മാനുഷി ഓർമ്മിപ്പിച്ച അമ്മ....
പ്രദീപ് പുറവങ്കര
www.pradeeppuravankara.com
“അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അതുകൊണ്ട് തന്നെ അമ്മയുടെ ജോലി എന്ന് ഞാൻ ഉറപ്പായും പറയും. അത് പണം മാത്രമല്ല, ഏറ്റവും കൂടുതൽ സ്‌നേഹവും ബഹുമാനവും കൂടിയാണ്. അമ്മയാണ് ഏറ്റവും വലിയ പ്രതിഫലം അർഹിക്കുന്നത്.” ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം അർഹിക്കുന്ന ജോലി ഏതെന്ന ചോദ്യത്തിന് ലോക സൗന്ദര്യ മത്സര വേദിയിൽ ആത്മവിശ്വാസം കൈമുതലാക്കി ദൃഢമായ ശബ്ദത്തിൽ മാനുഷിയെന്ന പുതിയ ലോകസുന്ദരി പറഞ്ഞത് മാതൃത്വത്തിന്റെ മഹത്വത്തെ കുറിച്ചാണ്. സൗന്ദര്യവും ബുദ്ധിയും ഒരുപോലെ മാറ്റുരയ്ക്കുന്ന ലോക സൗന്ദര്യ മത്സരവേദിയിൽ മാനുഷിയുടെ കിരീടമുറപ്പിച്ച നിമിഷമായിരുന്നു ആ ഉത്തരം. ചൈനയിലെ സാനിയയിൽ നടന്ന മത്സരത്തിൽ 108 സുന്ദരിമാരെ പിന്തള്ളിയാണ് ഹരിയാന സ്വദേശിനിയായ മാനുഷി ലോകസുന്ദരിയായി കിരീടമണിഞ്ഞത്. 17 വർഷങ്ങൾക്ക് മുന്പ് ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ചോപ്രയ്ക്ക് ശേഷം ഈ പട്ടം ലഭിക്കുന്ന ആറാമത്തെ ഇന്ത്യക്കാരി കൂടിയാണ് മാനുഷി.
കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ വിപണിവൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന സൗന്ദര്യമത്സരങ്ങളുടെ പിന്നാന്പുറ ലക്ഷ്യങ്ങളെ പറ്റി ചർച്ച ചെയ്യുന്നതിന് പകരം അമ്മ എന്ന അനുഭവത്തെ പറ്റി മാനുഷി പറഞ്ഞ കാര്യത്തിന് പ്രാമുഖ്യം നൽകാം. അമ്മ എന്ന വാക്കിനെ അൽപ്പം വരികളിൽ എഴുതി നിറക്കാൻ സാധിക്കുന്ന ആരും ഇന്നുവരെ ഈ ഭൂമുഖത്ത് ജനിച്ചിട്ടില്ലെന്നറിഞ്ഞു കൊണ്ട് തന്നെ അമ്മയെ ഓർക്കട്ടെ. ആ പൊക്കിൾ കൊടിബന്ധം ആർക്കാണ് അവന്റെ അന്ത്യം വരെ മുറിച്ച് മാറ്റാൻ സാധിക്കുക. അഹങ്കാരത്തിന്റെ ജീവിതമേച്ചിൽപുറങ്ങളിൽ വിജയങ്ങളെ വെട്ടിപിടിച്ച് നമ്മുടെ ലോകം നമ്മൾ തന്നെ ചെറുതാക്കുന്പോഴും, അമ്മയുടെ ക്ഷമയുടെ, സഹനത്തിന്റെയും, വാത്സല്യത്തിന്റെയും തലോടലിൽ നമ്മൾ വെറുമൊരു ശിശുവായി മാറുന്നു. അമ്മ ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാകുന്നത് വരെ എത്ര മുതിർന്നാലും അവരുടെ മക്കൾ കുട്ടികൾ തന്നെയാണ്. അമ്മ ഇല്ലാതാകുന്പോൾ ആരും തന്നെ വൃദ്ധനാകുന്നു. വഴിയിൽ ഉപേക്ഷിച്ചാലും, അന്പല നടയിൽ കൊണ്ടിരുത്തി കാണാമറയത്തേയ്ക്ക് മറഞ്ഞു പോയാലും ആ അമ്മ മക്കളെ കുറ്റപ്പെടുത്താറില്ല. അപ്പോഴും ചിന്തകളിൽ തന്റെ കുട്ടി എന്തെങ്കിലും കഴിച്ചോ എന്നായിരിക്കും. അമ്മയെ പറ്റി ഇങ്ങിനെ എഴുതുന്പോൾ നിങ്ങളിൽ പലരും കേട്ടിരിക്കാൻ ഇടയുള്ള ആ പഴയ കഥ ഓർമ്മ വരുന്നു. അതിങ്ങനെയാണ്.
‘‘തോരാമഴയത്ത് നനഞ്ഞൊലിച്ച് വീട്ടിലെത്തിയപ്പോൾ ഏട്ടൻ ഗുണദോഷിച്ചു ‘‘നിനക്കൊരു കുട എടുക്കാമായിരുന്നു’’. ചേച്ചി ശാസിച്ചു, ‘‘നിനക്ക് മഴ തീർന്നിട്ട് പോന്നാൽ പോരായിരുന്നോ?’’അച്ഛൻ ദേഷ്യപ്പെട്ടു. “പനിവരുന്പോൾ പഠിച്ചോളും.’’ എന്നാൽ അമ്മയെന്റെ നനഞ്ഞതല തോർത്തിക്കൊണ്ട് പറഞ്ഞു. ‘‘ഈ മഴയ്ക്കെന്താ ഇന്നുതന്നെ പെയ്യണമെന്നിത്ര നിർബന്ധം? എന്റെ മകൻ വന്നിട്ട് പെയ്താൽ പോരായിരുന്നോ?’’
ഇതിൽപരം അമ്മയെ പറ്റി എന്ത് പറയാൻ. ഇന്ന് ലോക പുരുഷ ദിനം എന്ന പേരിൽ കൂട്ടത്തിൽ പുതിയൊരു ദിനം കൂടി ആചരിച്ച് വരികയാണ്. ഈ ദിനത്തിൽ അമ്മയെ ഓർക്കാനും, അമ്മയുടെ സ്നേഹത്തെ പറ്റി എഴുതാനും പ്രേരിപ്പിച്ച മാനുഷിക്ക് ആശംസകൾ.. ഒപ്പം വരുംകാലങ്ങളിൽ നമ്മുടെ നാടിന്റെ യശസ് ഉയർത്താൻ താങ്കൾക്കും സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു...!!