വി­ദ്ധ്യാ­ർ­ത്ഥി­കളു­ടെ­ രാ­ഷ്ട്രീ­യം...


പ്രദീപ് പുറവങ്കര

വിദ്യാർത്ഥികൾക്ക് രാഷ്ട്രീയം എന്തിനാണെന്ന ചോദ്യം ഉദ്ബുദ്ധ കേരളത്തിലെ പലരും പലപ്പോഴും ചോദിക്കാറുണ്ട്. കലാലയ രാഷ്ട്രീയത്തിനിടെ ഉടലെടുക്കുന്ന ചില അപക്വമായ സംഭവങ്ങളെ ആസ്പദമാക്കിയാണ് മിക്കപ്പോഴും ഈ ചോദ്യം ഉയർന്നുവരാറുള്ളത്. അതേസമയം എഴുത്തും വായനയും പഠിക്കാൻ വേണ്ടി മാത്രമാണ് വിദ്യാഭ്യസമെങ്കിൽ ആദ്യത്തെ ആറേഴ് ക്ലാസുകൾ മാത്രം പഠിച്ചാൽ മതിയാകില്ലെ എന്ന മറുചോദ്യത്തിന് പലപ്പോഴും ഉത്തരം ലഭിക്കാറുമില്ല. ഒന്നാം തരത്തിലെ കുട്ടിയല്ല ഏഴാം തരത്തിലെ വിദ്ധ്യാർത്ഥിയെന്നും, ഏഴാം ക്ലാസിലെ വിദ്ധ്യാർത്ഥിയല്ല ഒരു ക്യാന്പസിൽ പഠിക്കുന്നയാളെന്നും മനസിലാക്കാത്തവരാണ് പലപ്പോഴും കലാലയ രാഷ്ട്രീയത്തെ അന്ധമായി എതിർക്കുന്നവർ. ഒരു വിദ്യാർത്ഥി വ്യക്തിയായി മാറി അവന്റെ കഴിവുകൾ സമൂഹത്തിന് ഉപകരിക്കേണ്ടതാണെന്ന് മനസ്സിലാക്കി അവനിൽ ജനാധിപത്യപരവും മാനുഷികവും ശാസ്ത്രീയവുമായ വീക്ഷണം കൂടി വളർ‍ത്താൻ പോകുന്ന വിദ്യാഭ്യാസം നൽകുന്പോഴാണ് മികച്ച രാഷ്ട്രീയ ബോധവും കാഴ്ച്ചപ്പാടും അവനിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത പൊതു സമൂഹം തിരിച്ചറിയുന്നത്.

ഇന്നത്തെ നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ ഭൂരിപക്ഷവും സമൂഹത്തിൽ പ്രവർത്തിക്കുന്നത് കലാലയങ്ങളിൽ നിന്നും അവർ നേടിയ രാഷ്ട്രീയ അറിവും പരിചയവും ഒന്നുകൊണ്ടുമാത്രമാണ്. ചില കലാലയങ്ങളിൽ അപക്വമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിലനിൽക്കുന്നുവെങ്കിൽ അതിന് വിദ്യാർത്ഥികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ഇത് തെളിയിക്കുന്നുണ്ട്. വാസ്തവത്തിൽ ചിലയിടങ്ങളില്ലെങ്കിലും ഈ ദുരവസ്ഥയ്ക്കു കാരണം രാഷ്ട്രീയം മാത്രമല്ലെന്ന് മനസ്സിലാക്കണം. ലഹരിമരുന്നു മാഫിയകളുടെ കേളീരംഗമാണ് പല കാന്പസുകളുമെന്ന് പത്രവാർത്തകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ കൊച്ചി നഗരത്തിൽ നിന്നും ഷാഡോ പോലീസ് പിടികൂടിയത് 22 കിലോഗ്രാം കഞ്ചാവാണ്. ഇത്രയധികം കഞ്ചാവ് നഗരത്തിൽ ഇറക്കിയതിന്റെ പിന്നിൽ പതിനഞ്ചിനും ഇരുപതിനുമിടയിൽ പ്രായമുള്ള ക്യാന്പസ്് വിദ്യാർഥികളാണ് പ്രവർത്തിച്ചത്. മാത്രമല്ല ഇതിന്റെ ഉപയോഗവും, വിൽ‍പ്പനയും നടക്കുന്നത് സ്‌കൂളുകളും ക്യാന്പസുകളും കേന്ദ്രീകരിച്ചാണ്. ഇങ്ങിനെ രാഷ്ട്രീയത്തിന് അതീതമായി ധാരാളം പ്രശ്നങ്ങൾ കലാലയങ്ങളിൽ അരങ്ങേറുന്നുണ്ട്. 

കക്ഷി രാഷ്ട്രീയക്കാർ തന്നെ രാജ്യം ഭരിക്കുന്പോൾ‍ വിദ്യാർഥികൾക്ക് രാഷ്ട്രീയം പാടില്ലെന്നു പറയുകയാണെങ്കിൽ പിന്നെ എപ്പോഴാണ് അവർ രാഷ്ട്രീയം പഠിക്കേണ്ടത്, രാഷ്ട്രീയക്കാരാകേണ്ടത് എന്നതിന് വ്യക്തമായ നിയമങ്ങളോ ചട്ടങ്ങളോ ഭരണഘടനയിൽ പറയുന്നില്ല. കലാലയങ്ങളിൽ നിന്ന് ഉയരുന്ന സ്വരങ്ങൾ ഈ നാടിന്റെ ഉയർച്ചയുടേയും വളർ‍ച്ചയുടേതുമാണെന്നും സാക്ഷരതയിൽ ഒന്നാമത്തേതായ കൊച്ചു കേരളത്തിലെ പ്രബുദ്ധരായ കുട്ടികൾക്ക് രാഷ്ട്രീയം വേണ്ടെന്ന് വെയ്ക്കാൻ സാധിക്കില്ലെന്നും മനസിലാക്കേണ്ടതുണ്ട്. വിപ്ലവത്തിന്റെ കൊടുങ്കാറ്റും സമാധാനത്തിന്റെ തീഷ്ണതയും അഹിംസയുടെ മന്ദഹാസവും കാരുണ്യത്തിന്റെ തേനരുവിയും അറിവിന്റെ അപാരതയും ഒരു വിദ്ധ്യാർത്ഥിയുടെ മനസിൽ പുതഞ്ഞുകിടപ്പുണ്ട്. അതൊക്കെ പൊടിതട്ടിയെടുത്ത് കൊത്തിമിനുക്കി മനോഹരമാക്കാൻ കഴിയണമെങ്കിൽ പാഠപുസ്തക്കങ്ങൾക്കപ്പുറത്തെ ചിന്തകൾ കൂടി വേണം. മറിച്ചായാൽ രാജ്യത്തോട് പ്രതിബദ്ധതയില്ലാത്ത ഒരു തലമുറ വളർ‍ന്നുവരുന്നത് മാത്രമാകും ഫലമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്...

You might also like

Most Viewed