മാറേണ്ടത് സംവിധാനങ്ങൾ കൂടിയാണ്...
പ്രദീപ് പുറവങ്കര
ഒരു സർക്കാർ അവരുടെ കാലയളവിൽ തന്നെ അവർക്കെതിരെ വന്ന ആരോപണത്തിന്റെ അന്വേഷണത്തിനായി നിയമിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത് വന്നതിന്റെ ബഹളത്തിലാണ് ഇപ്പോൾ കേരളീയ രാഷ്ട്രീയ രംഗം. ലൈംഗിക ചൂഷണവും, സാന്പത്തിക അഴിമതിയും, അധികാര ദുർവിനിയോഗവുമുൾപ്പടെയുള്ള ഒട്ടേറെ ആരോപണങ്ങളാണ് ഈ അന്വേഷണ കമ്മീഷൻ ശരിവെച്ചിരിക്കുന്നത്. ഇതിൽ സത്യമേതെന്നോ, മിഥ്യയേതെന്നോ തിരിച്ചറിയാൻ സാധിക്കാത്ത ഒരവസ്ഥയിലാണ് ഇപ്പോൾ പൊതുസമൂഹം. ജനപിന്തുണയും, വിശ്വാസ്യതയും ഏറെയുണ്ടായിരുന്ന നേതാക്കാളാണ് പ്രായഭേദമന്യേ അരോപണ വിധേയരായിരിക്കുന്നത്. ഇവർക്കൊപ്പം മുതിർന്ന ഉദ്യോഗസ്ഥരും പെടുന്നു. കമ്മീഷൻ ശരിവെച്ച ആരോപണങ്ങളിൽ തുടർന്ന് അന്വേഷണം നടത്തിയാൽ മാത്രമേ അത് മനസിലാകൂ. ആ അന്വേഷണങ്ങൾ നടന്നാലും ഇല്ലെങ്കിലും നമ്മുടെ രാഷ്ട്രീയ രംഗം അവിശുദ്ധമായ ഇടപാടുകളുടെ കേളീരംഗമായി മാറികൊണ്ടിരിക്കുകയാണെന്ന് സംശയാതീതമായി ഉറപ്പിക്കാവുന്നതേയുള്ളൂ.
അധികാരരാഷ്ട്രീയത്തിൽ എന്തിനാണ് ധാർമ്മികതയെന്ന് ചോദിക്കുന്ന ഒരു നവ ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. കുമിഞ്ഞു കൂട്ടുന്ന പണത്തിന്റെ അഹങ്കാരത്തിനൊപ്പം അധികാരത്തിന്റെ താക്കോലും കൂടി വല്ല വിധേനയും കരസ്ഥമാക്കുക എന്ന വെറും സാദാ മനുഷ്യന്റെ തീവ്രമായ ആഗ്രഹം തന്നെയാണ് ധാർമ്മികത എന്ന വാക്കിനെ പുതിയ കാലത്തെ നിഘണ്ടുവിൽ നിന്ന് മാറ്റി നിർത്താനുള്ള കാരണം. ഓരോ തവണയും നമ്മുടെ അധികാര കേന്ദ്രങ്ങളിൽ നിന്ന് ഇന്നലെ കേട്ടത് പോലെയുള്ള ജീർണിച്ച വാർത്തകൾ നമ്മെ തേടിയെത്തുന്പോൾ തല കുന്പിട്ടിരിക്കുവാനും, അൽപ്പസമയം ആ ഇരിപ്പിൽ ഫേസ് ബുക്കിൽ സ്റ്റാറ്റസുകൾ അപ് ഡേറ്റ് ചെയ്ത് സ്വയം തൃപ്തിയടയാനും മാത്രം കഴിവുള്ള ഒരു പാവ സമൂഹമായി നമ്മൾ മാറിയതും ധാർമ്മികത എന്ന വാക്കിന് നമ്മുടെ ജീവിതത്തിലും വലിയ അർത്ഥങ്ങൾ ഇല്ലാത്തത് കൊണ്ടാണ്. നല്ല കള്ളനാണ് ഇന്ന് നമ്മുടെ ഇടയിൽ വിലയുള്ളത്. നല്ല കൊലപാതകിക്കാണ് നമ്മൾ നായകസ്ഥാനം നൽകുന്നത്. അനാശാസ്യമായി എന്തും ചെയ്യാൻ സാധിക്കുന്നവനെയാണ് നമ്മൾ ആരാധിച്ചു പോകുന്നത്. അല്ലാത്തവനെ “നിങ്ങളെ കൊണ്ട് എന്തിന് കൊള്ളാം” എന്ന വാക്കിൽ നമ്മളിരുത്തി തളർത്തികളയുന്നു. നല്ലവാനാകാൻ സമൂഹം തന്നെ സമ്മതിക്കാത്ത ഈ ഒരവസ്ഥയും ഖേദകരമാണ്. കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥന് കൈക്കൂലി കൊടുത്ത് ശീലിപ്പിക്കുന്നത് ഈ സമൂഹം ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു സംവിധാനമാണ്. ആ സംവിധാനത്തിന് അടിസ്ഥാനമായി തകരാറുകൾ ഉണ്ടെന്നത് തിരിച്ചറിഞ്ഞ് അതിനെ മാറ്റുവാൻ ആർജ്ജവമുള്ളവർ അധികാര സ്ഥാനങ്ങളിൽ എത്തുന്നത് വരേക്കും ഇതേ തരത്തിൽ ജീർണിച്ച വാർത്തകൾ നമ്മുടെ മുന്പിൽ വന്നുകൊണ്ടേയിരിക്കും എന്നതിന് യാതൊരു സംശയവുമില്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...