വിധിയുടെ ബലിമൃഗങ്ങളാകുന്ന ജനം....
പ്രദീപ് പുറവങ്കര
കേരള നാട്ടിൽ വാർത്തകൾക്ക് യാതൊരു പഞ്ഞവുമില്ല. ചാണ്ടിയുടെ രാജിക്ക് പിന്നാലെ ഇടതുമുന്നണിയിലെ അഭിപ്രായഭിന്നതയാണ് കഴിഞ്ഞ രണ്ട് ദിവസത്തെ ചർച്ച. ചാണ്ടിയുടെ രാജിക്ക് മുന്പ് ചേർന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാതെ മാറിനിന്ന സിപിഐ മന്ത്രിമാരുടെ നടപടിയാണ് വല്യേട്ടനെ ചൊടിപ്പിച്ചിരിക്കുന്നത്. ആളുകളുടെ മുന്പിൽ ഒന്ന് ഞെളിയാൻ സിപിഐ കാണിച്ച തന്ത്രമായിട്ടാണ് ഇതിനെ അവർ കാണുന്നത്. അതു കൊണ്ട് തന്നെ ഇത് അസാധാരണമായ നടപടിയായിട്ടാണ് മുഖ്യമന്ത്രിക്ക് വരെ തോന്നി പോയത്. മറുപടിയായി കാനവും രംഗത്ത് വന്നിട്ടുണ്ട്. ഇത് അസാധാരണ നടപടി തന്നെയാണെന്നും അതിന് വഴിവെച്ചത് അസാധാരണമായ രാഷ്ട്രീയ സാഹചര്യമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്തായാലും ഈ വഴക്കും പതിവ് പോലെ ഒരു മഴയ്ക്ക് ഒലിച്ചുപോകുന്നത് മാത്രമാകുമെന്ന് അറിയാവുന്ന പ്രബുദ്ധ കേരളം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വലിയ വില കൽപ്പിക്കുന്നുണ്ടോ എന്ന സംശയത്തോടെ ആ വിഷയത്തെ അതിന്റെ പാട്ടിന് തോന്ന്യാക്ഷരവും വിടുന്നു.
നാട്ടിൽ മണ്ധലകാലം ആരംഭിച്ചിരിക്കുന്നു. വരാനിരിക്കുന്നത് ക്രിസ്തുമസും, വർഷാന്ത്യ അവധികളുമാണ്. സാധനങ്ങൾക്ക് ഒരു ദയയുമില്ലാതെയാണ് കച്ചവടക്കാർ വില കൂട്ടിരിക്കുന്നതെന്ന് നാട്ടിലുള്ളവർ പറയുന്നു. ഭരണകർത്താക്കളും സംസ്ഥാന നേതാക്കളുമൊക്കെ ചാണ്ടി പ്രശ്നം തൊട്ട് മുന്നണിവിഷയങ്ങൾ വരെ ചർച്ചചെയ്യാൻ സമയം കണ്ടെത്തുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ ഇത്തരം സാധാരണ പ്രശ്നങ്ങൾ അവർ അവഗണിക്കുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ചെറിയ ഉള്ളിയുടെ വില നൂറു രൂപ കടന്നിട്ടു നാളേറെയായി. ഇപ്പോൾ കിലോഗ്രാമിന് 140 രൂപയിലെത്തിയിരിക്കുന്നു. സവാളയ്ക്ക് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വില ഇരട്ടിയോളമായി. പലവ്യഞ്ജനങ്ങൾക്കെല്ലാംതന്നെ ഇതേ രീതിയിൽ വില വർധിച്ചിട്ടുണ്ട്. തക്കാളിക്ക് വില കിലോഗ്രാമിന് എഴുപത് രൂപ കടന്നു. ഒരു കിലോഗ്രാം തേങ്ങയ്ക്ക് 56 രൂപയും ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 220 രൂപയുമാണു വിലയെന്നതു കേരളീയരെ ഞെട്ടിക്കാത്തത് ഒന്നും ഞെട്ടിക്കാത്ത അവസ്ഥയിൽ അവർ എത്തുകയാണെന്നതിനു തെളിവാണ്. തമിഴ്നാട്ടിലെ കനത്ത മഴയാണ് പച്ചക്കറിവില ഇത്രയും ഉയരാൻ കാരണമെന്നാണു പറയുന്നത്. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് കർഷകർക്ക് തുണയാകാൻ ആരുമില്ലാത്തത് കാരണം നമ്മുടെ നാട്ടിൽ ഇപ്പോൾ കൃഷിരംഗത്തുള്ളവർപോലും കുറെക്കഴിയുന്പോൾ കൃഷി ഉപേക്ഷിച്ചേക്കാം എന്നതാണ് അവസ്ഥ. മുടക്കുമുതലെങ്കിലും തിരിച്ചുകിട്ടുന്നില്ലെങ്കിൽ ഈ രംഗത്ത് പിടിച്ചുനിൽക്കാൻ ആർക്കും താൽപ്പര്യം ഉണ്ടാകില്ല. വലിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി തെക്കോട്ടും വടക്കോട്ടും ജാഥ നടത്തുകയും അധികാരക്കസേരയ്ക്കുവേണ്ടി കടിപിടി കൂടുകയും ചെയ്യുന്ന ഭരണകർത്താക്കളും ഭരണമോഹികളും പൊതുജനങ്ങളെ എത്രകാലം ഇങ്ങിനെ കബളിപ്പിക്കുമെന്ന് മനസിലാകുന്നില്ല. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക് യാതൊരു അർഥവുമുണ്ടാവില്ല. പിന്നെ ഓരോ അഞ്ച് വർഷം കൂടുന്പോഴും തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ ഭരിക്കുന്നവരോട് മാറിനിൽക്കാനും, കടക്ക് പുറത്തെന്ന് പറയാനും അവകാശമുണ്ടെന്ന സമാധാനം മാത്രം പാവം ജനങ്ങൾക്ക് ബാക്കിയുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്...