അഹത്തെ ഇല്ലാതാക്കുന്ന പ്രകൃതി ദുരന്തങ്ങൾ...
പ്രദീപ് പുറവങ്കര
പ്രകൃതി ഇടയ്ക്കൊകെ അത്യാഹിതങ്ങളുമായി കടന്നുവരുന്പോഴാണ് നമ്മൾ മനുഷ്യർ തൃണസമാനരായി മാറുന്നത്. അഹങ്കാരത്തിന്റെ അത്യുംഗശൃംഗത്തിൽ നിന്ന് വലിയൊരുവീഴ്ച്ചയാണ് കാലവസ്ഥയിലെ ദുരന്തങ്ങൾ നമുക്ക് സമ്മാനിക്കുന്നത്. ഇത്തരം ദുരന്തങ്ങളെയൊക്കെ വെറുമൊരു ചുഴലികാറ്റോ, ഭൂമികുലുക്കമോ ആയി മാത്രമല്ല കാണേണ്ടത്. ഇവയൊക്കെ പ്രകൃതിയുടെ ഭാഷയാണ്. ബുദ്ധിരാക്ഷസനായ മനുഷ്യനോട് പ്രകൃതി ഇങ്ങിനെയാണ് തന്റെ മനസിലിരുപ്പ് വ്യക്തമാക്കുന്നത്. ഭൗതികമായി പെറ്റുപെരുകുന്നതോ അംബരചുംബികളായ കെട്ടിടങ്ങൾ കെട്ടി വെക്കുന്നതോ അല്ല വികസനം എന്ന് ഇത്തരം ദുരന്തങ്ങളൊക്കെ മനുഷ്യനോട് പറയാതെ പറയുന്നുണ്ട്.
ഭൂമിയെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പരമാവധി പീഢിപ്പിക്കാനും അതിന്റെ നിലനിൽപ്പ് പോലും ചിന്തിക്കാതെ പ്രകൃതിയുടെ വിഭവങ്ങളെ ചൂഷണം ചെയ്യാനും മനുഷ്യനെന്ന ജീവിക്ക് ഇന്നത്തെ കാലത്ത് യാതൊരു മടിയും ഇല്ല എന്ന് പറയാതെ വയ്യ. ഈ അമിതമായ അത്യാഗ്രഹം കാരണം ഇനിയെത്ര നാൾ മനുഷ്യൻ ഉൾപ്പെട്ട ജൈവ മണ്ധലം നിലനിൽക്കുമെന്ന ആശങ്കയും പരിസ്ഥിതി സ്നേഹികളുടെ മനസിൽ ആശങ്ക പടർത്തുന്ന കാര്യമാണ്. അന്തരീക്ഷ ഊഷ്മാവിലുള്ള നിയന്ത്രണരഹിതമായ വ്യതിയാനങ്ങൾ കാലാവസ്ഥയെ ആകെ തകിടം മറിക്കുന്ന അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. ഒരു ചുഴലി കൊടുങ്കാറ്റ് മതി നമ്മുടെ വികസന മാതൃകകൾ നിലംപരിശാക്കാൻ എന്ന് എത്രയോ തവണ നമ്മൾ മനുഷ്യർ തിരിച്ചറിഞ്ഞിരിക്കുന്നു. അതു കൊണ്ട് തന്നെ നമ്മുടെ വികസന കാഴ്ചപ്പാടുകളെ പുനർനിർവചിക്കേണ്ടതിന്റെ ആവശ്യകതയാണ് ഓരോ പ്രകൃതി ദുരന്തവും സൂചിപ്പിക്കുന്നത്. പക്ഷെ മുതലാളിത്തത്തിന്റെയും, കോർപ്പറേറ്റ് ലാഭേച്ഛകളുടെയും ഒരു ലോകത്ത് അത് എത്ര മാത്രം സാധ്യമാണെന്ന് അറിയില്ല. കനത്ത മനുഷ്യ നാശം വിതച്ച ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾ ചോദ്യചിഹ്നമായി മുന്‍പിൽ തെളിഞ്ഞു നിൽക്കുന്പോഴും കുന്നുകൾ ഇടിച്ചു നിരപ്പാക്കിയും, മലകൾ തുരന്നും, പാറക്കെട്ടുകൾ തച്ചുടച്ചും, മണ്ണൊലിപ്പിനെ പ്രതിരോധിക്കേണ്ട മരങ്ങൾ വെട്ടി നശിപ്പിച്ചുമൊക്കെ മനുഷ്യൻ ആർമാദിച്ച് നടക്കുകയാണ്. പ്രകൃതിക്കുമേൽ ആർത്തി പൂണ്ട മനുഷ്യൻ നടത്തുന്ന ഇത്തരം കടന്നാക്രമങ്ങൾ നമ്മുടെ കൊച്ചു കേരളത്തിലും അനുദിനമെന്നോണം പെരുകി വരികയാണ്. വിപ്ലവം റിസോർട്ടിലൂടെയും, വാട്ടർ തീം പാർക്കിലൂടെയുമൊക്കെ നമ്മുടെ മുന്പിൽ ഫണം വിരിയിച്ച് ആടുന്പോൾ ഇതൊക്കെ നടക്കുന്നത് അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിലാണെന്ന വാസ്തവം മിക്കവരും തിരിച്ചറിയാതെ പോകുന്നു. നാട് ഭരിക്കുന്ന രാഷ്ട്രീയക്കാർക്ക് ഇതെല്ലാം അറിയാമെങ്കിലും, അവർ കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചകളായും മാറുന്നു. ഓർമ്മ വരുന്നത് ഗാന്ധജിയുടെ പ്രസക്തമായ വാക്കുകൾ മാത്രം. “ഈ ഭൂമി സന്പന്നമാണ്, മനുഷ്യന് ആവശ്യമുള്ളത് നൽകാൻ മാത്രം സന്പന്നം, എന്നു കരുതി അവന്റെ ആർത്തി ശമിപ്പിക്കാൻ ഈ ഭൂമിക്കാവില്ല തന്നെ”.
വാൽകഷ്ണം: പ്രകൃതി ദുരന്തങ്ങൾ വരുന്നത് സന്തോഷകരമല്ലെങ്കിലും അനാവശ്യ വിഷയങ്ങളിൽ പെട്ട് തങ്ങളുടെ വിലപ്പെട്ട ജീവിതസമയം പാഴാക്കുന്നവരുടെ കണ്ണ് തുറക്കാൻ ഇത്തരം സന്ദർഭങ്ങൾ നല്ലതാണ്. പ്രകൃതിയുടെ മുന്പിൽ ജീവജാലങ്ങളൊക്കെ ഒന്നാണെന്നും, ഒപ്പം അവരൊന്നുമല്ലെന്നും ഇത്തരം വിനാശങ്ങൾ തെളിയിക്കുന്നു..