നാടല്ല, മറുനാട്...
പ്രദീപ് പുറവങ്കര
www.pradeeppuravankara.com
നാട്ടിലെയും പ്രവാസലോകത്തെയും തൊഴിൽ സംസ്കാരത്തിന് വലിയ വ്യത്യാസങ്ങളുണ്ട്. അതറിയണമെങ്കിൽ രണ്ടിടത്തുമുള്ള ഗവൺമെന്റ് ഓഫീസുകളിൽ ചെന്നാൽ മതിയാകും. മിക്കയിടത്തും ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന ജീവനക്കാരെയാണ് ഗൾഫ് മേഖലയിൽ കാണാൻ സാധിക്കുക. ഒരാൾ തന്നെ തേടി വരുന്നത് ഒരാവശ്യത്തിന്റെ പൂർത്തീകരണത്തിന് വേണ്ടിയാണെന്നും അത് നടപ്പിലാക്കി കൊടുക്കാനാണ് തനിക്ക് ശന്പളം ലഭിക്കുന്നതെന്നും തിരിച്ചറിയുന്നവരാണ് ഇവിടെ മിക്കവരും. അതേസമയം നമ്മുടെ നാട്ടിൽ ഒരു വില്ലേജ് ഓഫീസിൽ പോലും പോയിട്ടുള്ള ആർക്കും അവിടെ ഇരിക്കുന്നവരുടെ പെരുമാറ്റങ്ങളെ പറ്റി നിരവധി കുറ്റങ്ങൾ പറയാനുണ്ടാകും. എങ്ങിനെയൊക്കെ ഒരു ഓഫീസിൽ വരുന്നയാളെ ഉപദ്രവിക്കാം എന്നതിൽ ബിരുദാനന്തര ബിരുദം നേടിയവരാണ് മിക്കവരും. ഉപഭോക്താവിനെ രാജാവായി കാണണമെന്ന് ഓർമ്മിപ്പിച്ച രാഷ്ട്ര പിതാവിന്റെ നാട്ടിൽ എന്തു കൊണ്ടോ ആ ശീലം മാത്രം തീരെ ഉണ്ടാകുന്നില്ല.
പക്ഷെ കടൽ കടന്ന് മറ്റൊരു രാജ്യത്ത് ജോലി ചെയ്തു തുടങ്ങുന്പോൾ ഈ ഒരു സ്വഭാവത്തിന് മാറ്റവുമുണ്ടാകുന്നു. ആ ഒരു സേവന മനോഭാവം കൊണ്ട് തന്നെയാണ് വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ പ്രിയപ്പെട്ടവരായി മാറുന്നത്. പ്രവാസലോകത്ത് ഇന്ത്യയുടെ പ്രതിനിധികളായി സ്വകാര്യ മേഖലയിൽ നിന്നുള്ളത് പോലെ ഇന്ന് ധാരാളം പൊതുമേഖല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. അതിൽ മിക്കതും നേരത്തേ സൂചിപ്പിച്ചത് പോലെ ഉപഭോക്താക്കളോട് നല്ല രീതിയിൽ പെരുമാറുന്നവരാണെങ്കിലും, അൽപ്പം ചിലരെങ്കിലും നാട്ടിലേതിനേക്കാൾ മോശമാണെന്ന് പറയാതിരിക്കാൻ വയ്യ. നമ്മുടെ നാട്ടിൽ നിന്നുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം പോകാനിടയായി. നമ്മുടെ ഹൃദയത്തോട് ചേർത്തു വെയ്ക്കുന്ന പേരാണ് ആ സ്ഥാപനത്തിനുള്ളതെങ്കിലും അവിടെ ഉള്ള ജീവനക്കാരുടെ പെരുമാറ്റം അസഹനീയമായി തോന്നി. മുഖയമയുർത്തി ഒന്ന് പുഞ്ചിരിക്കാൻ പോലും താത്പര്യമില്ലാത്ത കുറേ പേർ നിരന്നിരിക്കുന്ന അവിടെ രാഷ്ട്ര പിതാവിന്റെ ചിത്രവും ഒരു മൂലയിൽ വെച്ചിട്ടുണ്ടായിരുന്നു. പലരുടെയും മട്ടും ഭാവവും കണ്ടപ്പോൾ അൽപ്പ സമയത്തേയ്ക്ക് എങ്കിലും അഹിംസയുടെ ആ പ്രവാചകന് ജീവൻ തിരികെ കിട്ടിയാൽ തന്റെ കൈയിലെ വടികൊണ്ട് ൻ മുന്പിലിരിക്കുന്നവർക്കൊക്കെ ഒരടിയെങ്കിലും വെച്ചു കൊടുക്കുമെന്ന് തോന്നിപോയി. സ്വദേശികൾ അടക്കമുള്ളവർ ഇവിടെ വന്ന് ജീവനക്കാരുടെ ഉത്തരവാദിത്വരാഹിത്യത്തെ പറ്റി ഉറക്കെ പറയുന്നത് ഓരോ ഇന്ത്യക്കാരനെയും നാണം കെടുത്തുന്ന തരത്തിലുമായിരുന്നു. സ്വന്തം രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്ത് വന്ന ജോലി ചെയ്യുന്നവരാണ് പ്രവാസികൾ. അവിടെ അവർ തെറ്റായി ഒരു കാര്യം അറിഞ്ഞോ അറിയാതെയോ ചെയ്തു പോകുന്പോൾ അത് ബാധിക്കുന്നത് വലിയൊരു ജനസമൂഹത്തെയാണ്. കുറച്ച് പേർ ചെയ്യുന്ന ഇത്തരം പ്രവർത്തിയുടെ ദോഷഫലം അനുഭവിക്കേണ്ടി വരുന്നത് ഒരു സമൂഹം മൊത്തമായിട്ടാണ്. അതുകൊണ്ട് തന്നെ ഇവിടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാട്ടിലെ അതേ തൊഴിൽ സംസ്കാരം ഇവിടെ പറിച്ചു നടരുത്. നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരിക്കാം. പക്ഷെ പാവപ്പെട്ട ധാരാളം ഇന്ത്യക്കാർ ഈ നാടുകളിലുണ്ട്. അവരെ നിങ്ങൾ നാണം കെടുത്തരുതെന്ന് അപേക്ഷ...