ഗെ­യി­ലി­ന്റെ­ പു­കി­ലു­മാ­യി­ കേ­രളം...


പ്രദീപ് പുറവങ്കര

നമ്മുടെ നാടിന് പുതിയൊരു വിവാദം വീണുകിട്ടിയിരിക്കുകയാണല്ലോ. അതിന്റെ പേര് ഗെയ്ൽ പൈപ്പ് ലൈൻ എന്നതാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും പാചകവാതകം പൈപ്പ് വഴി നേരിട്ട് വെള്ളമൊക്കെ ലഭിക്കുന്നത് പോലെ എത്തിക്കാനുള്ള വലിയൊരു പദ്ധതിയാണിത് എന്നാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ അവകാശവാദം. അതേസമയം ഇതിനെ എതിർക്കുന്നവർക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. അത് നമ്മുടെ വീടുകളിൽ ഇന്നുപയോഗിക്കുന്നത് എൽപി ജി വാതകമാണെന്നും, ഗെയിൽ പൈപ്പ് ലൈനിലൂടെ എത്താൻ പോകുന്ന വാതകം എൽഎൻജിയാണെന്നതുമാണ്. ഈ വാതകം വീടുകളുമായി ബന്ധിപ്പിക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു. നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങളെയൊക്കെ എതിർത്ത് തോൽപ്പിക്കുന്നവരാണെന്ന് ഇവരെ പറ്റിയുള്ള പൊതുപരാതികൾ നിലനിൽക്കുന്പോൾ തന്നെ ആ ആശങ്കകളെ ദൂരിക്കരിക്കാനുള്ള വലിയ ശ്രമങ്ങളൊന്നും നടക്കുന്നില്ല എന്നതും ഒരു യാത്ഥാർത്ഥ്യമാണ്. പല വികസന പരിപാടികളിലും ഈ ഒരു ഒളിച്ചുകളി ഏതൊരു സർക്കാർ അധികാരത്തിൽ വരുന്പോഴും ഉണ്ടാകുന്നുണ്ട് എന്നതും നമ്മുടെ അനുഭവം. 

അതുകൊണ്ട് തന്നെ കർണ്ണാടകയിലെ മംഗലാപുരത്തുള്ള രാസതാപ വ്യവസയാത്തിന് വേണ്ടിയാണ് കേരളത്തിന്റെ അഞ്ഞൂറ് കിലോമീറ്ററോളം വരുന്ന ദൂരത്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഗെയിൽ പൈപ്പ് ലൈൻ വരുന്നത് എന്ന  പരാതി കേവലമൊരു ആരോപണമായി എഴുതിതള്ളാൻ സാധിക്കില്ല. കേരളത്തിന്റെ ജനവാസ മേഖലയിലൂടെ ഇത്തരമൊരു വാതക പൈപ്പ് ലൈൻ കൊണ്ടുപോകാൻ പാടില്ല എന്നത്  നിയമത്തിൽ പോലും എഴുതിവെച്ചിരിക്കുന്ന കാര്യമാണ്. അതിൽ പറഞ്ഞ ലിക്യുഫൈഡ് ഗ്യാസിനേക്കാൾ എത്രയോ മടങ്ങ് അപകടകരമായ ഹൈ പ്രഷർ ഗ്യാസാണ് ഇപ്പോൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. അത്രയും അപകടരമായ ഈ ഗ്യാസ് കൊണ്ടുപോവുന്നതിനുളള സുരക്ഷാമാനദണ്ധങ്ങൾ എന്തായിരിക്കുമെന്ന് പോലും  സർക്കാർ ജനങ്ങളോട് വ്യക്തമാക്കുന്നില്ല. പലരുടെയും മറുപടി അമേരിക്ക ഉൾപ്പടെയുള്ള എത്രയോ രാജ്യങ്ങളിൽ ഈ സംവിധാനം നന്നായി നടക്കുന്നുണ്ട് എന്നതാണ്. അതേസമയം ഇവിടങ്ങളിലെ സുരക്ഷ മാനദണ്ധങ്ങൾ കർക്കശമാണെന്നത് കൂടി നമ്മൾ അറിയേണ്ടതുണ്ട്. നിറവാതകവുമായി റോഡിലൂടെ കടന്നുപോകുന്ന വലിയ ട്രക്കുക്കളെ പോലും ഇന്നും ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കാത്ത  ഭരണകൂടമാണ് നമുക്കുള്ളത്. ഈ ഒരു സാഹചര്യമാണ് ജനങ്ങളിൽ ഭീതി പടർത്തുന്നത്. ഇത്തരമൊരു സംവിധാനം വരുന്പോൾ സ്ഥലം വിട്ടുകൊടുക്കുന്നവരുടെ വിഷയവും ശ്രദ്ധേയമാണ്. ഇവിടെ സർക്കാർ ആരുടെയും ഭൂമി ഏറ്റെടുക്കുന്നില്ല. പകരം അവരുടെ ഭൂമിയിലൂടെ പൈപ്പ് ഇടാനുള്ള അവകാശം മാത്രമേ ചോദിക്കുന്നുള്ളൂ. കേൾക്കുന്പോൾ ഒരു സുഖമുണ്ടെങ്കിലും വലിയ ഭൂമിയുള്ളവർക്ക് മാത്രമേ ഇതിനോട് യോജിക്കാൻ സാധിക്കൂ എന്നതാണ് സത്യം. അഞ്ചോ പത്തോ സെന്റ് സ്ഥലുമുള്ളവരുടെ ഭൂമിയ്ക്ക് അടിയിലൂടെ പൈപ്പ് ലൈൻ കടന്ന് പോയാൽ ആ പൈപ്പിലേയ്ക്ക് വേരുകൾ‍ എത്തുന്ന ഒരു മരവും നടാനോ കെട്ടിടം പണിയാനോ സ്ഥലമുടമയ്്ക്ക് സാധിക്കില്ല. ഇങ്ങിനെയുള്ള പ്രശ്നങ്ങൾക്ക് കൂടി യുക്തി ഭദ്രമായ ഒരുത്തരം സർക്കാർ കണ്ടെത്തേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ...

You might also like

Most Viewed