നരകങ്ങളാകുന്ന നഗരങ്ങൾ...
പ്രദീപ് പുറവങ്കര
ഓരോ വർഷവും അവസാനിക്കാറാകുന്പോൾ പലവിധ പ്രകൃതി ദുരന്തങ്ങൾ ഒരു കണക്കെടുപ്പ് തീർക്കാനെന്ന പോലെ നമ്മുടെ മുന്പിൽ വിരുന്നെത്തും. സുനാമിയും, ലാത്തൂരിലെ ഭൂകന്പവും ഒക്കെ ഇപ്പോൾ ഓർമ്മ വരുന്നു. മനുഷ്യന്റെ അഹങ്കാരത്തിന്റെയും, അത്യാഗ്രഹത്തിന്റെയും ഒക്കെ പ്രതിഫലം മാത്രമാണിത്. പ്രകൃതി വിഭവങ്ങളിലുള്ള അമിതവും നാശോന്മുഖവുമായ കടന്നുകയറ്റവും, മനുഷ്യവിഭവശേഷിയെ മനുഷ്യത്വരഹിതമായി ചൂഷണം ചെയ്യലും, വികലവികസന കാഴ്ചപ്പാടോടെ നടപ്പിലാക്കലുമൊക്കെ ആണ് ഈ കാലത്തെ സവിശേഷത. ഇന്ന് മഴ പെയ്യുന്നത് കാണാൻ രസമാണെങ്കിലും അത് കലി തുള്ളി വന്നാൽ മനുഷ്യന്റെ നെഞ്ച് പിടയും. ഓരോ മഴക്കാലത്തും, വെള്ളപ്പൊക്കത്തിന്റെയും വെള്ളക്കെട്ടുകളുടെയും പ്രളയ കെടുതികൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടതാണ് രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം. ചെന്നൈ നഗരം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലേയ്ക്ക് എന്ന വാർത്ത ഇന്നലെ മുതൽ വന്നുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം 350തിലധികം പേർക്കാണ് പ്രളയകെടുതിയിൽ ഇവിടെ ജീവൻ നഷ്ടമായത്.
യാതൊരു മുൻകരുതലുമില്ലാതെ ഗ്രാമങ്ങളെ നഗരങ്ങളാക്കി മാറ്റുവാൻ വലിയ തിരക്ക് കാണിക്കുന്നവരാണ് ആധുനിക മനുഷ്യർ. അതിന്റെ പരിണിത ഫലങ്ങളാണ് പലപ്പോഴും അവിടെ ജീവിക്കുന്നവർ അനുഭവിക്കേണ്ടി വരുന്നത്. ഈ കഴിഞ്ഞ നവംബർ എട്ട് അന്തരാഷ്ട്ര നഗരവത്കരണ ദിനമായിരുന്നു. ആഗോള നഗരാസൂത്രണദിനമായും ഇതറിയപ്പെടുന്നുണ്ട്. നഗരാസൂത്രണം എങ്ങിനെ നടപ്പാക്കണമെന്ന് അറിയാതെയാണ് പല നഗരങ്ങളും നമ്മൾ കെട്ടിപൊക്കിയിരിക്കുന്നത്. സാമൂഹ്യവും പാരിസ്ഥിതികവും സാന്പത്തികവുമായ ഒട്ടനവധി വെല്ലുവിളികൾ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ നഗരവൽക്കരണമെന്നത് മതിയായ നടപ്പാതകളും അയൽപക്കവുമൊക്കെയായുള്ള വികസനമായിരുന്നു. എന്നാൽ മോട്ടോർ വ്യവസായം, ആട്ടോമൊബൈൽ സാങ്കേതികത എന്നിവയുടെ കടന്നുകയറ്റത്തോടെ പുതുതായി ഉദയം ചെയ്ത മധ്യവർഗ്ഗസംസ്‌കാരം നഗരപ്രാന്തങ്ങളെ സമൂലപരിവർത്തനത്തിന് വിധേയമാക്കി. അതോടൊപ്പം അതിരുകൾ, വാർത്തവിനിമയ സംവിധാനം, മാലിന്യനിർമാർജന സങ്കേതങ്ങൾ, ഓടകൾ, കുടിവെള്ള വിതരണ ശൃംഖല തുടങ്ങി പുതിയ പ്രശ്നങ്ങൾ കൂടി സമൂഹം ചർച്ച ചെയ്തു തുടങ്ങി. ഇന്ന് അത് കുറേ കൂടി പുരോഗമിച്ച് സ്മാർട്ട് ഹൈവെ, മെട്രോ റെയിൽ, മാളുകൾ തുടങ്ങിയ പുതിയ പദങ്ങളിലേയ്ക്കും എത്തിയതോടെ നഗരവൽക്കരണമെന്നത് കൂടുതൽ സങ്കീർണ്ണവും അശാന്തി നിറഞ്ഞതുമായ കാര്യമായി മാറിയിരിക്കുന്നു. ഇതോടൊപ്പം മാലിന്യം, അന്തരീക്ഷ മലിനീകരണം, വാഹനപ്പുക എന്നിവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ, ജീവിതച്ചെലവിന്റെ അനിയന്ത്രിതമായ വർദ്ധന, സാമൂഹ്യജീവിയാകാൻ മനുഷ്യന് കഴിയാതെ പോകുന്ന അവസ്ഥ ഇതൊക്കെ ചേർന്ന് ഏറെ പ്രതികൂലതകളുള്ള ഒന്നായി നഗരവൽക്കരണം ഇന്ന് മാറികഴിഞ്ഞിരിക്കുന്നു.
ക്രിയാത്മകമായ ഇടപെടലുകൾ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഒരു ചെറുമഴ പെയ്യുന്പോഴേയ്ക്കും നമ്മുടെ നഗരങ്ങൾ നരകങ്ങളായി പരിണമിക്കുമെന്നുറപ്പ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം നികുതികൾ ചുമത്തി കൊള്ളയടിക്കപ്പെടുന്ന ജനങ്ങളോട് അൽപ്പമെങ്കിലും ഉത്തരവാദിത്വം കാണിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്...