നാ­ടിന് വയസാ­കു­ന്പോൾ...


പ്രദീപ് പുറവങ്കര

പതിവ് പോലെ ഒരിക്കൽ കൂടി നമ്മുടെ ജന്മനാടിന്റെ പിറന്നാൾ ദിനാഘാഷത്തിന്റെ സന്തോഷത്തിലാണ് ലോകമലയാളികൾ. രാവിലെ മുതൽ ഫോണിന്റെ ഗാലറിയിൽ കുമിഞ്ഞുകൂടി കൊണ്ടിരിക്കുന്ന ആശംസസന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്ന തിരക്കിലായിരിക്കും ഈ വൈകുന്നേരം മിക്കവരും. ആശംസകൾ ഏറ്റവുമധികം പങ്ക് വെയ്ക്കപ്പെടുന്നത് നമ്മൾ പ്രവാസികളുടെ ഇടയിൽ തന്നെയാണ്. റോഡിലൂടെ കേരള മങ്കമാർ കഷ്ടപ്പെട്ട് ഉടുത്ത മുണ്ടും വേഷ്ടിയുമായി നടന്നുപോകുന്പോഴാണ് നാട്ടിലുള്ളവർ പോലും പലപ്പോഴും കേരള പിറവിയെ പറ്റി അറിയുന്നത്. നാട്ടിൽ നിന്ന് വിട്ടുപോയവർക്കാണ് നാടിനെ ഹൃദയസ്പന്ദനങ്ങളെ പറ്റി അറിയാൻ ഏറെ താത്പര്യം. അവർ ഇടയ്കിടെ പാരിജാതം തിരുമിഴി തുറന്നും, മാമലകൾക്കുപ്പറത്തുമൊക്കെ ഹൃദയത്തിലേറ്റി ചെമ്മീൻ സിനിമയിൽ പറഞ്‍ഞത് പോലെ ഈ മരുഭൂമിയിൽ പാടി പാടി നടക്കും. 

പടവലങ്ങ പോലെ ഭാരതത്തിന്റെ തെക്കെയറ്റത്ത് സഹ്യൻ്റെ മടിയിൽ തല വെച്ചുറങ്ങുന്ന കേരളത്തെ പറ്റി ഒരു മലയാളി എന്ന രീതിയിൽ എന്താണ് പറയേണ്ടത്. സ്വന്തം അമ്മയുടെ ഗുണഗണങ്ങൾ വിവരിക്കാൻ കൊച്ചുകുട്ടിയോട് പറയുന്നത് പോലെയുള്ള അനുഭവമാണത്. അതുകൊണ്ട് അതിന് മുതിരുന്നില്ല. പക്ഷെ അതേസമയം തൊട്ടുകൂടായ്മയിൽ നിന്നും അനാചാരങ്ങളിൽ നിന്നും ഏറെ പുരോഗമിച്ച ഒരു സമൂഹമാണ് നമ്മുടേത് എന്ന് അഭിമാനിക്കാമെങ്കിലും വേദനകൾ നൽകുന്ന കാര്യങ്ങളും ഏറെയുണ്ട്്. സാക്ഷരരാണെന്ന അഭിമാനത്തിന് മങ്ങലേൽപ്പിക്കുന്ന കാര്യങ്ങളും ദിനം പ്രതി നമ്മുടെ ഹൃദയത്തെ വേദനിപ്പിക്കുന്നു. 

വിദ്യ നമ്മെ പ്രബുദ്ധരാക്കും എന്നു പറഞ്ഞ മഹാത്മാവിന്റെ നാടാണ് നമ്മുടേത്. ഇതിൽ വിദ്യാഭ്യാസം എന്നത് തീർച്ചയായും അറിവ് നേടിതന്നിട്ടുണ്ടാകാം, എന്നാൽ തിരിച്ചറിവ് വളരെ കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നതല്ലെ യാത്ഥാർത്ഥ്യം. നിലവാരമില്ലാത്ത ചിന്തകൾ മലയാളിയുടെ മസ്തിഷ്കത്തിലേയ്ക്ക് കയറി കൊണ്ടിരിക്കുന്നു എന്നാണ് സമീപ കാലത്ത് ഉണ്ടായ പല സംഭവങ്ങളും ചൂണ്ടി കാണിക്കുന്നത്. മുന്പ് സ്വാമി വിവേകാനന്ദൻ കേരളത്തെ പറ്റി പറഞ്ഞത് ഇതൊരു ഭ്രാന്താലയാമാണെന്നായിരുന്നു. ഇന്ന് ഒരു നൂറ്റാണ്ടിനിപ്പുറത്ത് അതേ വിശേഷണത്തെ എടുത്തണിയാൻ പലരും ആഗ്രഹിക്കുന്നുണ്ട് എന്നും നമ്മൾ ഈ പിറന്നാൾ ദിനത്തിൽ തിരിച്ചറിയണം. 

ബന്ധങ്ങൾക്ക് വലിയ മാനം കൽപ്പിച്ചിരുന്ന സമൂഹമായിരുന്നു മലയാളികൾ. എന്നാൽ ഇന്ന് ബന്ധമുണ്ടാക്കുന്നത് തന്നെ എത്രയും വേഗം അത് പൊട്ടിച്ചെറിയാൻ ആണെന്ന രീതിയാണുള്ളത്. കേട്ടാലും കണ്ടാലും അറയ്ക്കുന്ന കുറ്റങ്ങൾ ചെയ്യാൻ മലയാളിക്ക് വലിയ മടിയില്ല. കൈയിൽ ഇത്തിരി കാശുണ്ടെങ്കിൽ കേസ് പറയാൻ പറ്റുന്ന ആയിരക്കണക്കിന് ആളൂർവക്കീലൻമാർ നമ്മുടെ ചുറ്റും ഇന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന ടാഗ് ലൈൻ മാറ്റി ഭ്രാന്തമാരുടെ സ്വന്തം നാടിലേയ്ക്ക് നമ്മൾ പതിയെ നടന്നു നീങ്ങുന്പോൾ ഒരു ദുസ്വപ്നം മനസിലേയ്ക്ക് കയറി വരുന്നു. കഥകളിയും, കായലും വള്ളംകളിയും മാറ്റിവെച്ച് വർഗീയതയുടെയും, അക്രമ രാഷ്ട്രീയത്തിന്റെയും, ലൈംഗിക ചൂഷണങ്ങളുടെയും കൊടും ഭ്രാന്ത് പിടിച്ച ഒരു സമൂഹത്തെ കാണുവാൻ നമ്മെ തേടിയെത്തുന്ന ടൂറിസ്്റ്റുകൾ ആ നശിച്ച സ്വപ്നത്തിൽ നിറയുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ആശംസകൾ നേരട്ടെ !!

You might also like

Most Viewed