മനസ് നനച്ച് വീ­ണ്ടു­മൊ­രു­ മഴ...


പ്രദീപ് പുറവങ്കര

‘അമ്മേ­, വരൂ­ വരൂ­ വെ­ക്കം വെ­ളി­യി­ലേ­
യ്ക്കല്ലങ്കി­ലി­മ്മഴ തോ­ർ­ന്നു­ പോ­മെ­;
എന്തൊ­രാ­ഹ്ലാ­ദമാ­ മു­റ്റത്തടി­ക്കടി­
പൊ­ന്തു­ന്ന വെ­ള്ളത്തി­ൽ­ത്തത്തി­ച്ചാ­ടാ­ൻ‍!’

ബാലാമണിയമ്മയുടെ പ്രശസ്തമായ ‘മഴവെള്ളത്തിൽ‍’ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. പ്രവാസലോകത്ത് വീണ്ടും മഴത്തുള്ളികൾ വിരുന്നെത്തുന്പോൾ ഓരോ പ്രവാസിക്കും ഇത് ഓർമ്മകളുടെ പെയ്ത്ത് കാലമാകുന്നു. കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുന്ന മഴയിൽ നിന്നു ഓടി വന്നു ഇവിടെയുള്ള എ.സി തണുപ്പിൽ ഇരിക്കുന്പോഴും അപ്പുറത്ത് കണ്ണാടി ജാലകത്തിനപ്പുറത്ത് മഴ നിറയുന്പോൾ അതേ പറ്റി അല്ലാതെ ഞാനുമെന്തെഴുതാൻ. അതു കൊണ്ട് തന്നെ ഇന്ന് തോന്ന്യാക്ഷരത്തിൽ മഴ പെയ്യട്ടെ. 

ജീവിതത്തിലെ ഏതെങ്കിലുമൊരു പ്രധാനപ്പെട്ട സംഭവം മഴയുമായി ബന്ധപ്പെട്ട് ഇല്ലാത്തവരായി ആരുമുണ്ടാകില്ല. മഴ എന്നത് സന്തോഷവും ദുഃഖവും എല്ലാം അടങ്ങിയിരിക്കുന്ന വികാരമാണ്. എത്രകണ്ടാലും മതിവരാത്ത എന്തോ ഒരു വശീകരണം മഴയ്ക്കുണ്ട് എന്ന് സാഹിത്യകാരൻമാരും ഓർമ്മിക്കുന്നു. കടലിനുമീതെ പെയ്യുന്ന മഴയ്ക്ക് എല്ലാവികാരങ്ങളും ശമിപ്പിക്കുന്ന ആത്മീയ ചൈതന്യത്തിന്റെ ഭാവമാണെങ്കിൽ കണ്ണെത്താദൂരത്തോളം കിടക്കുന്ന പാടങ്ങളിൽ ചാഞ്ഞു പെയ്യുന്ന നേരം മഴ ലജ്ജാവതിയായ പെൺ‍കൊടിയായി മാറുന്നു. തേയിലത്തോട്ടങ്ങൾ കടന്ന് മലയിറങ്ങി വരുന്ന മഴയ്ക്ക് സഞ്ചാരിയുടെ മുഖമാണ്. നേർത്ത സ്വർണ്ണ നൂലുകൾ പോലെ മണ്ണിലേക്ക് ഊർന്നു വീഴുന്ന വേനൽ‍മഴയും, ആർ‍ത്തലച്ചു അലമുറയിട്ട് പെയ്യുന്ന കർ‍ക്കിടകമഴയും, അടച്ചിട്ട ജാലകങ്ങൾ‍ക്കപ്പുറത്തു നിന്ന് കാറ്റിന്റെ മർമ്മരമുതിർക്കുന്ന രാത്രിമഴയും, പൊട്ടിചിതറുന്ന കുപ്പിവളകൾ പോലെ ചിന്നിച്ചിതറുന്ന പുതുമഴയും ഒക്കെ  ഭാവനയുടെ ചിറകു വിടർത്തി വീശിയാടുന്ന ചിന്തകളാണ്. 

കാളിദാസൻ മുതൽ അക്ഷരങ്ങളുടെ ലോകത്ത് പിച്ചവെച്ച് നടക്കുന്നവർക്ക് വരെ മഴ പ്രണയിനിയാണ്. എത്രയെഴുതിയാലും വായിച്ചാലും മതിവരാത്ത പ്രണയമാണ് ആ അക്ഷരങ്ങളിൽ മഴ എന്ന വികാരം കോരി നിറയ്ക്കുന്നത്. മഴ കഥാപാത്രം തന്നെയായി മാറിയ ചലചിത്രങ്ങൾ നമുക്കുണ്ട്. തൂവാനതുന്പികളും, പിറവിയും, പെരുമഴക്കാലവും ഒക്കെ ഉദാഹരണം.  മഴയെ തൊട്ട്, മഴയിൽ‍ അലിഞ്ഞു, അവസാനം മഴയായ് മാറിയ വിക്ടർ ജോർജ്ജ് എന്ന പടമെടുപ്പുക്കാരൻ്റെ നൊന്പരപ്പെടുത്തുന്ന ഓർമ്മപ്പെടുത്തലാണ് മലയാളി മാധ്യമപ്രവർത്തകർക്ക് ഓരോ മഴക്കാലവും സമ്മാനിക്കുന്നത്.  ഇങ്ങിനെ ഓരോ തുള്ളി മഴയും ഒരേ സമയം എത്രയോ മനസ്സുകളെ സ്പർശിച്ചു കൊണ്ടിരിക്കുന്നുണ്ടാകും. സന്തോഷത്തിൽ ഒന്നിച്ച് പൊട്ടിച്ചിരിക്കുന്നതായും ദുഃഖത്തിൽ നമുക്കൊപ്പം കണ്ണീർ വാർക്കുന്നതായും അനുഭവപ്പെടുത്താൻ ഈ മഴയ്ക്ക് മാത്രമേ സാധിക്കൂ. ആവി പറക്കുന്ന ഒരു കട്ടൻ ചായുമേന്തി പതിയെ ഷഹബാസ് അമന്റെ “മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ” എന്ന ഗാനവും കേട്ട് ഒന്നൽപ്പം കണ്ണടച്ചാൽ തൊട്ടപ്പുറത്ത് ഇപ്പോൾ നിറയും മഴയുടെ മാസ്മരിക സംഗീതം. ഒന്നുകൂടി ശ്രദ്ധിച്ചാൽ കേൾക്കാം നന‍ഞ്ഞൊട്ടിയ ആ ഇടവഴിയും, അവിടെ നിന്ന് രാത്രി സംഗീതം പൊഴിക്കുന്ന ചീവീടിന്റെ ശബ്ദവും... ഓർമ്മൾക്ക് മഴ നനഞ്ഞ മണ്ണിന്റെ സുഗന്ധം അല്ലെ...!!

You might also like

Most Viewed