മാ­റ്റത്തി­ന്റെ­ കാ­റ്റ് വീ­ശു­ന്പോൾ...


പ്രദീപ് പുറവങ്കര

ബഹ്റൈനിലെ പ്രവാസസമൂഹവുമായി ബന്ധപ്പെട്ട് ഇതിനിടെ ഫോർ പി എമ്മിൽ വന്നൊരു വാർത്ത നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. കഴിഞ്ഞ ജൂൺ മാസം മുതൽ എൺപതോളം പ്രവാസികൾ രണ്ടര ലക്ഷത്തോളം ഇന്ത്യക്കാർ താമസിക്കുന്ന ബഹ്റൈനിൽ ജീവിതശൈലീ രോഗങ്ങൾ കാരണം മരണപ്പെട്ടുവെന്നതായിരുന്നു ആ വാർത്ത. സമീപകാലത്തൊന്നും ഇത്രയും മരണങ്ങൾ ഒന്നിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കേണ്ട കാര്യമാണ്. മരണപ്പെട്ടവരിൽ തൊഴിലാളികൾ മുതൽ മുതലാളികൾ വരെയുൾപ്പെടുന്നു. മാനസിക പിരിമുറുക്കം, അനാരോഗ്യം, കടുത്ത ചൂടിൽ‍ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ഇവയാണ് മിക്ക മരണങ്ങളുടെയും കാരണമായി ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നത്. ഗൾ‍ഫ് രാജ്യങ്ങളിലെന്പാടുമായി ആറ് ദശലക്ഷം ഇന്ത്യൻ പ്രവാസികൾ ജോലി ചെയ്യുന്നതുണ്ടെന്നാണ് സർ‍ക്കാർ‍ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 2005നും 2015നും ഇടയിൽ ആകെ 30,000 ഇന്ത്യക്കാരാണ് ഇവിടെ വെച്ച് മരണപ്പെട്ടത് എന്ന് സർക്കാർ രേഖകൾ പറയുന്നു. 

പറഞ്ഞു വരുന്നത് വെറുമൊരു മരണ കണക്ക് മാത്രമല്ല,  മറിച്ച് പ്രവാസ ലോകത്ത് വരും കാലങ്ങളിലുണ്ടാകാനിരിക്കുന്ന അല്ലെങ്കിൽ ഉണ്ടായികൊണ്ടിരിക്കുന്ന കാര്യങ്ങളെ തിരിച്ചറിയാനും, അതേ പറ്റി ബോധവത്കരണം നടത്താനും സമൂഹത്തിലെ നേതാക്കളും, സംഘടനകളും മുൻകൈയെടുക്കേണ്ട നേരമാണിതെന്ന് സൂചിപ്പിക്കാൻ കൂടിയാണ്. ചുറ്റിലുമുള്ള മാറ്റങ്ങളെ തിരിച്ചറിയാനോ അവയെ നേരിടാനോ കരുത്ത് ഇല്ലാതാകുന്പോൾ മാനസിക സമ്മർദ്ദവും അനാരോഗ്യവും ഒരാളെ പിടികൂടും. അത് പിന്നീട് ഒരു പകർച്ച വ്യാധി പോലെയാകും. പരദൂഷണങ്ങളുടെയും, ഇല്ലാകഥകളുടെയും പ്രചാരം ഇതിന്റെയൊപ്പം വർദ്ധിപ്പിക്കും. ഇവിടെ ധാരാളം നല്ല പ്രവാസി കൂട്ടായ്മകളുണ്ട്. മികച്ച  സാംസ്കാരിക പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുന്നവരാണ് മിക്കവരും. ഇവർ ഒന്നിച്ചിരുന്ന് ആലോചിച്ചാൽ ഇവിടെ കഴിയുന്ന പ്രവാസികളുടെ ആശങ്കകൾക്ക് അൽപ്പമെങ്കിലും ആശ്വാസവും, പരിഹാരവും ലഭിക്കുമെന്നത് ഉറപ്പാണ്. 

ഗൾഫ് എന്ന നമ്മുടെ ഈ സ്വപ്ന ഭൂമിയിലെ എല്ലാ മേഖലകളും വളരെ അധികം മാറ്റങ്ങളിലൂടെ കടന്നുപോകുന്ന കാലമാണിതെന്നും, അതു കാരണം മുന്പത്തേത് പോലെ അമിതമായി ധാരാളിത്തം കാണിക്കേണ്ട ഒരവസരം ഇപ്പോൾ ഗൾഫ് പ്രവാസികൾക്കില്ലെന്നും തിരിച്ചറിയണം. ഇവിടെയുള്ള സർക്കാരുകളുടെ സാന്പത്തിക നയങ്ങൾ മാറി മാറി വരുന്പോൾ അതിനനുസരിച്ച് മാറാനും അവയെ പറ്റി അറിയാനും പ്രവാസികൾക്കും സാധിക്കണം. ഒഴുക്കിനെതിരെ നീന്തി പലവട്ടം വിജയിച്ചവരാണ് സ്വന്തം നാട്ടിൽ നിന്ന് പ്രിയപ്പെട്ടവരുടെ സന്തോഷം ലക്ഷ്യമാക്കി പ്രവാസ ലോകത്ത് എത്തിയവർ. അവർക്ക് ഈ കാലത്തെയും ധൈര്യത്തോടെ നേരിടാൻ സാധിക്കുമെന്ന് തന്നെയാണ് തോന്നുന്നത്. വേണ്ടത് വലിയ ആത്മവിശ്വാസവും, പരസ്പര സഹകരണവുമാണ്. ഒപ്പം മാറ്റങ്ങളെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യാനുള്ള വിശാലമായ ചിന്തയും. അങ്ങിനെയെങ്കിൽ മണലാരണ്യങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളിൽ മലയാളികളടക്കമുള്ള പ്രവാസികളുടെ കൈയൊപ്പും പതിവ് പോലെ പതിയുമെന്നത് ഉറപ്പ്!!

You might also like

Most Viewed