളിർക്കാർത്ത പാറക്കുന്ന് പോലെയുള്ള കഷണ്ടിയിൽ പോലും കാട് പോലെ മുടി വളർത്താമെന്ന് തുടങ്ങി കാൻസറിനും എയ്ഡ്സിനും വരെ ഇവർ മരുന്നുണ്ടെന്ന് പറഞ്ഞ് ആളുകളുടെ പണം പിടുങ്ങുന്നു. എന്നാൽ കൈയിൽ കിട്ടുന്ന രോഗികളിൽ തങ്ങളുടെ പരീക്ഷണങ്ങൾ ഒക്കെ നടത്തി അവരെ നശിപ്പിക്കുകയാണ് മിക്കവരും ചെയ്യുന്നത്.
തങ്ങളുടെ ഇത്തരം ചികിത്സകൾക്കിടയിലും കഴിച്ചു കൊണ്ടിരിക്കുന്ന മരുന്ന് തുടരാൻ പറയുന്നവരാണ് ഇതിൽ മിക്കവരും. അവർക്ക് തങ്ങളുടെ മരുന്നിനെ “അത്രയും വിശ്വാസമായത്” കൊണ്ടാണ് ഇങ്ങിനെ പറയുന്നത്. പാരന്പര്യമായി കിട്ടുന്ന അറിവുകൾ കൊണ്ട് മാത്രം ഇനിയുള്ള കാലത്ത് ഒരു രോഗിയെ ചികിത്സിക്കാമെന്ന് പറയുന്നത് എന്തായാലും അത്ര ലളിതമായ കാര്യമല്ല. അക്കാദമിക്കലായി യാതൊരു അറിവും നേടാതെയാണ് മിക്കവരും ഇത്തരം ജോലികൾക്ക് ഇറങ്ങുന്നത് എന്ന് മാത്രമല്ല, ഒരു മനുഷ്യന്റെ ജീവൻ തന്നെ നഷ്ടമാക്കുന്ന രീതിയിൽ ആർക്കും ഇത്തരം വൈദ്യൻമാരായി കടന്നുവരാൻ സാധിക്കുന്നു എന്നത് തന്നെ എത്ര മാത്രം ഭീകരമായ അവസ്ഥയാണെന്നും തിരിച്ചറിയുക. ലോകത്തെങ്ങുമില്ലാത്ത ചികിത്സയും മരുന്നും ഇത്തരക്കാർ സ്വന്തം ഭാവനയിൽ നിന്നെടുത്ത് കൊടുക്കുകയാണ്. ലക്ഷ്മിതരുവും മുള്ളാത്തയുമൊക്കെ എങ്ങനെ ഇവരുടെ ചികിത്സയുടെ ഭാഗമായെന്ന് പരിശോധിച്ചാൽ തന്നെ അത് വ്യക്തമാണ്.
ആധുനിക വൈദ്യശാസ്ത്രം ഏറെ വളർച്ച നേടിയിരിക്കുന്ന ഒരു ശാഖയാണ്. ശാസ്ത്രീയമായ കണ്ടെത്തലുകളാണ് അതിനെ മുന്പോട്ട് നയിക്കുന്നത്. ആരോപിക്കപ്പെടുന്നത് പോലെ വലിയ മരുന്ന് കന്പനികളുടെയും മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളുടെയും സ്വാർത്ഥതാത്പര്യങ്ങൾ ഈ മേഖലയിലുമുണ്ടാകാം. അതിനർത്ഥം ശാസ്ത്രീയമായ ആ കണ്ടെത്തലുകൾ തെറ്റാണെന്നതല്ല. മറിച്ച് അത് ഉപയോഗിക്കപ്പെടുന്നത് തെറ്റായ രീതിയിലാണെന്നതാണ്. പ്രവാസലോകത്തും ഇത്തരം വ്യാജവൈദ്യൻമാർ ധാരാളമായി ഉണ്ട്. വയർ കുറയ്ക്കാൻ തൈലവും, പ്രമേഹമില്ലാതാക്കാൻ പൊടിയുമൊക്കെ നൽകി പറ്റിക്കുന്നവർ. ഇത്തരം ഗജഫ്രോഡുകളെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ ജീവിതം പാതിവഴിയിൽ നിന്നുപോകുമെന്ന് മാത്രം ഓർമ്മിപ്പിച്ചുകൊണ്ട്...