ശ്വാ­സകോ­ശം സ്പോ­ഞ്ച് പോ­ലെ­യാ­കു­ന്പോൾ...


പ്രദീപ് പുറവങ്കര

www.pradeeppuravankara.com

 

“ഇവിടെ ശ്വാസമെടുക്കുന്നത് ആരോഗ്യത്തിന് ഹാനികരം”. ഇങ്ങിനെയൊരു ടാഗ് ലൈനാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാനത്ത് ഇപ്പോൾ അനുയോജ്യമെന്ന് അവിടെയുള്ളവർ പറയുന്നു. ഓരോ ദിവസവും അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഈ നഗരത്തിന് ഇപ്പോൾ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ലോകമെന്പാടുമുള്ള പരിസ്ഥിതി പ്രേമികൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് ഇവിടെ മുഖംമൂടി ധരിച്ചാണത്രെ മനുഷ്യർ നടക്കുന്നത്. കടുത്ത പുകമഞ്ഞും അന്തരീക്ഷമലിനീകരണവുമാണ്‌ ഈ ദുഃസ്ഥിതി വരുത്തിയത്‌. അന്തരീക്ഷത്തിലെ വിഷധൂളികളിൽ നിന്ന് ഇത്തരം മുഖംമൂടികൾ വലിയ രക്ഷയൊന്നും നൽകില്ലെന്ന് വിദഗ്ധർ പറയുന്പോഴും താൽക്കാലിക ആശ്വാസത്തിന്് വേണ്ടി ഇവ ധരിച്ച് യാത്ര ചെയ്യുകയാണ് ഇപ്പോൾ ഡൽഹി നിവാസികൾ. 

ഇടയ്കിടെ വിദ്യാലയങ്ങൾക്ക് അവധി നൽകിയും, വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയും ഒക്കെ അന്തരീക്ഷ മലിനീകരണത്തെ തടയാൻ ഗവൺമെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും വലിയ ഗുണങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. ദീവാലി ആഘോഷത്തിനായി പൊട്ടിച്ച പടക്കങ്ങളും, വ്യവസായശാലകളിൽ നിന്നുള്ള വാതകങ്ങളും, പിന്നെ വയലുകളിലെ വിളവെടുപ്പിന് ശേഷമുള്ള തീവെയ്പ്പുമൊക്കെ തലസ്ഥാനത്തെ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം വായുമലിനീകരണമുള്ള നഗരമാണ് ഡൽഹി. അതു പോലെ ശ്വാസകോശ രോഗങ്ങളുമായി ഏറ്റവുമധികം രോഗികൾ ആശുപത്രിയിലെത്തുന്നതും ഇവിടെ തന്നെ. വായുമലിനീകരണത്തിന് പുറമേ ഇവിടെ ശൈത്യകാലത്ത് എത്തുന്ന മൂടൽ മഞ്ഞും ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ വലിയ മീറ്റിങ്ങുകളൊക്കെ വിളിച്ച് ചേർത്ത് ചില ആശ്വാസനടപടികൾ ഡൽഹിയിലെ സർക്കാർ എടുക്കുമെങ്കിലും കാലാവസ്ഥ മാറുന്പോൾ വീണ്ടും കാര്യങ്ങൾ  പഴയപടിയാകുമെന്നാണ് തദ്ദേശീയരുടെ പരാതി.  

വാഹനങ്ങളുടെ പെരുക്കം തന്നെയാണ് വായുമലിനീകരണത്തിന് ഏറ്റവും പ്രധാന കാരണം. നമ്മുക്ക് ഇപ്പോഴും കൂടുതൽ വാഹനങ്ങൾ എന്നാൽ കൂടുതൽ വികസനം എന്നാണല്ലോ അർത്ഥം. ഇതോടൊപ്പം മാനദണ്ധങ്ങൾ പാലിക്കാത്ത നിർമാണ പ്രവർത്തനങ്ങൾ പാതകളിലെ പൊടി, പ്ലാസ്റ്റിക്‌ ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ പരസ്യമായി കത്തിക്കൽ എന്നിവയൊക്കെ അന്തീക്ഷ മലിനീകരണത്തിന് ആക്കം കൂട്ടുന്നുണ്ട്.  ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മെട്രോ നഗരങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളീയർക്കിടയിൽ ശ്വാസകോശരോഗങ്ങളും രക്തധമനിസംബന്ധമായ രോഗങ്ങളും ശ്വാസകോശാർബുദവും അന്പരപ്പിക്കുന്ന തരത്തിൽ വർധിച്ചിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇങ്ങിനെയാണെങ്കിൽ കാലം അൽപ്പം കൂടി മുന്പോട്ട് പോകുന്പോൾ മുഖം മൂടികൾ ഇവിടെയുള്ളവർക്കും ആവശ്യമായി വരുമെന്നത് ഉറപ്പ്!! 

You might also like

Most Viewed