ഉപ്പ് തി­ന്നാൽ...


പ്രദീപ് പുറവങ്കര

സൗദി അറേബ്യയിൽ നിന്ന് മുന്പ് നിരീക്ഷകർ പ്രവചിച്ചത് പോലെ ‍ ഓരോ ദിവസവും വലിയ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അഴിമതി ആരോപണങ്ങളുടെ നിഴലിലായിരുന്ന നാല് മന്ത്രിമാരടക്കം, 11 രാജകുമാരന്മ‍ാരെയാണ് സൗദി ഭരണകൂടം അറസ്റ്റ് ചെയ്ത് യാത്രാനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കിരീടാവകാശിയായ ഷെയ്ഖ് സൽമാൻ അദ്ധ്യക്ഷനായി രൂപീകരിച്ച അഴിമതി വിരുദ്ധ ബ്യൂറോയാണ് ഈ നടപടികൾക്ക് നേതൃത്വം നൽകിയത്. 

ഇപ്പോൾ തടവിലായവരിൽ ഏറ്റവും പ്രമുഖൻ 62 വയസ് പ്രായമുള്ള ശതകോടിശ്വരനായ അൽ വലീദ് ബിൻ തലാലാണ്. പാശ്ചാത്യരാജ്യങ്ങളിലെ കന്പനികളിൽ വലിയ നിക്ഷേപമുള്ളയാളാണ് അൽ വലീദ് തലാൽ. ലോകത്തെ ഏറ്റവും വലിയ സന്പന്നരുടെ പട്ടികയിൽ  ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. താരതമ്യേന പുരോഗമനവാദിയായി പാശ്ചാത്യ മാധ്യങ്ങളിൽ  അറിയപ്പെടുന്ന അദ്ദേഹം സൗദിയിൽ സ്ത്രീകൾ‍ക്ക് ഡ്രൈവിംഗിന് അനുമതി നൽകണമെന്ന് ശക്തമായി വാദിച്ചയാളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ്് ട്രംപിനെ രൂക്ഷമായി വിമർശിച്ചിട്ടുള്ളയാളുമാണ്. റൂപർ‍ട്ട് മർഡോക്കിന്റേത് അടക്കമുള്ള മാധ്യമ കന്പനികളിൽ വലീദ് തലാലിന് ഓഹരികളുണ്ട്.  ന്യൂസ്‌കോർപിന് പുറമെ ആപ്പിൾ, ടൈം വാർണർ്‍‍, ട്വിറ്റർ‍, അറബ് മേഖലയിലെ ചാനൽ നെറ്റ്‌വർക്കായ റോട്ടാന തുടങ്ങിയവയിലെല്ലാം അദ്ദേഹത്തിന് പങ്കാളിത്തമുണ്ടായിരുന്നു. 

ഇത്രയും ശക്തരായവരെ പോലും അറസ്റ്റ് ചെയ്യാനുള്ള ആർജ്ജവമാണ് സൗദി ഭരണകൂടം ഇപ്പോൾ കാണിച്ചിരിക്കുന്നന്നത്. പുതിയ കിരീടാവകാശി മുന്പോട്ട് വെയ്ക്കുന്ന ഉദാരവത്കരണ നയങ്ങളാണ് വരും കാലങ്ങളിൽ സൗദിയിൽ നടപ്പിലാകുക എന്ന സൂചനകൾ തന്നെയാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളൊക്കെ വ്യക്തമാക്കുന്നത്. യാഥാസ്ഥിക നിലപാടുകളിൽ നിന്ന് മാറി കുറെ കൂടി തുറന്ന സമീപനമാണ് പുതിയ കാലത്ത് ഉണ്ടാകേണ്ടതെന്നും, അതിന് വേണ്ട നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും ഭരണകൂടം പറയാതെ പറയുന്നുണ്ട്. കിരീടാവകാശി കഴിഞ്ഞ മാസം പ്രഖ്യാപ്പിച്ച 500 ബില്യൺ ഡോളറിന്റെ പ്രത്യേക സാന്പത്തിക മേഖലയിൽ രാജ്യത്ത് നിലവിലുള്ള ശരീഅത്ത് നിയമങ്ങൾ  ഒന്നും തന്നെ ബാധകമായിരിക്കില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നതും ഈ സാഹചര്യത്തിലാണ്. മുന്പത്തേത് പോലെ എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്പോട്ട് പോകാൻ പറ്റില്ലെന്ന തിരിച്ചറിവും ഇത്തരം തീരുമാനങ്ങൾക്ക് ഭരണകൂടത്തെ പ്രേരിപ്പിക്കുന്നുണ്ട് എന്ന് തന്നെ വേണം മനസിലാക്കാൻ. 

അഴിമതി വിരുദ്ധ നടപടികൾക്കൊപ്പം കള്ളപ്പണത്തിനെതിരെയും കർശനമായ നടപടികളാണ് ഇപ്പോൾ ഭരണകൂടം സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച പണം വെളുപ്പിക്കൽ തടയൽ നിയമത്തിലൂടെ മൂന്ന് മുതൽ 15 വർഷം വരെയുള്ള തടവും, ഏഴ് ദശലക്ഷം റിയാൽ വരെ പിഴയും അതല്ലെങ്കിൽ തടവും പിഴയും ഒന്നിച്ച് അനുഭവിക്കലുമാണ് ശിക്ഷയായി പ്രഖ്യാപ്പിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമായി കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് സ്വൈര്യ വിഹാരം നടത്തിവന്നിരുന്ന നിരവധി പേർ ഇപ്പോൾ തന്നെ തടവറക്കുള്ളിലാണെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നു. ഇതിൽ ഇന്ത്യക്കാരായ പ്രവാസി കോടീശ്വരന്മാരുമുണ്ടത്രെ. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് മാത്രം ഓർമ്മിപ്പിച്ചു കൊണ്ട്... 

You might also like

Most Viewed