അധി­കാ­രത്തി­ന്റെ­ അഹങ്കാ­രം...


പ്രദീപ് പുറവങ്കര

കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ ഒരു ജനപ്രതിനിധി ഒരു ഉദ്യോഗസ്ഥയോട് പൊട്ടിതെറിക്കുകയും, പിന്നീട് അതിനെ ചൊല്ലി ഖേദിക്കുകയുമൊക്കെ ചെയ്ത നടപടി ഏവരും അറിഞ്ഞിരിക്കുമല്ലോ. നെയ്യാറ്റിൻകരയിൽ മാരായമുട്ടം പാറമട അപകടത്തിൽ മരിച്ച രണ്ടുപേരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ചു പാറശാല എംഎൽഎ സി.കെ ഹരീന്ദ്രൻ നാട്ടുകാരുടെ മുന്നിൽ വെച്ചു ഡെപ്യൂട്ടി കളക്‌ടർ എസ്.ജെ വിജയയോടു പെരുമാറിയ രീതിയെ പറ്റി തന്നെയാണ് പറഞ്ഞു വരുന്നത്. രാഷ്ട്രീയ നേതാക്കൾ അധികാര സ്ഥാനത്തെത്തിയാൽ ആ അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിക്കുന്പോഴാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ജനാധിപത്യ വ്യവസ്ഥിതിയിൽ സാധാരണക്കാരായ ജനങ്ങൾ വിശ്വാസപൂർവ്വം തെരഞ്ഞെടുത്താണ് തന്നെ ഈ സ്ഥാനത്ത് എത്തിച്ചതെന്ന കാര്യം പലപ്പോഴും അവർ മറന്നുപോകുന്നു. പൊതുപ്രവർത്തകർ, വിശിഷ്യാ ജനപ്രതിനിധികൾ, തങ്ങളുടെ പെരുമാറ്റത്തിൽ സാധാരണ ജനങ്ങളോടായാലും ഉദ്യോഗസ്ഥരോടായാലും സഹപ്രവർത്തകരോടായാലും പുലർത്തേണ്ട സാമാന്യ മര്യാദകളുടെ ലംഘനവും ഇത്തരം സാഹചര്യങ്ങളിൽ അരങ്ങേറുന്നു. 

തിരുവനന്തപുരത്ത് അരങ്ങേറിയ സംഭവം മാധ്യമങ്ങളിൽ ചർച്ചാവിഷയമായപ്പോൾ, താൻ മോശപ്പെട്ട വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നു കളവു പറഞ്ഞു രക്ഷപ്പെടാനാണ് ആദ്യം ശ്രീ ഹരീന്ദ്രൻ എംഎൽഎ ശ്രമിച്ചത്. പക്ഷെ വീഡിയോ ദൃശ്യങ്ങൾ വന്നതോടെ ആ കളവു പൊളിഞ്ഞു. മാധ്യമങ്ങളിൽ വിഷയം സജീവമായതോടെ എംഎൽഎയ്ക്കു ഖേദം പ്രകടിപ്പിക്കാതെ നിർവ്വാഹമില്ലാതായി. താൻ ഉപയോഗിച്ച വാക്കുകൾ ഡെപ്യൂട്ടി കളക്‌ടർക്കു മാനസികമായി വിഷമമുണ്ടാക്കിയെന്നതിലാണ് അദ്ദേഹത്തിന് അതിശയം. അതേ വാക്കുകൾ അദ്ദേഹത്തോട് ഉപയോഗിച്ചാൽ ആ ഉദ്യോഗസ്ഥയ്ക്ക് ഇന്ന് ജോലി നഷ്ടപ്പെട്ടേനെ എന്ന യാഥാർത്ഥ്യം അദ്ദേഹം ഓർക്കുന്നില്ല. ഇതിനുമുന്പും ചില ജനനേതാക്കൾ പൊതുസമൂഹത്തിൽ ഉദ്യോഗസ്ഥരോടും മറ്റും തട്ടിക്ക‍യറുകയും അസഭ്യങ്ങൾ പറയുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജനനേതാക്കളെന്ന നിലയിൽ തങ്ങൾക്ക് ഇതിനെല്ലാം ലൈസൻസ് ഉണ്ടെന്നായിരിക്കാം അവരുടെ ധാരണ. അല്ലെങ്കിൽ തന്‍റേടം കാണിക്കുന്നതിലൂടെ നാലുവോട്ട് കൂടുതൽ കിട്ടുമെന്ന് അവർ വ്യാമോഹിക്കുന്നുണ്ടാവും. സംസ്കാരമുള്ളവർ മറിച്ചാണ് വിലയിടുന്നതെന്ന് അവർ അറിയുന്നില്ല. എന്ത് തന്നെയായാലും ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളും ധാർഷ്‌ട്യത്തിന്‍റെ രാഷ്‌ട്രീയം ശക്തി പ്രാപിക്കുന്നതിന്‍റെ ലക്ഷണമാണത്. രാഷ്‌ട്രീയത്തിലൂടെ എന്തും നേടാം, എന്തുമാകാം എന്ന ചിന്ത അപകടരമാണ്. നേതാക്കളുടെ ഏതു പ്രവൃത്തിക്കും പിന്തുണ നൽകാൻ കുറെ പാദസേവകരും എപ്പോഴുമുണ്ടാകും. ഈ മനോഭാവം ചികിത്സ ആവശ്യമുള്ള രോഗമാണ്. സ്ത്രീകൾക്കു മാന്യത കൽപ്പിക്കുകയും ആദരവു നൽകുകയും ചെയ്യുന്ന സംസ്കാരമാണ് നമ്മുടേത്. അധികാര രാഷ്‌ട്രീയത്തിന്‍റെ മദം പൊട്ടിയാൽ ഇത്തരം സംസ്കാരമെല്ലാം മറക്കുന്ന അവസ്ഥ കഷ്‌ടംതന്നെ എന്നും പറയാതെ വയ്യ. കാര്യം കുഴപ്പമാകുമെന്നു കാണുന്പോൾ ഖേദപ്രകടനം നടത്തിയെന്നുവരുത്തി പരിഹരിക്കാവുന്നതല്ല ഇത്തരം പ്രശ്നങ്ങളെന്നും, കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വലിയൊരു അപകടസൂചനയാണെന്നും ഇവിടെ ഓർമ്മിപ്പിക്കട്ടെ.

You might also like

Most Viewed