ഭരണഘടനാ ദിനം കടന്നു പോകുന്പോൾ...
പ്രദീപ് പുറവങ്കര
ഇന്നലെ, നവംബർ 26 ഇന്ത്യയുടെ ഭരണഘടനാ ദിനമായി ആചരിക്കപ്പെട്ടു. ഓരോ ഭാരത പൗരനും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കാനുള്ള അവസരമാണ് ഈ ദിനത്തിലൂടെ വിഭാവനം ചെയ്യുന്നത്. അതോടൊപ്പം വിശാലവും ശക്തവുമായ ഈ ഭരണഘടനയുടെ പ്രവർത്തനം വിലയിരുത്തി പാളിച്ചകൾ മനസിലാക്കി കരുതലോടെ മുന്നോട്ടുപോകാനുള്ള ദൃഢനിശ്ചയം പ്രകടിപ്പിക്കാനും ഭരണഘടനാദിനം നമ്മോട് ആവശ്യപ്പെടുന്നു. ഭാരതത്തിന്റെ ഭരണഘടന മറ്റ് പല രാഷ്ട്രങ്ങളുടേതും പോലെ ചലനരഹിതമായ വെറുമൊരു രേഖ മാത്രമല്ല മറിച്ച് മാറുന്ന സമൂഹത്തിന്റെ ആശയാഭിലാഷങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്വാഭാവം കൂടി അത് ഉൾകൊള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ഭരണഘടന അതിന്റെ പ്രാഥമിക ദൗത്യമായ ഒരു ചട്ടക്കൂട് പ്രദാനം ചെയ്യുക എന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. എക്കാലവും ഒരു മാറ്റവും കൂടാതെ നിലനിൽക്കേണ്ട ഒന്നാണ് ഈ ഭരണഘടന എന്ന് അതിന്റെ നിർമ്മാതാക്കൾ ഒരിക്കലും ചിന്തിക്കാത്തത് കാരണമാണ് സമൂഹത്തിന്റെ ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് ആവശ്യമായ ഭേദഗതികൾ വരുത്താനുള്ള വ്യക്തമായ വ്യവസ്ഥകൾ ഭരണഘടനയുടെ 368−ാമത് അനുച്ഛേദത്തിൽ അവർ എഴുതിചേർത്തത്.
ഇപ്രകാരം ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം അനിയന്ത്രിതമാണോ, അഥവാ പരിമിതികൾക്ക് വിധേയമാണോ എന്ന ചോദ്യം പിൽക്കാലത്ത് ഉയർന്നുവന്നതും ഈ ദിനാചരണത്തിന്റെ ഭാഗമായി ഓർക്കട്ടെ. അന്തിമമായ അധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റിനും നിയമസഭകൾക്കുമാണോ, അതല്ല, ഭരണഘടനാ വ്യാഖ്യാനം നിർവ്വഹിക്കാൻ ചുമതലപ്പെട്ട നീതിപീഠത്തിനാണോ എന്ന തലത്തിലേയ്ക്ക് ഈ സംവാദം എത്തിച്ചേർന്നു. അത് ഇന്നും തുടരുന്നുണ്ട്. അധികാര വിഭജനം എന്ന തത്വം നമ്മുടെ ഭരണഘടന ഏറെക്കുറെ അംഗീകരിച്ചിട്ടുണ്ടെങ്കിലും എക്സിസിക്യൂട്ടീവ്, ലജിസ്ലേച്ചർ, ജുഡീഷ്യൽ എന്നീ മൂന്ന് ഘടകങ്ങൾ പരസ്പരം സഹകരിക്കുകയും ഏതെങ്കിലും ഒരു ഘടകം ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുന്പോൾ മറ്റൊരു ഘടകം അതിൽ ഇടപെട്ട് തിരുത്തൽ നടത്തി ഭരണഘടനയുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്ന സമീപനമാണ് പൊതുവെ നമ്മുടെ രാജ്യം അവലംബിച്ചിട്ടുള്ളത്. ഭരണഘടനയുടെ ആമുഖത്തിൽ രാഷ്ട്രത്തെ വിശേഷിപ്പിക്കുന്നത് ഒരു പരമാധികാര, ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് രാഷ്ട്രം എന്നാണ്. ഇവയിൽ ഓരോ വിശേഷണവും എത്രത്തോളം അനർത്ഥമാണ് എന്ന ഒരു അന്വേഷണം നടത്താനും ഭരണഘടനാ ദിനം നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. മേൽപ്പറഞ്ഞതിൽ ഓരോ സങ്കൽപ്പവും കൂടുതൽ ദുർബലമാകുന്നു എന്നതാണ് വർത്തമാനകാല യാഥാർത്ഥ്യം. ഇതിൽ ഏറ്റവും ഉൽകണ്ഠാജനകമായ വസ്തുത ഒരു ജനാധിപത്യ രാഷ്ട്രത്തിൽ അതീവ പ്രാധാന്യത്തോടെ ഉയർത്തിപ്പിടിക്കേണ്ട അഭിപ്രായ പ്രകടന സ്വാതന്ത്ര്യം പല കോണുകളിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടുന്നു എന്നത് തന്നെയാണ്. ഭരണഘടനയുടെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് ജനങ്ങളുടെ മേൽ അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ആശാസ്യമായ നടപടിയല്ല. അടിയന്തരാവസ്ഥ പോലെയുള്ള ദുരന്തങ്ങളുടെ സ്മരണ തിരികെ കൊണ്ടുവരുന്നത് മാത്രമാകും അത്തരം പ്രവൃത്തികൾ എന്നും ഇവിടെ ഓർമ്മിപ്പിക്കട്ടെ...!!