എന്തിനാടാ ചക്കരെ...
പ്രദീപ് പുറവങ്കര
അധികാരം ഒരു ചക്കരകുടം ആണെന്നും, അതിൽ കയ്യിട്ടവരും കയ്യിടാൻ കാത്തിരിക്കുന്നവരും, ചക്കരയുടെ രുചി അറിയാൻ വെന്പൽ കൊള്ളുന്നവരും അറിഞ്ഞാൽ തന്നെ കയ്യെടുക്കാൻ മടിക്കുന്നവരും ആണെന്ന ഒരു പഴമൊഴി നമ്മുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. അതിപ്പോൾ കൈയിൽ പൂത്ത പണമുള്ളവനും, തീരെ ദരിദ്രനും എന്നൊരു വർഗ്ഗവ്യത്യാസമൊന്നുമില്ല. കൈയിട്ടു പോയാൽ പെട്ടു എന്ന് മാത്രം. നമ്മുടെ ഇന്നത്തെ എക്സ് ഗതാഗത മന്ത്രി തോമസ് ചാണ്ടിയ്ക്കും ഇതേ സംഭവിച്ചിട്ടുള്ളൂ. നിനച്ചിരിക്കാതെ ഒരു മന്ത്രി പദം കൈയിൽ വന്നപ്പോൾ കൊടി വെച്ച കാറിലെ യാത്രയും, പോലീസുകാരുടെ എസ്കോർട്ടും അൽപ്പം സുഖിച്ചു. കുവൈത്തിലുണ്ടാക്കിയ പണത്തിനൊപ്പം നാട്ടിലെ സ്വത്തുകൾ കൂടി മന്ത്രി പദത്തിനൊപ്പം ഉണ്ടായപ്പോൾ ആള് പെട്ടന്നങ്ങ് രാജപദത്തിലെത്തി.
രാജ്യവികസനം തന്നെയായിരുന്നു അദ്ദേഹത്തിന്റെയും സ്വപ്നം. അതുകൊണ്ടാണ് ആർക്കും ഉപകരമില്ലാതെ കിടന്നിരുന്ന ഒരൽപ്പം ഭൂമി ആരോടും പറയാതെ അതൊന്ന് വികസിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചത്. ആ മഹാമനസ്കത ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് പാവം ഒരിക്കലും വിചാരിച്ച് കാണില്ല. നട്ടെല്ലിന് നല്ല ഉറപ്പുള്ള ഒരു വനിതാ ജില്ലാ കലക്ടർ ആലപ്പുഴയിൽ വന്നപ്പോൾ കാര്യങ്ങൾ ആകെ അദ്ദേഹത്തിന് എതിരായി. കുറച്ച് പണിയില്ലാത്ത മാധ്യമപ്രവർത്തകർ ഇത് ഏറ്റുപിടിച്ചപ്പോഴാണ് കസേരയുടെ കാല് ഇളകിതുടങ്ങിയത്. അപ്പോഴും ഊരിപിടിച്ച വാളിന്റെ നടുക്കൂടെ ഇടയ്ക്കിടെ നടന്ന് ശീലമുള്ള, നെഞ്ചൂക്കിന്റെ ബലം കൊണ്ട് കേരളജനതയെ ആകെ കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയുള്ളപ്പോൾ തനിക്കെന്ത് സംഭവിക്കാൻ എന്ന ഭാവത്തിൽ കുറച്ചൊക്കെ തന്റെ തടിമിടുക്കുമായി ഒന്ന് പിടിച്ചു നിൽക്കാൻ ശ്രമിച്ചു. എന്നാൽ കേരളത്തിലെ ജനങ്ങളൊക്കെ തീരെ സഹിഷ്ണുതയില്ലാത്തവരായി പോയി. അവർ ഉള്ള ചാനലിലും, മാധ്യമങ്ങളിലും, സോഷ്യൽ ഇടങ്ങളിലുമൊക്കെ ഈ ഭൂലോകത്ത് മറ്റൊന്നും സംഭവിക്കാത്തത് പോലെ ഈ പാവം പണക്കാരനെ എടുത്തിട്ട് ഉപദ്രവിച്ചുകൊണ്ടേയിരുന്നു. ആകെ കുറച്ച് സ്ഥലം കൈയേറിയതിനാ ഈ പുകിലെന്ന് ആലോചിക്കുന്പോഴാ ഇപ്പോൾ സങ്കടം.
എന്തായാലും പോയത് പോയി. ഇനിയപ്പോ ചത്ത പശുവിന്റെ ജാതകം നോക്കിയിട്ടെന്താ അല്ലെ. ചാണ്ടിയുടെ മുൻഗാമിയായ ശശീന്ദ്രനും ഇപ്പോൾ ഇതികർത്തവ്യമൂഢനാണ്. ഒരു പൂച്ചക്കുട്ടിയുണ്ടാക്കിയ അനാവശ്യമായ വിവാദത്തിൽ പെട്ടാണ് അദ്ദേഹത്തിനും വെറുമൊരു എംഎൽഎ മാത്രമായി ചുരുങ്ങേണ്ടി വന്നത്. ശരദ് പവാർ എന്ന ദേശീയ നേതാവിന്റെ പിന്നിൽ അലക്കി തേച്ച ഖദറുമിട്ട് രാജ്യ പുരോഗതിക്ക് വേണ്ടി അഹോരാത്രം പണിയെടുക്കാൻ ചെറിയ പ്രശ്നങ്ങളുമായി കടന്നുവരുന്ന ചില ദുഷ്ടർ സമ്മതിക്കില്ലെന്ന് വെച്ചാൽ വലിയ കഷ്ടം തന്നെയാണ്. ജനങ്ങളെ സേവിക്കാനായി മനസിൽ മെനഞ്ഞെടുത്ത വികസന സ്വപ്നങ്ങളെയാണ് അനാവശ്യാമായി നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥ മാധ്യമ ദുഷ്പ്രഭുത്വം നശിപ്പിച്ച് കളയുന്നതെന്ന് പാർട്ടിയുടെ പ്രസിഡണ്ട് പീതാംബര കുറപ്പ്പോലും പരിതപിക്കുന്നു. എന്തായാലും നമ്മുടെ മുഖ്യമന്ത്രിയും ചാണ്ടി സാറോട് ഈ ദിവസങ്ങളിൽ ചോദിച്ചിരിക്കുക ഇതേ ചോദ്യം തന്നെയായിരിക്കും.. “എന്തിനാടാ ചക്കരെ നീ ആ സ്ഥലമൊക്കെ കൈയേറിയതെന്ന്...”