തു­ടരു­ന്ന മാ­നഹാ­നി­യും ധനനഷ്ടവും...


പ്രദീപ് പുറവങ്കര

കുറച്ച് കാലമായി നമ്മുടെ സിനിമാ താരങ്ങൾക്ക് കഷ്ടകാലമാണ്. തൊടുന്നതൊക്കെ പരാജയമാകുന്ന ഒരു അവസ്ഥ. വാരഫലക്കാരൻ പ്രവചിക്കുന്നത് പോലെ മാനഹാനിയും, ധനനഷ്ടവും കൂടപ്പിറപ്പ്.  ജനപ്രിയനായകന്റെ ജയിൽ വാസ ചരിതത്തിന് പിന്നാലെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ചില താരങ്ങളുടെ നികുതിവെട്ടിപ്പ് കേസുകളാണ്. കോടിയേരി ബാലകൃഷ്ണൻ കൂപ്പർ കാറിന് മുകളിൽ കയറിയത് വഴി കിട്ടിയ ഇരുട്ടടിയായി മാറുകയാണ് താരങ്ങൾക്ക് കിട്ടിയ ഈ ക്വട്ടേഷൻ. 

ഇന്ത്യൻ രാഷ്ട്രപതി മുതൽ ഒരു സാദാ പ്യൂണിന് വരെ ലഭിക്കുന്ന ശന്പളത്തെ പറ്റി അത്യാവശ്യം ധാരണയൊക്കെ പൊതുസമൂഹത്തിനുണ്ട്. എന്നാൽ സിനിമ വ്യവസായത്തിലെ താരങ്ങളുടെ പ്രതിഫലം മിക്കപ്പോഴും സാധാരണക്കാർക്ക് അറിയില്ല. അവർ ലക്ഷങ്ങളും, കോടികളുമാണ് പ്രതിഫലമായി വാങ്ങുന്നതെന്ന് മാത്രം നമുക്കറിയാം. നല്ല ഭക്ഷണം, പഞ്ചനക്ഷത്ര ജീവിത സൗകര്യം, നല്ല വാഹനങ്ങൾ എന്നിവ അതുകൊണ്ട് തന്നെ താരരാജാക്കൻമാർക്ക് ശീലമാകുന്ന കാര്യങ്ങളാണ്. ഇടയ്ക്ക് ഈ പണം അധികമായി എന്ന് തോന്നുന്പോൾ വല്ല പപ്പട കച്ചവടമോ, തുണി ബിസിനിസോ, ആശുപത്രി വികസനമോ ഒക്കെ നടത്തി കുറച്ച് പണം വെറുതെ കളയുന്നതും ഈ താരങ്ങളുടെ ഹോബിയാണ്. അതുകൊണ്ട് തന്നെ മുന്പൊരു സിനിമയിൽ പറഞ്ഞത് പോലെ ഒരു സൂപ്പർസ്റ്റാറിന് ഒരു മാസം തട്ടിയും മുട്ടിയും കഴിഞ്ഞു പോകാൻ കുറഞ്ഞത് കുറച്ച് കോടികളെങ്കിലും വേണം. അങ്ങിനെ കഷ്ടപ്പെട്ട് ജീവിക്കണമെങ്കിൽ നാട്ടിലെ എല്ലാ നിയമങ്ങളും മാനിച്ച് മുന്പോട്ട് പോകാൻ സാധിക്കില്ലെന്നും കഞ്ഞി കുടിച്ചു പോകാൻ വേണ്ടി അൽപ്പം നികുതിവെട്ടിപ്പൊക്കെ നടത്തേണ്ടി വരുമെന്നും അവർ പൊങ്ങച്ചമായി പറയുന്നു. അതുകൊണ്ടാണ് കോടികൾ മുടക്കി ആഢംബര കാറുകൾ സ്വന്തമാക്കുന്പോൾ അൽപ്പം ലക്ഷങ്ങൾ ലാഭിക്കാൻ‍ നികുതി വെട്ടിപ്പ് നടത്തുന്നതെന്ന ന്യായീകരണവും ഇവർക്കുണ്ടാകുന്നു. 

കേരളത്തിലെ ഉയർന്ന റോഡ് ടാക്‌സിൽ‍ നിന്നും രക്ഷപ്പെടാനാണത്രേ ഈ നികുതി വെട്ടിപ്പ്. എന്നാൽ ഈ ടാക്സ് വെട്ടിച്ചു കിട്ടുന്ന ലക്ഷങ്ങളും പോക്കറ്റിലിട്ട് ഇവരൊക്കെ ഓഡിയും, ബിഎംഡബ്ല്യുയും ഓടിച്ചു നടക്കുന്നത് കേരളത്തിലെ റോഡുകളിലാണെന്ന കാര്യം ഇവർ മറക്കുന്നു. ബുക്കും പേപ്പറും ഇല്ലാത്തതിന്റെ പേരിൽ ഇരുചക്രവവാഹനക്കാരെ വേട്ടയാടി പിടിക്കുന്ന പൊലീസിന്റെ മുന്നിലൂടെ തന്നെ പോലീസ് എസ്കോർട്ടോടെ ഇവർ സഞ്ചരിക്കുകയും ചെയ്യുന്നു. ഇത് ശുദ്ധ വഞ്ചനയാണ്. വഞ്ചിക്കുന്നത് അവരെ ആരാധിക്കുന്ന  ഒരു ജനതയെയുമാണ്. റോഡ് നികുതിയായും മറ്റും കിട്ടുന്ന പണമാണ് സർ‍ക്കാർ ജനങ്ങളുടെ പുരോഗതിക്ക് വിനിയോഗിക്കുന്നത്. ജിഎസ്ടിയും നോട്ട് നിരോധനവുമൊക്കെ നാടിന്റെ നന്മയ്ക്കാണെന്നു വിശ്വസിക്കുന്ന ജനപ്രതിനിധി കൂടിയായ നടനും ഈ ലിസ്റ്റിൽ ഉണ്ടെന്നത് തീർത്തും ലജ്ജാകരം. നിയമം ഉണ്ടാക്കുന്നവർ അത് തെറ്റിക്കുകയാണെങ്കിൽ ജനാധിപത്യത്തിന് ഇടിവ് സംഭവിക്കുന്നു. അവിടെ പണാധിപത്യത്തിന് മൂല്യമേറുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെ പാതി ജനങ്ങൾ ജീവിക്കുന്ന ഒരു രാജ്യത്ത് എല്ലാവിധ സൗകര്യങ്ങളോടും കഴിയുന്ന ഒരു വിഭാഗത്തിൽ‍പ്പെട്ടവർക്ക് പട്ടിണി കിടക്കുന്പോഴും നിമയവും നികുതിയും തെറ്റിക്കാതെ ജീവിക്കുന്നവന്റെ രാഷ്ട്രബോധം പോലും ഇല്ലെന്ന വാസ്തവത്തിന്റെ തെളിവുകളാണ് ഇത്തരം ഓരോ സംഭവങ്ങളും എന്ന് പറയാതെ വയ്യ!!!

You might also like

Most Viewed