നെഞ്ചകം കുലുങ്ങുന്പോൾ...
പ്രദീപ് പുറവങ്കര
“ഒരു കുലുക്കം അനുഭവപ്പെട്ടോ”. കഴിഞ്ഞ ദിവസം രാത്രിയിൽ സുഹൃത്തിന്റെ പരിഭ്രാന്തി നിറഞ്ഞ സ്വരം കാതിൽ പതിഞ്ഞപ്പോഴാണ് അപകടം മണത്തത്. പെട്ടന്ന് തന്നെ വാർത്ത ഏജൻസികളുടെ സഹായത്തോടെ സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കി. ഇറാഖ്-ഇറാൻ അതിർത്തിയിൽ ഭൂമി കുലുങ്ങിയിരിക്കുന്നു. അതിന്റെ പ്രകന്പനങ്ങൾ സമീപ രാജ്യങ്ങളിലും ഉണ്ടായി എന്ന് ആ വാർത്തകൾ സ്ഥിരീകരിച്ചു. നേരിട്ട് ഭൂമികുലുക്കം നന്നായി അനുഭവിച്ചത് ഒരിക്കൽ ഖത്തറിൽ പോയപ്പോഴാണ്. അവിടെ ഒരു ഹോട്ടലിന്റെ 14മാത്തെ നിലയിൽ നിൽക്കുന്പോഴായിരുന്നു ഞങ്ങൾ ഒന്നനങ്ങിയത്. അന്ന് ചിന്തിച്ചത് അഹങ്കാരത്തിന്റെ കിരീടവും ധരിച്ച്, ജാഡയുടെ പുറംപൂച്ചുമായി, ആരോടൊക്കെയോ പുച്ഛത്തോടെ ലോകത്തെ നോക്കിക്കാണുന്ന ചില മഹാൻമാരെ പറ്റിയാണ്. ദേവതാരു വൃക്ഷത്തിന്റെയും അതിനടുത്തുണ്ടായിരുന്ന പുൽനാന്പിന്റെയും കഥ ഓർമ്മ വരുന്നു. അഹങ്കാരിയായ ദേവതാരു എന്നും ഈ പുൽനാന്പിനെ ഉയരകുറവ് കാരണം പുച്ഛിച്ച് കൊണ്ടിരുന്നു. പക്ഷെ ഒരിക്കൽ ആഞ്ഞുവീശിയ ചുഴലി കാറ്റിൽ ദേവതാരുവിന് പിടിച്ച് നിൽക്കാൻ സാധിക്കാതെ കടപുഴകി വീഴേണ്ടി വന്നു. അന്നും പുൽനാന്പിന് വലിയ പരിക്കൊന്നും സംഭവിച്ചില്ല. കഴിഞ്ഞ ദിവസത്തെ ഭൂകന്പത്തിന്റെ വാർത്തകൾ അറിയുന്പോഴും ഇതേ വികാരം തന്നെയാണ് ഉണ്ടാകുന്നത്.
പ്രകൃതി മനുഷ്യനോട് ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. എന്നാൽ പലപ്പോഴും അത് തിരിച്ചറിയാനുള്ള ശേഷി നമുക്കുണ്ടാകാറില്ലെന്ന് മാത്രം. പ്രകൃതിയുടെ ഈ കുസൃതിത്തരങ്ങളെ തിരിച്ചറിഞ്ഞാൽ ജീവിതത്തെ വളരെ ലളിതമായി കാണുവാൻ സാധിക്കും. ജീവിതമെന്നത് വെറുമൊരു കണക്ക് പുസ്തകമല്ലെന്ന് അപ്പോൾ മനസിലാകും. അത് പരസ്പരം പങ്ക് വെക്കലിന്റെ, പങ്ക് ചേരലിന്റെ ഒരു പെരുമഴകാലമാണ്. തനിയെ നമുക്കിവിടെ ഒന്നും ചെയ്യാൻ സാധിക്കില്ല. അങ്ങിനെ അബദ്ധവശാലെങ്കിലും ചിന്തിച്ചു പോയ പല മഹാൻമാരും നമ്മുടെയൊക്കെ ചരിത്രപാഠപുസ്തകങ്ങളിൽ ഇപ്പോൾ ഉറങ്ങികിടക്കുന്നുണ്ട്. സുനിശ്ചിതമായ ജനനത്തിനും അനിശ്ചിതമായ മരണത്തിനുമിടയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന് സത്യത്തിൽ കൃത്യമായ നിർവചനങ്ങളില്ലെന്ന് നമുക്ക് ഇടയിലെ വേദനിപ്പിക്കുന്ന ഓരോ വിടവാങ്ങലുകളും ഓർമ്മിപ്പിക്കുന്നു. ‘ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ, ചത്തുപോകുന്നു പാവം, ശിവ, ശിവ’ എന്ന പൂന്താനത്തിന്റെ വരികൾ ഈ ദാർശനിക സമസ്യ വെളിപ്പെടുത്തുന്നുണ്ട്. ഒപ്പം “നാം മരിച്ചാൽ നമ്മുടെ ശവകുടീരങ്ങൾ ഭൂമിയിൽ തിരയരുത്. അവ മനുഷ്യഹൃദയങ്ങളിൽ കാണുക” എന്ന ജലാലുദ്ദീൻ റൂമിയുടെ വാക്കുകളും മനസിൽ തെളിയുന്നു.
പറഞ്ഞ് പറഞ്ഞ് കാട് കയറുന്നുണ്ടോ എന്ന് സംശയം. എഴുതിവരുന്പോഴാണ് വാട്സാപിൽ സന്ദേശം നിറഞ്ഞ് തുടങ്ങിയത്. ഒരു മലയാളി കൂടി നെഞ്ച് വേദനയെ തുടർന്ന് ഇവിടെ മരണപ്പെട്ടിരിക്കുന്നു. വാർത്ത ശേഖരിക്കാനുള്ള തിരക്കിൽ സ്വന്തം ലേഖകൻ. തൊട്ടപ്പുറത്ത് ഇരുന്ന സഹപ്രവർത്തക മരിച്ച ആളുടെ ഫോട്ടോ കണ്ടപ്പോൾ പൊട്ടിക്കരയുന്നു. അവരുടെ കുടുംബസുഹൃത്താണത്രെ പരേതൻ. നെഞ്ചിലെ വേദനകളെ അടക്കി വെച്ച് എന്ത് പറയണമെന്നറിയാതെ ഞങ്ങളും!!