നാവടക്കാൻ ബുദ്ധിമുട്ടുണ്ട്...
പ്രദീപ് പുറവങ്കര
ജനാധിപത്യ സമൂഹത്തിലെ നാലാമിടമാണ് മാധ്യമങ്ങൾ. ജനങ്ങളുടെ വ്യത്യസ്ത വികാരങ്ങളുടെ പ്രതിഫലനമാണ് വാർത്തകളിലൂടെയും, കോളങ്ങളിലൂടെയും, കാർട്ടൂണുകളിലൂടെയും ഒക്കെ പുറത്ത് വരുന്നത്. അത് ചിലപ്പോൾ ഭരിക്കുന്നവർക്ക് വെല്ലുവിളിയായേക്കാം. പക്ഷെ അത് കാരണം മാധ്യമങ്ങൾ മിണ്ടരുത് എന്ന് പറയുന്നവരെ ഭീരുക്കളായിട്ടാണ് പൊതുവെ പൊതുസമൂഹം നോക്കികാണുന്നത്. അതുകൊണ്ട് തന്നെ മാധ്യമസ്വാതന്ത്ര്യം എന്നത് എന്തും എഴുതിപിടിപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് ഒരു ഭരണാധികാരി വീണ്ടും വീണ്ടും നമ്മോട് പറയുന്പോൾ അവിടെ ഭീഷണിയുടെ സ്വരം മാത്രമല്ല ഉള്ളത്, മറിച്ച് ഉള്ളിലെ ഭീരുത്വം കൂടി വെളിപ്പെടുന്നുണ്ട് എന്ന് പറയാതെ വയ്യ. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള ഈ അസഹിഷ്ണുത ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെ ഉത്കണ്ഠപ്പെടുത്തേണ്ടതാണ്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നുള്ള കാർട്ടൂണിസ്്റ്റായ ജി ബാലയെ അറസ്റ്റ് ചെയ്ത സംഭവം ഇപ്പോഴും നമ്മുടെ ഭരണാധികാരികൾക്ക് ജനാധിപത്യം എന്താണെന്ന് മനസിലായിട്ടില്ലെന്ന് തെളിയിക്കുന്ന കാര്യമാണ്. കൊള്ളപ്പലിശക്കാരുടെ ഭീഷണി സഹിക്കവയ്യാതെ തിരുനൽവേലി കളക്‌ടറേറ്റിനു മുന്നിൽ ദന്പതികളും രണ്ടു കുട്ടികളുമടങ്ങിയ കുടുംബം അഗ്നിയിൽ ജീവനൊടുക്കിയ സംഭവം ആസ്പദമാക്കിയാണ് ജി ബാല കാർട്ടൂൺ വരച്ചത്. തീയിൽ എരിയുന്ന കുട്ടിയുടെ മുന്നിൽ മുഖ്യമന്ത്രിയും ജില്ലാ കളക്‌ടറും പോലീസ് മേധാവിയും നോട്ടുകെട്ടുകൾകൊണ്ടു നാണം മറയ്ക്കുന്നതായിരുന്നു ചിത്രം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ കാർട്ടൂൺ കണ്ട് അധികാരികൾ കാർട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തു ജയിലിലിട്ടു. ഇപ്പോൾ ജാമ്യത്തിലിറങ്ങിയിരിക്കുന്ന കാർട്ടൂണിസ്റ്റ് താൻ ഇനിയും ഇത്തരം കാർട്ടൂണുകൾ വരയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ സംഭവം അരങ്ങറിയ തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ ‘ദിനതന്തി’ ദിനപത്രത്തിന്‍റെ എഴുപത്തഞ്ചാം വാർഷികത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ച് നാളുകളായി ജി ബാലയെ പോലെ വേട്ടയാടപ്പെട്ട മാധ്യമപ്രവർത്തകരെയൊക്കെ മറന്ന് കൊണ്ട് വാചാലനായത് മാധ്യമങ്ങൾ അമിത സ്വാതന്ത്ര്യമെടുക്കുന്നതിനെപറ്റിയായിരുന്നു. മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതു ക്രിമിനൽ കുറ്റമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. വസ്തുതാവിരുദ്ധമായി കാര്യങ്ങൾ എഴുതാനുള്ളതല്ല മാധ്യമപ്രവർത്തനം എന്ന നിലപാടിനോട് യോജിക്കാമെങ്കിലും, യഥാർത്ഥ വസ്തുതകൾ പറയുന്പോൾ അധികാരികൾ അസഹിഷ്ണുത കാട്ടുന്നതു ശരിയോ തെറ്റോ എന്നു പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഒരു കാലത്ത് മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി ഘോരഘോരം വാദിച്ചിരുന്നവർ അധികാരച്ചെങ്കോൽ കൈയിലേന്തിയാൽ പഴയ പ്രസംഗങ്ങളെല്ലാം മറക്കുമെന്നത് അധികാരത്തിന്‍റെ മായാവിലാസങ്ങളിലൊന്നായിരിക്കാം. മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമെല്ലാം തങ്ങളെ വാഴ്ത്തുക മാത്രമാണു വേണ്ടതെന്ന് ആ നേരത്ത് അവർക്കു തോന്നും. വിമർശിക്കുന്നവർ അപ്പോൾ വെറുക്കപ്പെട്ടവരാകും. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഇതുതന്നെ സ്ഥിതി. വിവിധ സംസ്ഥാനങ്ങളിൽ മാധ്യമങ്ങൾക്കു നേരേ നടക്കുന്ന അതിക്രമങ്ങൾ ഇതിനു തെളിവാണ്. കേരളത്തിൽ ഇപ്പോഴും കോടതികളിൽ മാധ്യമപ്രവർത്തകർക്കു വിലക്കേർപ്പെടുത്തിയിട്ടു നാളേറെയായി. ഇതിനിടയിലും ജനാധിപത്യത്തിന്‍റെയും മാധ്യമസ്വാതന്ത്ര്യത്തിന്‍റെയും സംരക്ഷകരാണു തങ്ങളെന്നു സ്ഥാപിക്കാൻ രാഷ്‌ട്രീയകക്ഷികളും നേതാക്കളും നടത്തുന്ന ശ്രമമാണ് അപഹാസ്യമായി തോന്നുന്നത്.!!