ഇന്ത്യൻ നാഷണൽ കോൺഗ്രസ് (പ്രൈവറ്റ് ലിമിറ്റഡ്)
പ്രദീപ് പുറവങ്കര
തങ്ങൾ കുടുംബാധിപത്യ വാഴ്ചയിൽ നിന്ന് അണുവിട മാറാൻ തയ്യാറല്ലെന്ന കാര്യം രാഹുൽ ഗാന്ധിയെ അദ്ധ്യക്ഷനാക്കുന്നത് വഴി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വീണ്ടും ഒരിക്കൽ കൂടി തെളിയിക്കുകയാണ്. നെഹ്റു കുടുംബത്തിന്റെ കീഴിൽ മാത്രമേ ഈ മഹത്തായ പ്രസ്ഥാനത്തിന് വളർച്ചയുണ്ടാകു എന്ന് പറയാതെ പറയുന്നുണ്ട് ഓരോ തവണയും ഇത്തരം സ്ഥാനാരോഹണങ്ങൾ. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയുടെ കാവലാളാണ് തങ്ങളെന്ന് മേനി നടിക്കുന്പോഴും ആഭ്യന്തര ജനാധിപത്യത്തെ പറ്റി കോൺഗ്രസിനും അതിന്റെ നേതാക്കൾക്കും നിലപാട് പഴയത് തന്നെയാണെന്ന് പറയാതെ വയ്യ. എന്ത് കൊണ്ടാണ് രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അദ്ധ്യക്ഷനാകുന്നത് എന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതമാണ്. അദ്ദേഹം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും, ഇപ്പോഴത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെയും മകനും, അതുപോലെ മുൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനും, രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പ്രപൗത്രനുമാണ് എന്നതാണ് അതിന്റെ ഉത്തരം. അദ്ദേഹത്തിനെ സംഘടനയുടെ അദ്ധ്യക്ഷനാക്കുന്നതിന് വേണ്ടി പരിഹാസ്യമായ ചില നടപടിക്രമങ്ങളും കോൺഗ്രസ്സ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. അതായത്, പത്രികാ സമർപ്പണം, സൂക്ഷ്മപരിശോധന, പിന്നെ വേണമെങ്കിൽ ഒരു തമാശയ്ക്ക് ഒരു തെരഞ്ഞെടുപ്പ് എന്നിങ്ങനെയാണ് അത് പോകുന്നത്. ഇതൊക്കെ പൂർത്തിയായാൽ രാഹുൽ ഗാന്ധിയെ കോൺഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിക്കും. ഇതൊക്കെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര കാര്യമായി മാത്രം തള്ളികളയേണ്ട കാര്യമല്ല. കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഉത്തരവാദിത്വങ്ങൾ ഏറെയുള്ള ഒരു കാലമാണ് ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ആ പാർട്ടിയിൽ സാധാരണ മനുഷ്യർക്ക് ഈ കാലത്തും പ്രധാന്യം ലഭിക്കാതിരിക്കുന്നത് വേദനിപ്പിക്കുന്ന കാര്യം തന്നെയാണ്. കോൺഗ്രസ് എന്നത് ഒരു വീട്ടുക്കാർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു പ്രൈവറ്റ് ലിമിറ്റഡ് കന്പനിയല്ലെന്നും നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ കേരളത്തിലും ഇതേ നിലപാടുകൾ പിന്തുടരുന്ന കോൺഗ്രസ് നേതാക്കളുണ്ട് എന്നതും മറക്കുന്നില്ല.
ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയിലും സ്ഥിതി വ്യത്യസ്തമല്ല. പ്രധാനമന്ത്രിയുടെ കുടുംബത്തിൽ നിന്നല്ലെങ്കിലും ബാക്കി നേതാക്കളുടെ കുടുംബങ്ങളിൽ നിന്ന് നിരവധി രണ്ടാം തലമുറ നേതാക്കൾ ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. അധികാരം കുടുംബസ്വത്താക്കുക എന്ന തരത്തിൽ രാഷ്ട്രീയപാർട്ടികൾ ഈ പ്രവണത ശീലിക്കുന്പോൾ എങ്ങിനെയാണ് ഒരു സാധാരണക്കാരന് രാജ്യത്തെ നയിക്കാനുള്ള സ്വപ്നങ്ങൾ കാണാൻ സാധിക്കുക എന്ന ചോദ്യം പ്രസക്തമാണ്!!