വിദ്യാ‘ധനം’ സർവധനാൽ പ്രധാനം...
പ്രദീപ് പുറവങ്കര
പ്രവാസലോകത്തെ പല വലിയ സ്ഥാപനങ്ങളുടെയും തലപ്പത്തിരിക്കുന്നവർ മലയാളികളാണെന്നത് നമുക്കൊക്കെ ഏറെ അഭിമാനം നൽകുന്ന കാര്യമാണ്. അതിന് സ്വകാര്യ മേഖലയൊന്നോ, പൊതുമേഖലയൊന്നോ, സാമൂഹ്യ സാംസ്കാരിക മേഖലയെന്നോ ഉള്ള വ്യത്യാസങ്ങളില്ല. ഇവിടെയുള്ള ഭരണാധികാരികളുടെ സ്നേഹവും നിറഞ്ഞ സഹകരണവുമാണ് മലയാളികൾക്ക് ഇത്രയും ഉയരത്തിൽ എത്താൻ സഹായിക്കുന്ന പ്രധാന ഘടകം. മറ്റ് വിദേശ പ്രവാസികളെക്കാൾ വിശ്വസനീയത ഏറ്റവും കൂടുതൽ ഉള്ളതും മലയാളിക്ക് തന്നെയാണ് എന്നതിലും യാതൊരു സംശയവുമില്ല.
പതിറ്റാണ്ടുകൾക്ക് മുന്പ് ഭാഗ്യവും തേടി ഈന്തപ്പനകളുടെ ഈ നാട്ടിലേയ്ക്ക് ആദ്യ മലയാളി എത്തുന്പോൾ ഇന്ന് നമുക്ക് ലഭിക്കുന്ന ഈ അംഗീകാരങ്ങളൊക്കെ സ്വപ്നം കണ്ടിട്ടുണ്ടാകുമോ എന്നത് സംശയമാണ്. അന്ന് തനിച്ച് ഈ നാട്ടിലെത്തിയ മലയാളിയുടെ പിന്നാലെ അവന്റെ കുടുംബവും, സുഹൃത്തുക്കളും, നാട്ടുക്കാരുമൊക്കെ എണ്ണപണത്തിന്റെ പങ്ക് പറ്റാനും സ്വപ്നങ്ങളെ കര കയറ്റാനുമായി ഇവിടെ എത്തിചേർന്നു. ഇങ്ങിനെ ആ സമൂഹം വലുതായപ്പോഴാണ് പല പൊതു സ്ഥാപനങ്ങളും ഈ പ്രവാസ ലോകത്ത് ഉണ്ടായത്. അസോസിയേഷനുകളും, ക്ലബ്ബുകളും, വിദ്യാലയങ്ങളും, പ്രാർത്ഥനാലയങ്ങളും ഇവിടെയുള്ള നന്മ നിറഞ്ഞ ഭരണാധികാരികൾ നമുക്ക് അനുവദിച്ചു തന്നു.
ഇതിൽ പ്രധാനപ്പെട്ട കാര്യമാണ് വിദ്യാലയങ്ങൾ. ഇന്ത്യൻ സംസ്കാരത്തിന്റെ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് നമ്മുടെ മക്കൾക്ക് പഠിക്കാനായാണ് ഗൾഫ് നാടുകളിലെ തന്നെ ഏറ്റവും വലിയ സരസ്വതി ക്ഷേത്രങ്ങൾ ഇവിടെ ഉയർന്നു വന്നത്. അവിടെ മലയാളികളടക്കമുള്ള എത്രയോ നല്ല മനുഷ്യരുടെ ത്യാഗഭരിതവും ആത്മാർത്ഥവുമായ പരിശ്രമങ്ങളും ഇത്തരം സ്ഥാപനങ്ങൾ ഉയർന്നുവരാൻ കാരണമായിട്ടുണ്ട്. ഇന്ന് കാലമേറെ പിന്നിടുന്പോൾ ഇവയിൽ മിക്കതും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ ഏറെ വക നൽകുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. സാന്പത്തികമായും, സാമൂഹ്യപരമായും ഈ വിദ്യാലയങ്ങൾ നേടിയിട്ടുള്ള ഉന്നതിയും പ്രശംസനീയമാണ്. ഇത്തരം പൊതു സ്ഥാപനങ്ങൾ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നുള്ള മാനേജ്മെന്റ് ബോർഡാണ് മിക്കയിടത്തും നിയന്ത്രിച്ച് പോകുന്നത്. ബഹ്റൈനിലെ ഏറ്റവും വലിയ സ്കൂളുകളിലൊന്നായ ഇന്ത്യൻ സ്കൂളും ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. അവിടെ അടുത്ത മാനേജ്മെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള സമയമായിരിക്കുന്നു.
നാട്ടിലെ തിരഞ്ഞെടുപ്പുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വീറും വാശിയുമേറിയ പ്രചരണങ്ങളാണ് ഇതിന്റെ ഭാഗമായി ഓരോ കാലത്തും ഇവിടെ അരങ്ങേറിയിട്ടുള്ളത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമാകില്ലെന്ന് തന്നെയാണ് പ്രാരംഭപ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത്. ഈ ചൂടിനും, ചൂരിനുമിടയിൽ മാന്യതയുടെ അതിർവരന്പുകൾ ലംഘിക്കാതെ വേണം സ്ഥാനാർത്ഥികൾ മത്സരിക്കാനും, പ്രചരണങ്ങൾ സംഘടിപ്പിക്കാനെന്നുമുള്ള ഒരൊറ്റ അപേക്ഷ ഒരിന്ത്യക്കാരനെന്ന നിലയിൽ ഇവിടെ വെക്കുന്നു. കാരണം ദേശവ്യത്യാസമില്ലാതെ ധാരാളം കണ്ണുകൾ നിങ്ങളുടെ നേർക്കുണ്ട്. അവരൊക്കെ നിങ്ങളെ നോക്കിക്കാണുന്നത് ഒരിന്ത്യക്കാരനായിട്ടാണ്. നിങ്ങൾ ചെയ്യുന്ന നല്ലതും മോശവുമായ പ്രവർത്തികൾ അതുകൊണ്ട് തന്നെ ഇവിടെയുള്ള മൂന്നര ലക്ഷത്തോളം ഇന്ത്യക്കാരെ കൂടി ബാധിക്കുന്നതാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഏവർക്കും വിജയാശംസകൾ.