പത്മാവതിയും ആവിഷ്കാര സ്വാതന്ത്ര്യവും...
പ്രദീപ് പുറവങ്കര
ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് എല്ലാ കാലങ്ങളിലും നമ്മുടെ നാട്ടിൽ വിവാദങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യ പോലെയൊരു രാജ്യത്ത് താമസിക്കുന്ന ജനങ്ങൾക്ക് സ്വാതന്ത്ര്യത്തിന് പരിധിയില്ലെന്നതാണ് പറയുന്നതെങ്കിലും എവിടെ വരെ അതുപയോഗിക്കാം എന്ന കാര്യത്തിൽ മിക്കവർക്കും എന്തെങ്കിലുമൊക്കെ നിർബന്ധ ബുദ്ധിയുണ്ട്. നിലവിൽ പത്മാവതി എന്ന ചലചിത്രമാണ് ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നമ്മുടെ വിവാദ വിഷയം. സഞ്ജയ് ലീല ബൻസാലി എന്ന സംവിധായകന്റെ പുതിയ സിനിമയായ പത്മാവതി ഇന്ത്യയുടെ ചരിത്രത്തിലെ ഒരേട് എടുത്താണ് ഒരുക്കിയിരിക്കുന്നതെങ്കിലും അതിൽ ചരിത്രപരമായ കൃത്യത ഇല്ലെന്നതാണ് ഈ സിനിമയെ എതിർക്കുന്ന രജപുത്ര കർണിസേന എന്ന സംഘടനയുടെ പരാതി. മുന്പ് 2008ൽ അശുതോഷ് ഗോവാരിക്കറുടെ ‘ജോധ അക്ബർ’ എന്ന ചിത്രത്തിനെതിരെയും ഈ സംഘടന മുന്നോട്ടുവന്നിരുന്നു. രജപുത് സംഘടനകളുടെയും ചരിത്രകാരന്മാരുടെയും പ്രത്യേകസംഘം നേരിട്ട് കണ്ട് വ്യക്തത വരുത്തുന്നതുവരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് അവരുടെ ആവശ്യം. അതല്ലെങ്കിൽ ചിത്രം പൂർണ്ണമായും നിരോധിക്കണമെന്നും, ഇല്ലെങ്കിൽ അതുവരേക്കും അക്രമപരിപാടികളും മാർച്ചുകളും സംഘടിപ്പിക്കുമെന്നും അവർ ഭീഷണി മുഴക്കുന്നു. ചിത്രത്തിലെ നായിക ദീപിക പദുകോണിന്റെ മൂക്ക് മുറിക്കുമെന്നും അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
രാജസ്ഥാനിലെ വലിയൊരു വിഭാഗം ആദരിക്കുന്ന റാണി പത്മാവതിയെയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിൽ അലാവുദീൻ ഖിൽജി റാണി പത്മാവതിയെ പ്രണയിക്കുന്നതായി സ്വപ്നം കാണുന്ന രംഗമുണ്ടെന്നത് ഉയർത്തിക്കാട്ടിയാണ് ഈ എതിർപ്പ്. ഇതിൽ ഒരു ഗാനരംഗത്ത് റാണി പത്മാവതിയെ അവതരിപ്പിക്കുന്ന നടി നൃത്തം ചെയ്യുന്നുണ്ടത്രെ. അതേ സമയം രജപുത് മഹാറാണിമാർ ആരുടെയും മുന്പിൽ നൃത്തം ചെയ്യാറില്ലത്രെ. അങ്ങിനെ കാണിക്കുന്നത് അതുകൊണ്ട് അനാദരവാണെന്നും അവർ പറയുന്നു. ഇങ്ങിനെ നിരവധി കാരണങ്ങളാണ് പത്മാവതി സിനിമയെ വിവാദത്തിലാക്കിയിരിക്കുന്നത്. കർണി സേനയ്ക്കൊപ്പം വിവിധ രാഷ്ട്രീയ കക്ഷികളും അവർക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
ഇത്തരം വിഷയങ്ങൾ ഓരോ തവണയും നമ്മുടെ മുന്പിൽ വരുന്പോൾ പൊതുവായ ഒരു രീതിയല്ല മിക്കവരും സ്വീകരിക്കുന്നതെന്നാണ് വാസ്തവം. തങ്ങൾക്ക് വേണ്ടപ്പെട്ടയാളെയാണ് ആവിഷ്ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മോശമായി ചിത്രീകരിക്കുന്നതെങ്കിൽ അത് തെറ്റാണെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നവരാണ് മിക്കവരും. അതല്ല, തന്റെ ആരാധാന കാഥാപത്രമല്ലാത്തവരെയോ തനിക്ക് നേരിട്ട് ബന്ധമില്ലാത്തവരെയോ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കരി വാരിതേയ്ക്കുകയാണെങ്കിൽ അതിൽ ഒരു തെറ്റുമില്ലെന്ന് പറയുന്നവരും ധാരാളമായി ഉണ്ട്. സിനിമയിലും ചരിത്രരേഖകളിലുമുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി വിമർശം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിൽ ആർക്കും ലഭ്യമാണെങ്കിലും അതിന്റെ പേരിൽ ആ സൃഷ്ടി നിരോധിക്കണമെന്ന് പറയുന്നത് തീവ്രമായ ഒരു നടപടിയായി മാത്രമേ കാണാൻ സാധിക്കൂ. ആത്യന്തികമായി ഒരു സിനിമ വിജയിക്കുന്നത് അതിന്റെ സംവിധാനം, ഛായാഗ്രഹണം, തിരക്കഥ എന്നിവ നല്ലതാണെങ്കിലാണെന്ന് മാത്രം ഓർമ്മിപ്പിച്ചു കൊണ്ട്...