ദുരന്തങ്ങളെ പോലും ബാക്കി വെയ്ക്കാത്തവർ...
പ്രദീപ് പുറവങ്കര
വലിയൊരു പ്രകൃതി ദുരന്തത്തെയാണ് നമ്മുടെ നാട് കഴിഞ്ഞ ദിവസങ്ങളിൽ അഭിമുഖീകരിച്ചത്. നിരവധി പേർക്ക് ഈ ദുരന്തത്തിൽ അവരുടെ ജീവൻ നഷ്ടമായി. നൂറോളം വീടുകൾ പൂർണ്ണമായും, ആയിരത്തിഅഞ്ഞൂറോളം വീടുകൾ ഭാഗികമായും തകർന്നു. എത്രയോ പേർ ആശുപത്രികളിലായി. ഈ അത്യാഹിതത്തിന്റെ കെടുതികൾ ഇനിയും കുറേദിവസം നമ്മുടെ നാടിനെ ചുറ്റിപ്പറ്റി തന്നെ നിൽക്കും. പ്രകൃതിയിലുണ്ടാകുന്ന ഏതൊരു ദുരന്തവും മനുഷ്യന് വലിയ ആപത്തുകൾ വരുത്തുന്നവയും ദൗർഭാഗ്യകരവുമായ സംഭവമാണ്. ഇത്തരം ദുരന്തമുണ്ടാകുന്പോൾ അവിടെ മനുഷ്യനുണ്ടാക്കി വെച്ചിരിക്കുന്ന ഒരു വേർതിരിവും പ്രശ്നമാകാറില്ല. മുന്പൊരിക്കൽ സുനാമി ആഞ്ഞടിച്ചപ്പോൾ സ്ഥലമില്ലാത്തത് കാരണം മൃതദേഹങ്ങൾ ഒരുമിച്ച് മറവ് ചെയ്ത ദൃശ്യം ടെലിവിഷനിൽ കണ്ടത് ഓർക്കുന്നു. അവിടെ അന്ന് മറവ് ചെയ്ത മനുഷ്യരൊക്കെ വെറും മൃതദേഹങ്ങൾ മാത്രമായിരുന്നു. ആരും അവരുടെ ജാതിയോ, മതമോ, നിറമോ, രാഷ്ട്രീയമോ, വിശ്വാസമോ ഒന്നും തന്നെ നോക്കിയില്ല. ഇങ്ങിനെ പ്രകൃതി ദുരന്തങ്ങൾ അരങ്ങേറുന്പോൾ അവിടെ സമാന്യബോധമുള്ള മനുഷ്യർ പരസ്പരം ഒന്നിച്ച് നിന്ന് കൈകോർത്ത് അവിടെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് ശ്രമിക്കുകയാണ് ചെയ്യാറുള്ളത്.
എന്നാൽ കഴിഞ്ഞ ദിവസം കേരളത്തിൽ ഓഖി ആഞ്ഞടിച്ചപ്പോൾ നമ്മുടെ രാഷ്ട്രീയക്കാർ അതിന്റെ പരമാവധി മുതലെടുപ്പ് എടുക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത് പ്രകൃതിദുരന്തത്തേക്കാൾ വേദനിപ്പിക്കുന്ന കാര്യമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പോർവിളിച്ചും, കുറ്റം പറഞ്ഞും എത്രയോ മനുഷ്യരെ കണ്ണീര് കുടിപ്പിച്ച ദുരന്തത്തിന്റെ വേദനയെ ഒന്നുമല്ലാതെ ആക്കി തീർക്കുന്നത് തികച്ചും ലജ്ജാകരമായ പ്രവർത്തിയാണ്. നമ്മുടെ നാട്ടിലെ കാലാവസ്ഥ പ്രവചന വകുപ്പിൽ നിന്നാണ് പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പുകൾ ഉണ്ടാകേണ്ടത്. അതിനനുസരിച്ചാണ് കേന്ദ്രമായാലും സംസ്ഥാനമായാലും ഉണർന്ന് പ്രവർത്തിക്കേണ്ടത്. കഴിഞ്ഞ ദിവസമുണ്ടായ ഓഖി ചുഴലികാറ്റിനെ തുടർന്ന് ഈ രീതിയിലാണോ കാര്യങ്ങൾ മുന്പോട്ട് പോയതെന്ന് അന്വേഷിക്കേണ്ട സമയമല്ല ഈ ദിവസങ്ങൾ. അതിന് മുന്പേ ദുരന്തത്തിൽ പെട്ട് എല്ലാം നഷ്ടമായവരുടെ അടിസ്ഥാന പ്രശ്നങ്ങളുടെ ഉത്തരമാണ് ഇപ്പോൾ കണ്ടെത്തേണ്ടത്. അതിന് ശേഷം പോരെ പരസ്പരമുള്ള ചളിവാരിയെറിയൽ.
ഒരു ദുരന്തമുണ്ടാകുന്പോൾ ഭരണാധികാരികൾക്കെതിരെ സ്വാഭാവികമായും രോഷം ഉണ്ടാകും. വൈകാരികമായ സാഹചര്യം കൂടി അതിന് കാരണമാകും. പക്ഷെ രോഷത്തെ മുതലെടുത്തുകൊണ്ട് അതിനെ രാഷ്ട്രീയവത്കരിക്കാൻ നടത്തുന്ന ശ്രമം അപലപനീയം തന്നെയാണ്. ദുരന്തങ്ങൾ ദൗർഭാഗ്യകരമാണെന്നും അത് ആവർത്തിക്കരുതെന്നും എല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷെ നമ്മൾ ജീവിക്കുന്നത് പ്രകൃതി ഒരുക്കി തരുന്ന ഇടങ്ങളിലാണ്. അവിടെ മനുഷ്യന്റെ അത്യാർത്തി മൂലം ഇടയ്ക്ക് ദുരന്തങ്ങൾ ഉണ്ടായികൊണ്ടേയിരിക്കും. അതില്ലാതാക്കാൻ നമ്മൾ മനുഷ്യർക്ക് സാധ്യമല്ല. ഓരോ ദുരന്തവും ഉണ്ടാകുന്പോൾ ഒരു മനസോടെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി കൈകോർക്കുകയാണ് വേണ്ടത്. അങ്ങിനെ ചെയ്യാത്തവർക്ക് നല്ല ലക്ഷ്യമല്ലെന്ന് തിരിച്ചറിയുന്നതിന് വലിയ വിവേകം വേണ്ടെന്ന് ഓർമ്മിപ്പിക്കട്ടെ...