കണ്ണാ­ടി­ക്ക് പോ­റൽ ഏൽ­ക്കു­ന്പോൾ...


പ്രദീപ് പുറവങ്കര

അധികാരത്തിലിരിക്കുന്നവരെ വിമർശിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടതെന്ന ഒരു പൊതുതത്വം നമ്മുടെ നാട്ടിൽ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷസ്വരം പൊതുവേ മാധ്യമങ്ങൾ ഉണ്ടാക്കി വെക്കുന്നതിന്റെ പ്രധാനകാരണം സമൂഹത്തിൽ ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളാൻ വേണ്ടി തന്നെയാണ്. അതുകൊണ്ടാണ് എത്ര തന്നെ ഭൂരിപക്ഷത്തിൽ വന്ന മുന്നണിയാണെങ്കിലും പിന്നീട് അവർ ചെയ്തു പോകുന്ന തെറ്റുകളെ വിമർശിക്കാൻ ആ കക്ഷിയുടെ ജിഹ്വ അല്ലാത്ത മിക്ക മാധ്യമങ്ങളും തയ്യാറാകുന്നത്. അത് പലപ്പോഴും അധികാരത്തിന്റെ സുഖം പിടിച്ചു കഴിഞ്ഞാൽ ഭരണാധികാരികൾക്ക് അത്ര ഇഷ്ടപ്പെടാറില്ലെന്ന് മാത്രം. അപ്പോൾ മാധ്യമസദാചാരത്തിന്റെ പ്രസക്തിയെ പറ്റി അവർ വാചാലരാകും. 

അതേസമയം നമ്മുടെ മിക്ക മാധ്യമങ്ങളുടെയും സംസ്‌കാരം വളരെയധികം മാറിക്കഴിഞ്ഞിരിക്കുന്നു എന്ന ആരോപണവും തള്ളികളയാൻ സാധിക്കില്ല. സമൂഹത്തിന്റെ പുരോഗതിക്കുതകുന്ന തരത്തിൽ സമൂഹത്തിനെ തന്നെ മാറ്റിയെടുക്കുന്ന ഒരു റോളാണ്  മാധ്യമങ്ങൾക്ക് മുന്പ് നൽകിയതെങ്കിൽ ഇന്ന് അത് ലാഭം ഉണ്ടാക്കുന്ന സംവിധാനങ്ങളായി മാത്രം ചിലയിടങ്ങളിലെങ്കിലും അധഃപതിച്ചിട്ടുണ്ട്്. ഓരോ മാധ്യമസ്ഥാപനത്തിനും അതിന്റേതായ രാഷ്ട്രീയവും അജണ്ടകളുമുണ്ട്. ആ അജണ്ടകൾ വെച്ചു തന്നെയാണ് വാർ‍ത്തകളും മറ്റ് പരിപാടികളും നൽ‍കുന്നത്. പത്രങ്ങൾ സർക്കുലേഷൻ വിഷയമാകുന്പോൾ ചാനലുകൾക്ക് റേറ്റിങ്ങ് ഒരു പ്രശ്നമാകുന്നു.  വാർത്താചാനലുകളിൽ യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ ഒക്കെ ഒഴിവാക്കി  സെൻസേഷണലൈസേഷന് പ്രധാന്യം നൽകി കൊണ്ട് നടുക്ക് ഒരു റഫറിയും നാല് ഭാഗത്ത് ആൾക്കാരും നിന്ന് ഒരു ശബ്ദകോലാഹലത്തിനപ്പുറത്തേയ്ക്ക് ആഴത്തിൽ‍ കാര്യങ്ങളെ അപഗ്രഥിക്കുകയോ വിശകലനം ചെയ്യുകയോ സാധ്യമാകുന്നില്ല എന്നും പറയാതെ വയ്യ. 

പക്ഷെ അതേസമയം ബഹളം വെയ്ക്കുന്ന ഈ ചാനലുകൾ കാണാൻ സ്ക്രീനിന് അപ്പുറത്ത് പ്രേക്ഷകർ ഉണ്ടെന്നിരിക്കെ ഈ സാഹചര്യം മാറാനും പോവുന്നില്ല.  ശബരിമലയിൽ മണ്ധല വിളക്ക് തെളിയുന്ന ദിവസമാണെങ്കിലും, താരം പീഢിപ്പിച്ച വിഷയമാണെങ്കിലും, മന്ത്രിയുടെ കായൽ കയ്യേറ്റമാണെങ്കിലും ഒരുതരം ഉന്മാദാവസ്ഥയിലാണ് പ്രേക്ഷകർ ഇതൊക്കെ കാണുന്നത്. ഇതല്ല ‍‍ഞങ്ങൾക്ക് വേണ്ടത് എന്ന് ഈ പ്രേക്ഷകൻ പറയാത്തിടത്തോളം കാലം ലഹരി പോലെ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങൾ പ്രേക്ഷകനു പകർന്ന് നൽകി കൊണ്ടേയിരിക്കും.  റിമോട്ട് കൺട്രോൾ അവന്റെ കൈയിൽ ഉണ്ടായിട്ടുകൂടി ഒരു ചാനലിൽ നിന്ന് വേറെ ചാനൽ, അതിൽ നിന്ന് വേറെ എന്ന രീതിയിൽ ഒരു ദിവസം മൂന്ന് മണിക്കൂറെങ്കിലും മിക്കവരും ചാനലുകൾക്ക് മുന്നിൽ ചെലവഴിക്കുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്. അതു കൊണ്ട് തന്നെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരിൽ എന്ത് തരം അധാർമ്മികതയും പ്രോത്സാഹിപ്പിക്കണമെന്ന് അംഗീകരിക്കാൻ പറ്റില്ലെങ്കിലും മാറിയ കാലത്തിന് അനുസരിച്ച് അറിയാനുള്ള ആഗ്രഹങ്ങൾക്കും സങ്കൽപ്പങ്ങൾക്കുമനുസരിച്ച്‌, മാധ്യമങ്ങളുടെ പ്രവർത്തന രീതിയും മാറി വരുമെന്ന് ഭരണാധികാരികളും തിരിച്ചറിയേണ്ടതുണ്ട്. അതിന് വേണ്ട നൂതനമായ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കുകയാണെങ്കിൽ ആരുടെയും മൂക്കിൻ തുന്പത്തേയ്ക്ക് മൈക്രോഫോണുകൾ ഉയരുകയില്ലെന്ന് തീർച്ച!!

You might also like

Most Viewed