മാ­വേ­ലി­ പോ­ലെ­യൊ­രു­ മന്ത്രി­...


പ്രദീപ് പുറവങ്കര

കേരള രാഷ്ട്രീയരംഗത്ത് നിന്ന് ഒരു നല്ല രാഷ്ട്രീയപ്രവർത്തകൻ കൂടി വിടവാങ്ങിയിരിക്കുന്നു. സമൂഹനന്മ ജീവിതലക്ഷ്യമാക്കി പൊതുപ്രവർത്തനം നടത്തിയിരുന്ന ഒരു ഉത്തമ കമ്മ്യൂണിസ്റ്റിനെ കൂടിയാണ് നാടിന് നഷ്ടമായത്. ഒരാളുടെ മൂല്യം മനസിലാക്കുന്നത് അദ്ദേഹം ജീവിക്കുന്പോൾ അല്ല മറിച്ച് മരണപ്പെടുന്പോഴാണെന്ന് പറയാറുണ്ട്. രാഷ്ട്രീയത്തിലെ സൗമ്യസാന്നിദ്ധ്യമായിരുന്ന ഇ. ചന്ദ്രശേഖരൻ നായർ കൂടുതലായി ഓർമ്മിക്കപ്പെടാനിരിക്കുന്നതും ഇതേ കാരണം കൊണ്ട് തന്നെയായിരിക്കും. പൊതുജീവിതത്തിൽ ഒരു രാഷ്ട്രീയപ്രവർത്തകൻ വെച്ചു പുലർത്തേണ്ട നൈർമല്യത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. എന്നും കാത്തുസൂക്ഷിച്ച പുഞ്ചിരി പോലെ തന്നെ തിളക്കമാർന്ന വ്യക്തിത്വം. ഏറ്റെടുക്കുന്ന ജോലിയോടുള്ള ആത്മാർത്ഥതയും അത് അന്യാദൃശമായ വൈഭവത്തോടെ പൂർ‍ത്തീകരിക്കാനുള്ള കഴിവും ഇ. ചന്ദ്രശേഖരൻ  എന്ന രാഷ്ട്രീയക്കാരനിലെ സാധാരണക്കാരനിൽ ഒരുപോലെ സമ്മേളിച്ചിരുന്നു. നമ്മുടെ നേതാക്കളിൽ നിന്ന് സാധാരണ ജനം പ്രതീക്ഷിക്കുന്ന ഇത്തരം നല്ല ഗുണങ്ങളുടെയെല്ലാം കൂടിച്ചേരലായിരുന്നു ഇ. ചന്ദ്രശേഖരൻ നായർ. 

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർ‍ട്ടിയിൽ 1952ൽ അംഗമായ ചന്ദ്രശേഖരൻ‍ നായർ‍, തൊള്ളായിരത്തി അന്‍പത്തിയേഴിലും അറുപത്തിയേഴിലും കൊട്ടാരക്കരയിൽ‍ നിന്നും എഴുപത്തിയേഴിലും എൺപതിലും ചടയമംഗലത്തുനിന്നും എൺ‍പത്തിയേഴിൽ പത്തനാപുരത്തുനിന്നും തൊണ്ണൂറ്റിആറിൽ കരുനാഗപള്ളിയിൽ നിന്നുമടക്കം പത്തൊന്‍പത് വർഷം കേരള നിയമസഭയിൽ അംഗമായിരുന്നു. ഇതോടൊപ്പം തന്നെ നാല് പതിറ്റാണ്ടോളം കേരളത്തിലെ സഹകരണമേഖലയിലും അദ്ദേഹത്തിന്റെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു.  

സംസ്ഥാനത്ത് സഹകരണ നിക്ഷേപസമാഹരണത്തിന് 1976ൽ തുടക്കം കുറിച്ചത് ഇദ്ദേഹം സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ്. സാധാരണക്കാരന്റെയും പട്ടിണിപ്പാവങ്ങളുടെയും ആശ്രയമായി ഒരു കാലത്ത് മാറുകയും പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ ഭരണകൂടത്തിന് സഹായകരമായ രീതിയിൽ പ്രവർത്തിച്ചതുമായ മാവേലി സ്റ്റോറും ഇ.ചന്ദ്രശേഖരൻ നായരുടെ സൃഷ്ടിയാണ്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഓണാമാഘോഷിക്കാൻ സാധിക്കണമെന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ ഓണചന്തകളുടെ വിജയമാണ് മാവേലിസ്റ്റോറുകൾ ആരംഭിക്കാൻ പ്രേരകമായത്. ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന പൊതുവിതരണമേഖലയുടെ അടിസ്ഥാന ശിൽപ്പി കൂടിയാണ് അദ്ദേഹം. 

അധികാര രാഷ്ട്രീയത്തിന്റെ തിമിരം ബാധിച്ച് ധാർഷ്ട്യം മുഖലക്ഷണമാക്കി നടക്കുന്ന രാഷ്ട്രീയനേതാക്കളെന്ന് അവകാശപ്പെടുന്നവർക്ക് ഒരു പാഠപുസ്തകമാണ് ഇ.ചന്ദ്രശേഖരൻ നായരെ പോലെയുള്ള വ്യക്തിത്വങ്ങൾ. അവർ ജനങ്ങളുടെ മനസ്സാണ് കവർന്നിട്ടുള്ളത്, പോക്കറ്റല്ല.  ജീവിതത്തിൽ ‍‍നിന്നും ഇത്തരം വ്യക്തികൾ വിടപറയുന്പോഴും അവർ ഉയർത്തിയ നന്മയുടെ വിളക്കുമരങ്ങൾ സമൂഹത്തിന്റെ വഴികാട്ടിയായി എക്കാലവും നിലനിൽ‍ക്കുമെന്നു പറഞ്ഞുകൊണ്ട് ഇ.ചന്ദ്രശേഖരൻ നായരുടെ ഓർമ്മകൾക്ക് മുന്പിൽ ആദരാജ്ഞലി അർപ്പിക്കുന്നു...

You might also like

Most Viewed