ജസ്റ്റ് റി­മന്പർ ദാ­റ്റ്...


പ്രദീപ് പുറവങ്കര

നമ്മുടെ ചാനൽ ചർച്ചകൾ അതീവ രസകരമായും, ആകാംക്ഷയോടെയും ആസ്വദിക്കുന്നവരാണ് ഇന്ന് മിക്ക പ്രേക്ഷകരും. ശീതീകരിച്ച സ്റ്റുഡിയോ മുറിയിലിരുന്നു പരസ്പരം കുറേപ്പേർ നടത്തുന്ന പോർവിളികൾ കാണുന്പോൾ പണ്ട് ദൂരദർശനിൽ കാണാറുള്ള  പുണ്യപുരാണ സീരിയലുകളിലെ യുദ്ധക്കളങ്ങളാണ് മിക്കപ്പോഴും ഓർമ്മവരിക. സത്യത്തിൽ ഇതൊക്കെ വെറും അഭിനയമാണോ എന്നു പോലും തോന്നുന്ന തരത്തിലാണ് ഇവരുടെ പ്രകടനങ്ങൾ. ജനോപകരാപ്രദമായ അൽപ്പം ചില കാര്യങ്ങളെങ്കിലും ഈ ചാനലുകൾ ചർച്ച ചെയ്യാറുണ്ടെങ്കിലും മഹാഭൂരിഭാഗവും അനാവശ്യമായിട്ടുള്ള വിവാദങ്ങളും, അതിന്റെ പൊലിപ്പിക്കലുമാണെന്ന് പറയാതെ വയ്യ. 

വളരെ വ്യക്തിപരമായ വിദ്വേഷങ്ങളെ വരെ ഇത്തരം വേദികളിൽ കൊണ്ടുവന്നു നിലവാരമില്ലാത്ത അവസ്ഥയിലേയ്ക്ക് എത്തിക്കാൻ പേരെടുത്ത അവതാരക വേഷങ്ങളും തയ്യാറാകുന്നു എന്നത് മാധ്യമപ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല, ഒരു സാധരണക്കാരൻ എന്ന നിലയിലും വേദനിപ്പിക്കുന്ന കാര്യമാണ്. കാണുന്നവരെ വെറും വിഡ്ഢിക്കളാക്കുന്ന തരത്തിൽ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന പൊറാട്ട് നാടകങ്ങളാണോ ഇത്തരം വാർത്താപരിപാടികളെന്നും തോന്നിപോകുന്നു. പരസ്പര ബഹുമാനമോ, മാന്യതയോ ഇല്ലാതെ വായക്ക് തോന്നിയത് കോതയ്ക്ക് പാട്ടെന്ന തരത്തിൽ അക്രോശിക്കുന്ന, ആകാശത്തിന് താഴെയുള്ള എന്തിനെ പറ്റിയും അറിയാമെന്ന ധാർഷ്ട്യം വെച്ചു പുലർത്തുന്നവരോട് ആദ്യമൊക്കെ ഒരു ആരാധാന വരാമെങ്കിലും അവരെ കേട്ടുകൊണ്ടിരുന്നാൽ മനസിലാകുന്ന കാര്യം വല്ലാത്ത മോഹംഭംഗങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഇതിൽ മിക്കവരും എന്നാണ്. കാടടച്ച് വെടിവെക്കാൻ മിടുക്കരാണെങ്കിലും ലക്ഷ്യം മാറി പോകുന്ന ഇവരുടെ അന്പുകൾ അനാവശ്യമായി പലരെയും മുറിവേൽപ്പിക്കുന്നുണ്ട്. ആ മുറിവുകളിലെ ചോരപാടുകൾ സാഡിസ്റ്റ് ചിന്ത വെച്ചുപുലർത്തുന്നവരെ പോലെ ഈ ചാനൽ വാർത്ത താരങ്ങൾക്ക് ഹരമായി മാറുന്നുണ്ടെന്നും അന്തിചർച്ചകൾ തോന്നിപ്പിക്കുന്നു. 

നമ്മുടെ നാട്ടിലെ ചാനൽ ചർച്ചകളുടെ മറ്റൊരു വൃത്തിക്കെട്ട രീതി ഉറക്കെ പറഞ്ഞ് ചർച്ചയിൽ പങ്കെടുക്കുന്ന ആളുകളുടെ വായടപ്പിക്കുന്ന പ്രവണതയാണ്. കൂടുതൽ ശബ്ദമുയർത്തുന്നവരാണ് ഇത്തരം ചർച്ചകളിൽ മുൻകൈ നേടുന്നത്. ക്ഷോഭമാണ് ഇവരുടെ മുഖമുദ്ര. സുരേഷ്ഗോപി സിനിമകളെ പോലെ “ജസ്റ്റ് റിമന്പർ ദാറ്റ്” എന്നത് പോലെയുള്ള ഡയലോഗുകൾ കാച്ചി ജനപ്രീതി പെട്ടന്ന് നേടുമെങ്കിലും പറഞ്ഞുപോകുന്ന കാര്യങ്ങളിൽ കാന്പില്ലെന്ന് പതിയെ ജനം തിരിച്ചറിയും. അർണബ് ഗോസാമി ഉണ്ടാക്കി വെച്ച രീതികളെയാണ് ഇപ്പോൾ നമ്മുടെ മലയാളം അവതാരകർ കോപ്പിയടിച്ചു കൊണ്ടിരിക്കുന്നത്. വാർത്ത തുടങ്ങുന്പോൾ ആരെയെങ്കിലും എണ്ണം പറഞ്ഞ് ചീത്ത വിളിച്ചു കൊണ്ട് തുടങ്ങുക. അതിന് ശേഷം ആ ചീത്ത കേൾക്കാൻ അന്ന് വിധിക്കപ്പെട്ടവനെ ഒഴികെ മറ്റ് ചില വേഷങ്ങളെ ചർച്ചയിൽ പങ്കെടുപ്പിക്കുക. നാടകം ആരംഭിക്കുക. പരസ്പരം പോർ വിളിക്കുക. കാണുന്നവരെ രസിപ്പിക്കുക. ഇതാണ് അന്തിചർച്ചയുടെ ഇപ്പോഴത്തെ ഫോർമാറ്റ്. മണിക്കൂർ ഒന്നാകുന്പോൾ നിർത്തേണ്ടത് കൊണ്ട് അവതാരകരുടെ ഓടിപ്പിടിച്ച് ഒരു അവസാനിപ്പിക്കലുണ്ട്. ഊതിവീർപ്പിച്ച ബലൂണിലെ കാറ്റ് ശൂ എന്ന ശബ്ദത്തോടെ പുറത്തേക്ക് പോകുന്നത് പോലെയൊരു സുഖമാണ് അപ്പോൾ പ്രേക്ഷക ലക്ഷങ്ങൾ അനുഭവിച്ച് തീർക്കുന്നത്...!!!

You might also like

Most Viewed