ചാ­ണ്ടി­യിൽ നി­ന്ന് വീ­ണ്ടും ചാ­ണ്ടി­യി­ലേ­യ്ക്ക്...


പ്രദീപ് പുറവങ്കര

ഉമ്മൻ ചാണ്ടിക്ക് നേരെ സഭയിൽ വെച്ച സോളാർ റിപ്പോർട്ടിന്  പിന്നാലെ വീണ്ടും കേരള രാഷ്ട്രീയം തോമസ് ചാണ്ടിയിലേയ്ക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും എതിരായതോടെ ഭൂമികൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട് ഗവൺമെന്റിലും നിയമത്തിന്റെ മുന്‍പിലും മുന്നണിയിലും തോമസ് ചാണ്ടിയുടെ നില കൂടുതൽ പരുങ്ങലിലായിരിക്കുന്നു. രാജി വെച്ചൊഴിഞ്ഞില്ലെങ്കിൽ വല്യേട്ടൻ തന്നെ മുൻകൈയെടുത്ത് ഒഴിപ്പിക്കേണ്ടി വരുമെന്ന സ്ഥിതിയും ആയിട്ടുണ്ട്. ഹണിട്രാപ്പ് വിവാദത്തിൽ കുടുങ്ങി പുറത്ത് പോകേണ്ടി വന്ന ശശീന്ദ്രന്റെ മനസിൽ വീണ്ടും ലഡു പൊട്ടിയിട്ടുമുണ്ട്. 

സജീവ രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലാതിരുന്ന തോമസ് ചാണ്ടി കഴിഞ്ഞ ഇരുപത് വർഷത്തിനിടെ പലതരം രാഷ്ട്രീയ പാർട്ടികൾക്കൊപ്പം സഞ്ചരിച്ചാണ് മന്ത്രിസ്ഥാനത്ത് എത്തിയത്. ആദ്യം ഡി.ഐ.സിയെ പ്രതിനിധീകരിച്ച് യുഡിഎഫ് മുന്നണിയിൽ‍ നിന്നും പിന്നീട് രണ്ട് തവണ ഇടത് മുന്നണിയിൽ നിന്നും എംഎൽഎ ആയ തോമസ് ചാണ്ടി, ഇതേ കാലയളവിൽ തന്നെയാണ് ഇത്രയേറെ നെൽവയലുകളും വേന്പനാട്  കായലും കയ്യേറിയത്. ഇങ്ങിനെയൊക്കെയാണെങ്കിലും കുവൈത്തിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും വിവിധ വ്യവസായങ്ങൾ കൂടിയുള്ള അദ്ദേഹത്തെ ഭരണ പ്രതിപക്ഷ ഭേദമന്യേ ആരും തന്നെ വലുതായി ഉപദ്രവിക്കാതെ മാറ്റിവെച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ആലപ്പുഴ ജില്ലാ കലക്ടറായ അനുപമയുടെ ഒരു റിപ്പോർട്ട് പുറത്ത് വരുന്നത്. തോമസ് ചാണ്ടിയുടെ  ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർ‍ട്ടിലേയും മാർത്താണ്ധം കായലിലേയും കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളുമാണ് സർക്കാറിനു സമർപ്പിച്ച റിപ്പോർ‍ട്ടിൽ വളരെ വ്യക്തമായി സൂചിപ്പിച്ചത്. ഇതിനൊപ്പം തോമസ് ചാണ്ടിയും ബന്ധുക്കളും, സംസ്ഥാന ഭൂസംരക്ഷണ നിയമവും നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവും ലംഘിച്ചതായും അതിനു ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായും ആ റിപ്പോർട്ട് വ്യക്തമാക്കി. അധികാരവും പണവും ഉപയോഗിച്ച് നിയമങ്ങൾ‍ അട്ടിമറിച്ച് തോമസ് ചാണ്ടി നടത്തുന്ന അഴിമതി കഥകൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോഴാണ് തോമസ് ചാണ്ടിയെ പറ്റി എന്തെങ്കിലും പറയാൻ പ്രതിപക്ഷവും നിർബന്ധിതരായത്. 

തോമസ് ചാണ്ടിയെ തുടർ‍ച്ചയായി വിജയിപ്പിച്ചത് കുട്ടനാടിന്റെ തന്നെ ശാപമായെന്ന്  പൊതുജനം തന്നെ വിലയിരുത്തുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ മന്ത്രിസഭയിലെ തന്നെ മന്ത്രിമാരായിരുന്ന ഇ.പി ജയരാജൻ, എ.കെ ശശീന്ദ്രൻ‍ എന്നിവരിൽ നിന്നും രാജി എഴുതി വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ, അഴിമതിയും ക്രിമിനൽ നടപടിയും വളരെ വ്യക്തമായിട്ടും തോമസ് ചാണ്ടിക്ക് മുന്നിൽ മൗനം പാലിക്കുന്നത് തുടരുകയാണെങ്കിൽ അത് വലിയ കളങ്കമായിരിക്കും അദ്ദേഹത്തിന് ഉണ്ടാക്കുക. അതിന് അദ്ദേഹം നിൽക്കില്ലെന്ന് തന്നെ കരുതികൊണ്ട്... 

You might also like

Most Viewed