നഷ്ടമാകുന്ന മാനസികാരോഗ്യം...
പ്രദീപ് പുറവങ്കര
www.pradeeppuravankara.com
അറിഞ്ഞു കൊണ്ട് ജീവൻ വെടിയുക എന്ന ശ്രമത്തെയാണ് നമ്മൾ പൊതുവായി ആത്മഹത്യ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. നല്ല ചിന്താശക്തിയും, ബുദ്ധിപാടവവുമുണ്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യൻ മാത്രമേ ജീവജാലങ്ങളിൽ ആത്മഹത്യ ചെയ്യാറുള്ളൂ. ജീവിതത്തിൽ പ്രതിസന്ധി വരുന്പോഴാണ് ആത്മഹത്യയെ പറ്റി അല്ലെങ്കിൽ ഒരു ഒളിച്ചോട്ടത്തെ പറ്റി മനുഷ്യൻ ചിന്തിക്കുന്നതും, അത് പ്രാവർത്തികമാക്കുന്നതും. കേവലമൊരു നിമിഷത്തെ വികാരമാണ് മിക്ക ആത്മഹത്യകളുടെയും കാരണമെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആ നിമിഷത്തെ അതിജീവിക്കാൻ സാധിക്കുകയാണെങ്കിൽ ജീവിതമെന്ന സുന്ദര സ്വപ്നത്തെ വീണ്ടും വല്ലാതെ സ്നേഹിച്ചു തുടങ്ങുമെന്നതും ഒരിക്കലെങ്കിലും ആത്മഹത്യ ശ്രമം നടത്തിയവർക്ക് അറിയാവുന്ന യാത്ഥാർത്ഥ്യമാണ്.
ആത്മഹത്യകളെ പറ്റി എഴുതാനുള്ള കാരണം കേരളത്തിൽ നിന്നുള്ള ഒരു റിപ്പോർട്ടാണ്. സാക്ഷര സുന്ദര കേരളത്തിന് പുതിയൊരു ബഹുമതി കൂടി ലഭിച്ചിട്ടുണ്ട്. ദേശീയ ശരാശരിയെക്കാൾ ആത്മഹത്യ പ്രവണത വളരെ കൂടിയ സംസ്ഥാനമായി നമ്മുടെ നാട് മാറിയിരിക്കുന്നു. ദേശീയ ശരാശരി ആറ് ശതമാനമാണെങ്കിൽ കേരളത്തിൽ അത് ഇരട്ടിയലിധികമായി 12.6 ശതമാനമായിരിക്കുന്നു. ബാംഗ്ലൂർ നിംഹാൻസ് നടത്തിയ പഠനത്തെത്തുടർന്ന് പ്രസിദ്ധീകരിച്ച നാഷണൽ മെന്റൽ ഹെൽത്ത് സർവ്വേ കേരള ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ജീവിതകാലത്തിൽ ഒരിക്കലെങ്കിലും മാനസിക രോഗം വന്നവരുടെ നിരക്ക് 14.4 ശതമാനം ആണ്. സ്‌കിസോഫ്രീനിയ, വിഷാദരോഗം, വിഷാദഉന്മാദ രോഗം, ഉത്കണ്ഠ രോഗങ്ങൾ എന്നിവ ഈ കണക്കിൽ ഉൾപ്പെടുന്നു. സാധാരണ മാനസിക രോഗങ്ങളുടെ നിരക്ക് കേരളത്തിൽ 11 ശതമാനം ആണ്. ലഹരി മൂലമുള്ള രോഗങ്ങൾ പുരുഷന്‍മാരിൽ വർദ്ധിക്കുന്പോൾ വിഷാദ രോഗം സ്ത്രീകളിലാണ് കൂടുതൽ. ഗാർഹിക പീഢനങ്ങൾ ഉൾപ്പടെയുള്ള കാരണങ്ങളാണത്രെ സ്ത്രീകളുടെ വിഷാദരോഗത്തിന് പിന്നിൽ. കേരളത്തിൽ പതിനെട്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കിടയിൽ ആത്മഹത്യാ നിരക്ക് കൂടി വരുന്നുണ്ട് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൊത്തം ആത്മഹത്യയിൽ പുരുഷൻമാരുടെ എണ്ണത്തിൽ വൻ വർദ്ധനവുള്ളപ്പോൾ പതിനെട്ട് വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ എണ്ണം ആശങ്കയുണ്ടാകും വിധം കൂടുന്നതായി ദേശീയ ക്രൈം റോക്കോർഡ്സ് ബ്യൂറോയുടെ കണക്ക്.
സ്‌കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ ചേർന്നുള്ള ഗുരുതരമായ മാനസിക രോഗം 0.44 ശതമാനം പേർക്കുണ്ട്. മദ്യപാനം മൂലമുള്ള മാനസിക പ്രശ്‌നങ്ങളും കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഇതേസമയം പുകവലി മൂലമുളള പ്രശ്‌നങ്ങൾ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ കാരണം കേരളത്തിൽ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
ഈ റിപ്പോർട്ട് വന്നതിന് പിറകെ ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരു മെന്റൽ ഹെൽത്ത് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി െക.കെ ശൈലജ പറഞ്ഞിട്ടുണ്ട്. എന്തായാലും താളം തെറ്റുന്ന മനസ്സുകളുടെ എണ്ണം കൂടുന്നുവെന്ന റിപ്പോർട്ട് വായിക്കുന്പോൾ ഒരു നൂറ്റാണ്ടിന് മുന്പ് കേരളമൊരു ഭ്രാന്താലയമാണെന്ന് അഭിപ്രായപ്പെട്ട സ്വാമി വിവേകാനന്ദനെ ഓർമ്മ വരുന്നു എന്ന് പറയാതിരിക്കാൻ സാധിക്കില്ല !!