അബി ഒഴിയുന്പോൾ...
പ്രദീപ് പുറവങ്കര
നിനച്ചിരിക്കാതെ മലയാളി കലാസ്വാദകർക്ക് ഒരു കനത്ത നഷ്ടം കൂടി ഇന്നുണ്ടായിരിക്കുന്നു. അബി എന്ന മിമിക്രിയിലെ സൂപ്പർസ്റ്റാർ നിര്യാതനായിരിക്കുന്നു. ഇന്നത്തെ പുതിയ തലമുറയ്ക്ക് അബി എന്താണെന്ന് അറിയണമെന്നില്ല. കാരണം സാങ്കേതികത ഇത്രയൊന്നും പുരോഗമിക്കാത്ത കാലത്താണ് ഓഡിയോ കാസറ്റുകളിലൂടെ അമിതാബ് ബച്ചനായും, മമ്മൂട്ടിയായും, ആമിനത്താത്തയും അബി നമ്മുടെ കാതുകളിൽ ഒഴുകി എത്തിയത്. കലാഭവൻ എന്ന പ്രസ്ഥാനവും അതിന്റെ അമരക്കാരനുമായ ആബേൽ അച്ചനുമാണ് ആമിന താത്തയെയും അബിയെയും ആസ്വാദന കേരളത്തിന് ആദ്യമായി പരിചയപ്പെടുത്തുന്നത്. കേരളത്തിലേക്ക് കുടിയേറിയ മിമിക്രി എന്ന കലാരൂപത്തെ കേരള മനസ്സുകളിൽ ചിരപ്രതിഷ്ഠ നൽകുന്നതിൽ അബിയ്ക്ക് വലിയ പങ്കാണ് ഉള്ളത്.
ഒരുകാലത്ത് മലയാള സിനിമയിൽ രൂപംകൊണ്ടും ശബ്ദംകൊണ്ടും മെഗാതാരം മമ്മൂട്ടിയ്ക്ക് പകരക്കാരനായി പോലും അബിയെ കണക്കാക്കിയിരുന്ന തരത്തിൽ അദ്ദേഹത്തിന്റെ ജനപ്രീതി ഉയർന്നിരുന്നു. മമ്മൂട്ടിയും ശാന്തികൃഷ്ണയും മുഖ്യവേഷങ്ങളിലെത്തിയ നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്ര മേനോൻ സിനിമയിലൂടെയാണ് അബി ചലച്ചിത്ര രംഗത്തെത്തിയത്. പക്ഷെ എന്തുകൊണ്ടോ സിനിമാരംഗത്ത് അദ്ദേഹത്തിന് ലഭിച്ചത് ഒരു തരം അവഗണനയായിരുന്നവെന്ന് പറയാതിരിക്കാൻ വയ്യ. അടുത്ത സുഹൃത്തുക്കളും സമകാലികരുമായ പല മിമിക്രി കലാകരാന്മാരും സിനിമയിൽ ഉന്നതികളിലേക്കെത്തിയപ്പോൾ എവിടെയോ ഒരു കോണിൽ അദ്ദേഹം അരിക്വൽക്കരിക്കപ്പെട്ടു. അമിതാഭ് ബച്ചന്റെ ശബ്ദം അനുകരിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു അബി. നിലവിൽ മലയാളത്തിൽ അമിതാഭ് ബച്ചന്റേതായി വരുന്ന പരസ്യങ്ങളിൽ മിക്കതിനും ശബ്ദം നൽകിയിരുക്കുന്നത് അബിയാണെന്ന കാര്യം വളരെ ചുരുക്കം പേർക്കേ അറിയൂ. സിനിമകളിൽ അദ്ദേഹത്തിന് അവസരങ്ങൾ കുറവായിരുന്നവെങ്കിലും തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇഷ്ടം പോലെ വേദികൾ ലഭിച്ച കലാകാരനാണ് അദ്ദേഹം. ഗൾഫ് രാജ്യങ്ങൾ അടക്കം നിരവധി രാജ്യങ്ങളിൽ അദ്ദേഹം തന്റെ മിമിക്രി പ്രകടനങ്ങളുമായി കടന്ന് ചെന്നിട്ടുണ്ട്. രോഗാതുരമായ അവസ്ഥയിൽ പോലും സമീപകാലത്ത് അമേരിക്കയിലടക്കം പരിപാടി അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. മറ്റ് പല പഴയ മിമിക്രിതാരങ്ങളെ പോലെ വേദിയില്ലാത്ത അബി എന്നൊരു അവസ്ഥ അദ്ദേഹത്തിന് ഉണ്ടായില്ല എന്നത് തന്നെ ആ പ്രതിഭയുടെ മാറ്റ് മനസിലാക്കി തരുന്ന കാര്യമാണ്.
മികച്ച കലാകാരൻമാർ ബാക്കി വെച്ചു പോകുന്ന കലാസൃഷ്ടികൾ എന്നും ആരാധക മനസ്സകളിൽ ജീവിക്കും. അതുകൊണ്ട് തന്നെ അബി അന്തരിച്ചുവെന്നത് ഒരു യാഥാർത്ഥ്യമാണെങ്കിലും, അമിതാഭ് ബച്ചന്റെ ശബ്ദമായും ആമിനത്താത്തയായും മലയാള മനസ്സുകളിൽ നിന്നും ഒരിക്കലും വിട്ടുപോകാൻ അദ്ദേഹത്തിന് ആകില്ല എന്നുതന്നെയാണ് സത്യം.
ആ കലാകാരന്റെ ഓർമ്മകൾക്ക് മുന്പിൽ ആദരാജ്ഞലികളോടെ...